ചാലിയാര്‍ തൊട്ടുരുമ്മിയൊഴുകുന്ന അരീക്കോട് താഴത്തങ്ങാടി ഭാഗത്തും പ്രളയപൂര്വ്വ സ്ഥിതിയല്ല പ്രളയാനന്തരം കാണപ്പെടുന്നത്. പഴമക്കാര്‍ക്കും ഇളമക്കാര്ക്കും പുതമയും കൗതുകവുമായി പഴയ മാട് മാറിയിട്ടുണ്ട്. ജലവിതാനം (വാട്ടര്‍ ലവല്‍) പ്രത്യക്ഷത്തില്‍ തന്നെ താഴ്ന്നുപോയി. കാല് നൂറ്റാണ്ടിനപ്പുറമുള്ള കാഴ്ചയെ ഓര്‍മ്മിപ്പിക്കും വിധം മണല്‍ വന്നടിഞ്ഞ് തീരം (മാട്) സുന്ദരിയായിട്ടുണ്ട്. ഇന്നലൈ വൈകുന്നേരം താഴത്തങ്ങാടിയില്‍ സ്വറ പറഞ്ഞിരിക്കുമ്പോള്‍ കാക്കയാണ് (ഏം.ടി. അബ്ദുറഹിം) മാട്ട്മ്മലൊന്ന് പോയിനോക്കാം എന്ന് പറഞ്ഞത്, കുഞ്ഞാപ്പുട്ടിയും (മിസ്അബ് തോട്ടോളി) അതുതന്നെ പറയാനിരുന്നതുപോലെ. അവിടെ ചെന്നപ്പോള്‍, കടവത്ത് ബിച്ചിമാന്റെ കുട്ടി അവന് പിടിച്ച മീനിനെ ചൂണ്ടയില്‍ നിന്നും വേര്‍പെടുത്താനുള്ള ശ്രമത്തിലാണ്. കാക്ക അത് വാങ്ങി ഒരു പഴയ മീന്‍പിടുത്തക്കാരന്റെ കരവിരുതോടെ ചൂണ്ടയില്‍ നിന്നും സിലോപ്പി എന്നു വിളിപ്പേരുള്ള കരിമീനിനെപ്പോലിരിക്കുന്ന ആ മീനിനെ ചൂണ്ടയില്‍ നിന്നും വേര്‍പെടുത്തിക്കൊടുത്ത് കുട്ടിയോട് പയുന്നത് കേട്ടു, "ഇഞ്ചായിട്ട് ഐനെ കൊല്ലണ്ട, ഐന്റെ സമയാകുമ്പം ചത്തോളും".
പല പ്രായത്തിലുള്ള കുട്ടികള്‍ മണല്‍തിട്ടയെ മൈതാനമാക്കി ആര്‍ത്തുല്ലസിച്ച് കളിക്കുന്നു. ഒരുവശത്ത് പള്ളചാടിയവരുടെ ഫുട്ബോള്‍ നടക്കുന്നുണ്ട്. തയ്യില്‍ മുസ്തഫാക്ക സ്വന്തം തോണിയും വലയുമായി പുഴയിലുണ്ട്. അടക്കത്തിലും ഒതുക്കത്തിലും തൂവെള്ള വസ്ത്രധാരികളായ മജ്മഅ് വിദ്യാര്‍ത്ഥികള്‍ ഒരുമൂലയില്‍ നല്ലവര്ത്താനം പറഞ്ഞിരിക്കുന്നുണ്ട്. തൊട്ടടുത്ത വീടുകളിലുള്ള ചില പെണ്ണുങ്ങളും അടുക്കളയില്‍ നിന്നും കരയരങ്ങിലുണ്ട്. സീയോമൂവീസിലെ പാട്ടും, സുലൈമാനി കിട്ടുമായിരുന്ന മക്കാനിയുമൊഴിച്ചാല് ഭൂതകാലത്തെ ഒരു മിനിയേച്ചര്‍ വൈകുന്നേരം എന്നു പറയാം...
ഈ മാട് ഇനി നഷ്ടപ്പെടുത്തിക്കൂടാ, പരിസരം വൃത്തിയാക്കേണ്ടതിന്റെയും, ഈ സൗകര്യം സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചുമായി കാക്കാന്റെ സംസാരം മുഴുവന്‍. ടി.കെ ഹംസ മഞ്ചേരി മണ്ഡലത്തില്‍ ജയിച്ച അന്നുപോലും ഇത്ര ആഹ്ലാദവാനായി കാക്കാനെ ഞാന്‍ കണ്ടിട്ടില്ല. താഴത്തങ്ങാടി യുവധാര വായനശായലുടെ പ്രസിഡന്റ് റിഷാബുദ്ധീനും മക്കളുമായി വന്നു. നിമിത്തമെന്നു പറയട്ടെ അതാ വരുന്നു വൈ.എം.എ പ്രസിഡന്റും സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായ എം.ടി മുസ്ഥഫാക്ക, താഴത്തങ്ങാടി മുന്‍ ബ്രാഞ്ച് സെക്രട്ടറി വൈ.പി റഹ്മത്ത്, പ്രവാസികളായ കരുവാട്ട് കുഞ്ഞി, നാലകത്ത് ശൗക്കാക്ക, എം.സി റഹ്മത്ത്, സുനില്‍ നടുത്തൊടി, നൗഷാദ് കളരിക്കല്‍, സുനില്‍ പി.ടി എന്നിവും. എല്ലാവര്ക്കും ഒരേ അഭിപ്രായം. ചാലിയാറും അതിന്റെ ഇരുകരകളും സംരക്ഷിക്കപ്പെടണം. ഇനി മണലെടുപ്പ് അനുവദിച്ചുകൂടാ. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അഭിപ്രായങ്ങളുമായി.
അങ്ങിനെയാണ് ചാലിയാര്‍ സംരക്ഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത ഞായറാഴ്ച വൈകീട്ട് മുഴുവന്‍ നാട്ടുകാരെയും ഇവിടെ എത്തിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനമായത്. ഇതില്‍ മറ്റ് യാതൊരു പരിഗണനകളുമില്ല ചാലിയാറിനെ സ്നേഹിക്കുന്ന ആര്‍ക്കും പങ്കാളികളാവാം. എല്ലാവരും സുഹൃത്തുക്കളോടൊപ്പം വരണം.
പുഴയും മാടും സംരക്ഷിക്കണം നമുക്കൊരുമിച്ചു നില്ക്കാം...