കൊടുംവനത്തിൽ ജീവനോപാധിതേടി പൂവ്വത്തി അഹമ്മദ് കുട്ടി
2023 ഡിസംബർ 7
കൊടും വനത്തിൽ കയറി നീളംകൂടിയതും മുന്തിയയിനത്തിൽ പെട്ടതുമായ മുള കണ്ടെത്തി നാട്ടിലെത്തിച്ച് തോണികുത്താനുള്ള കഴുക്കോൽ നിർമ്മിച്ചു വിറ്റ് ജീവനോപാധി കണ്ടെത്തിയിരുന്ന അരീക്കോട്ടെ പ്രമുഖനാണ് പൂവ്വത്തി അഹമ്മദ് കുട്ടി. ആനയുടെ ചൂരും പിണ്ഡസാന്നിധ്യവുമില്ലാത്ത പ്രദേശം ഉറപ്പുവരുത്തിമാത്രമേ കാട്ടിനുള്ളിൽ പ്രവേശിക്കാൻ പറ്റൂ. ആനമാത്രമല്ല പാമ്പുകളും കാട്ടിലെ പ്രധാന പ്രശ്നക്കാരാണ്. വലിയ വിഷമുള്ളവയൊന്നും കടിച്ചിട്ടില്ല കുറഞ്ഞതരം ചുരുട്ട രണ്ടുതവണ എന്നെ കടിച്ചിട്ടുണ്ട്. കാട്ടിൽ മുത്തൻമാരുണ്ടാവും. അന്നൊക്കെ നമ്മളെ കണ്ടാൽ അവർ അപ്രത്യക്ഷമാകുന്നത് പോലും അറിയില്ല. അവർ താമസിക്കുന്ന കുടിലിന്റെ ഭാഗത്തേക്ക് നമ്മളെങ്ങാൻ പ്രവേശിച്ചാൽ പിന്നെ അവിടെ തീകൊടുത്ത് കുടില് പൊളിച്ച് അവർ കിട്ടിയതും കൊണ്ട് വേറെ സ്ഥലത്തേക്ക് നീങ്ങും. അവർ നമ്മുടെ നാട്ടിൽ വന്ന് മടങ്ങിയാൽ തിരിച്ച് അവരുടെ പ്രദേശത്തേക്ക് കുളിച്ചേ പ്രവേശിക്കൂ. ഒരുതരം അയിത്താചരണം തന്നെയാണിത്. ആ കാട്ടിലാണ് അരനൂറ്റാണ്ടിലേറെ അഹമ്മദ് കുട്ട്യാക്ക ജീവനോപാധി തേടിയലഞ്ഞത്.
ഫോറസ്റ്റർമാരുടെ കണ്ണുുവെട്ടിച്ചുവേണം മുളയുമായി മടങ്ങാൻ. ചിലർ കണ്ടാലും കാണാത്തപോലെ നടിക്കും. വയറ്റിൽപിഴപ്പിനുള്ള മൂന്നോ നാലോ മുളയല്ലേ എന്നു കരുതി കണ്ടില്ലെന്നു നടിക്കുന്നവരും ഉണ്ടായിരുന്നു. ചിലർക്ക് കൈക്കൂലിയും കൊടുക്കേണ്ടിവന്നിട്ടുണ്ട്. പിടിക്കപ്പെട്ടാൽ കേസാവും. അങ്ങനെ ഒന്നുരണ്ടുതവണ കേസും കൂട്ടവും ആയിട്ടുണ്ട്. ഇങ്ങനെ നാട്ടിലെത്തിക്കുന്ന മുള തീയിൽ കാണിച്ച് വളവുകളൊക്കെ നേരെയാക്കിയെടുക്കും. പച്ചമുള ചുടുക എന്നാണ് ഇതിനു പറയുക. ഉറപ്പിനും ഇതു നല്ലതാണ്. സാധാരണ കഴുക്കോലിന്റെ അളവ് പത്തുകോലാണ്. പന്ത്രണ്ടു മുതൽ പതിമൂന്നു കോൽ വരെ നീളമുള്ളതിന് കൂടുതൽ വിലകിട്ടും, ആവശ്യക്കാരുമുണ്ടാകും. കഴുക്കോലിന്. അരനൂറ്റാണ്ടിലേറെ ഈ ജോലി ചെയ്ത അനുഭവമുണ്ട്. 250 രൂപമുതൽ 750 രൂപവരെ കഴുക്കോലിന് ഗുണവും നീളവും അനുസരിച്ച് വില കിട്ടിയിരുന്നു. എല്ലാ മുളയും ഈ ആവശ്യത്തിന് പറ്റില്ല. മുന്തിയയിനം കുറത്തിമുളകൾ തന്നെ വേണം. നമ്മുടെ പ്രദേശത്ത് ഓടക്കയം കാട്ടിലാണ് ഇതുള്ളത്.
അരീക്കോട്ടെ അസംഘടിത വനവിഭവസമാഹരണ തൊഴിൽ മേഖലയിൽ ദീർഘകാലം പണിയെടുത്ത പാരമ്പര്യവുമായി എൺപത്തിയേഴിലെത്തിനിൽക്കുന്നു അരീക്കോട്ടെ ഈ കാരണവർ. അടുത്തിടെ പത്തനാപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടത്തിൽ മരണമടഞ്ഞ മൊയ്തീനും ഞാനുമൊക്കെ ഒരുമിച്ചു പണിയെടുത്തവരാണ്. നാട്ടിൽ പുഴമ്പണിയും ബീഡിതെരപ്പും മാത്രം ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും നാട് വികസിച്ചുവന്നതിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പൂവ്വത്തി അഹമ്മദ് കുട്ട്യാക്കാനെപ്പോലുള്ളവരോടൊപ്പം അല്പം സമയം ചിലവഴിക്കാൻ സാധിക്കുക ഏറെ രസകരവും വിജ്ഞാനപ്രദവുമാണ്. ഇതിലേക്ക് എരിവും പുളിയും ചേർക്കാൻ പാലാടൻ അബോക്ക, നടുത്തൊടി കബീറാക്ക, മിസ്ഹബ് തോട്ടോളി, ഫൈസൽ പി.പി. മുതലാവർ കൂടി ഉണ്ടായി എന്നതാണ് ഇന്നത്തെ അങ്ങാടിസ്വറയുടെ ഇരട്ടിമധുരം. സംസാരത്തിനിടയിൽ പുട്ടുകുറ്റിയുടെ മുള ഇതാണോ എന്ന കബീറാക്കാന്റെ ചോദ്യത്തിന് ഉടൻ വന്നു, "അല്ല അത് കയലപ്പൊടിയുടേതാണ്" സംശയത്തിനു പോലും കാത്തുനിൽക്കാത്ത മറുപടി.