കൂട്ടത്തിലൊരാളുടെ പിതാവ് വൃക്കകള്‍ നഷ്ടപ്പെട്ട് തുടര്‍ച്ചയായ ഡയാലിസിസിനും
മറ്റു ചികിത്സകള്ക്കുമായ്
പ്രയാസമനുഭവിക്കുന്നുണ്ടെന്നറിഞ്ഞ് സഹായ ഹസ്തവുമായി വാട്സ്ആപ് ഗ്രൂപ്പിലെ കൂട്ടുകാര്‍. നിര്‍ദ്ധനകുടുംബത്തിലെ ഏക ആശ്രയമാണ് സ്ഥിരമായൊരു ജോലിപോലുമില്ലാത്ത ആ സഹോദരനെന്നു മനസ്സിലാക്കിയാണ് ബ്രസീല്‍ ഫാന്‍സ് അരീക്കോട് വാട്സ്ആപ് കൂട്ടായ്മ ആ കുടുംബത്തെ തങ്ങളാലാവുംവിധം സഹായിക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചത്. പതിനായിരം രൂപയെങ്കിലും സമാഹരിച്ചേല്പ്പിക്കാനായിരുന്നു പദ്ധതി. അമ്പതില്‍താഴെ അംഗങ്ങള്‍ ആക്ടീവായുള്ള ഗ്രൂപ്പില്‍നിന്നും വെറും മൂന്നു ദിവസംകൊണ്ട് 34,500-രൂപയുടെ ഓഫറുകള്‍ ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിലേക്ക് ഒഴുകിയെത്തിയതായി ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് (11-12-2018) രാവിലെ സെക്രട്ടറി താജുദ്ധീന്‍ ഇബ്രാഹിം, ട്രഷറര്‍ അബു നിസില്‍, ജോ. സെക്രട്ടറി ഫെബിന് കെ.പി. ഗ്രൂപ്പംഗം മുബശിര്‍ എന്നിവരുടെ നേതൃത്വത്തില്‍ വേങ്ങരയുള്ള വീട് സന്ദര്‍ശിക്കുകയും സുഹൃത്തിന്റെ ഉമ്മാക്ക് സമാഹരിച്ചതുകയുടെ ചെക്ക് കൈമാറുകയും ചെയ്തുകൊണ്ട് തങ്ങളുടേത് കേവലം കളിഭ്രാന്ത് കൂട്ടായ്മയല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
"ജീവികാരുണ്യ പ്രവര്‍ത്തനരംഗത്ത് സാന്ത്വനമായി, സ്നേഹസ്പര്‍ശമായ് തുടര്‍ന്നും ഈ കൂട്ടായ്മയ്ക്ക് ഇടപെടാനാകുമെന്നാണ് കരുതുന്നതെന്ന്" ഗ്രൂപ്പിലെ സജീവ അംഗവും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സക്കീര്‍ മാനുപ്പ പറഞ്ഞു.
"സന്മനസ്സുള്ളൊരു കൂട്ടായ്മയുടെ ഭാഗമായിരിക്കുക എന്നത് മഹാഭാഗ്യമാണ്. ഈ കൂട്ടായ്മ അത്തരത്തിലൊന്നാണെന്ന് പല പ്രവര്‍ത്തനങ്ങളിലും അനുഭവപ്പെടുന്നു. സല്ക്കര്മ്മക്കുള്ള പിന്തുണ ഇനിയുമുണ്ടാകും" ബ്രസീല്‍ ഫാന്‍സ് അരീക്കോട് ഗ്ലോബല്വിംഗ് കണ്‍വീനര്‍ ഷമീല്‍ എന്‍.കെ യുടെ വാക്കുകളില്‍ പ്രവാസലോകത്തിന്റെ കാരുണ്യവും കരുതലുമുണ്ട്.