താഴത്തങ്ങാടി പൈതൃകമണല്പ്പുറത്ത്
ബാബു ഭായ് പാടുന്നു
| 18 Sep 2018 | AREEKODE |
ഗുജറാത്തിലെ അഹമ്മദാബാദില്‍ തെരുവ് ഗായകനായിരുന്നു ബാബു ഭായിയുടെ അച്ഛന്. പട്ടിണികിടന്ന് മരണത്തോടു തോല്ക്കാന് വിസമ്മതിച്ച് അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് തീവണ്ടി കയറി സംഗീതത്തെ ഏറെ സ്നേഹിക്കുന്നവരുടെ നാട് സൗത്തിന്ത്യയിലുണ്ടെന്നു കേട്ടറിഞ്ഞ് കോഴിക്കോടെത്തുന്നത്. 1960 കളിലായിരിക്കണം അത്. കോഴിക്കോടെത്തി അധികം താമസിയാതെ ബാബു ജനിക്കുന്നു. കുലതൊഴിലായ ഹാര്‍മോണിയം വായനയും പാട്ടും കോഴിക്കോടിന്റെ മുക്കിലും മൂലയിലും മലബാറിന്റെ മറ്റുള്പ്രദേശങ്ങളിലും തെരുവുകള്‍തോറും അവതരിപ്പിച്ചാണ് ഇക്കാലം വരെയും ബാബു കുടുംബം പോറ്റിയത്. തൊഴിലിനോടുള്ള അര്‍പ്പണമനോഭാവവും സത്യസന്ധതയും ബാബുവിനെ ജനങ്ങളുടെ പ്രിയപ്പെട്ട ബാബു ഭായിയാക്കി.
എന്നാല്‍ അടുത്തിടെ കോഴിക്കോട് സിറ്റി പോലീസ് അധികാരികളില്‍ നിന്നും ബാബു ഭായിക്കുണ്ടായ ദുരനുഭവം സംഗീതപ്രേമികളെയും മനുഷ്യസ്നേഹികളെയും ഒരുപോലെ വേദനിപ്പിച്ചു. മിഠായിതെരുവില്‍ ഇനിമേല്‍ പാടരുതെന്നായിരുന്നു പോലീസ് നല്കിയ അന്ത്യശാസനം. ഉടനെ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം അലയടിക്കുകയും സെപ്തംബര്‍ 17-ന് മിഠായിതെരുവിലെ കിഡ്സണ്‍ കോര്‍ണറില്‍ സര്‍ഗ്ഗാത്മക ബഹുജനപ്രതിഷേധത്തിനായി നൂറുകണക്കിനാളുകള്‍ ഒത്തുചേരുകയും ചെയ്തതോടെ പോലീസ് പത്തിമടക്കി.
ബാബു ഭായിയെ അന്വേഷിച്ചുള്ള ഓട്ടത്തിലാണിപ്പോള്‍ മാധ്യമപ്രവര്‍ത്തകരും സംഗാതപ്രേമികളും. കേട്ടറിഞ്ഞ് ഓരോരുത്തരും തങ്ങളുടെ നാട്ടിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നു. താഴത്തങ്ങാടി പൈതൃകമണല്പുറത്ത് ബാബു ഭായിയെ കൊണ്ടുവന്ന് പാടിപ്പിക്കണം എന്ന ആശയവും ആഗ്രഹവും പനങ്കുന്നന് ശരീഫാണ് മുന്നോട്ടുവെച്ചത്. അതേറ്റെടുക്കാന്‍ യുവധാര വായനശാല ഒട്ടും അമാന്തിക്കാതെ തയ്യാറാവുകയം ചെയ്തിരിക്കുന്നു. വരുന്ന ശനിയാഴ്ച വൈകീട്ട് കൃത്യം 4 മണിക്ക് ബാബു ഭായിയും കുടുംബവും താഴത്തങ്ങാടി പഞ്ചാരമണല്പ്പുറത്തെത്തും. ചാലിയാറിന്റെ ഓളങ്ങളെ സാക്ഷിനിര്‍ത്തി ഏറനാടന്‍ കാറ്റിന്റെ ഈണത്തില്‍ ലയിച്ച് ബാബു ഭായിയും കുടുംബവും പാടും. സംഗീതത്തോടുള്ള മുഹബ്ബത്തിന്റെ മറന്നുവെച്ച ഹാര്‍മോണിയപ്പെട്ടി അരീക്കോട്ടുകാര്‍ തിരിച്ചുപിടിക്കുകയാണ് ഈ ചരിത്രനിമിഷത്തില്‍ പങ്കാളികളാവാന്‍ മുഴുവനാളുകളും സുഹൃത്തുക്കളോടൊപ്പം നേരത്തെ വരണം. മാഫിയകള്‍ക്കും, മണല്കള്ളന്മാര്ക്കും ചാലിയാളിനെ നശിപ്പിക്കാന്‍ വിട്ടുകൊടുക്കരുതെന്നാഗ്രഹിക്കുന്ന മുഴുവനാളുകളും കുടുംബസമ്മേതം വരണം,
പുഴയും മാടും സംരക്ഷിക്കണം നമുക്കൊന്നിച്ചു നില്ക്കാം...