ഇന്ന് പൈതൃക മണല്പ്പുറത്തെത്തിയത് ആയിരങ്ങള്‍
| 16 Sep 2018 | AREEKODE |
അരീക്കോട്, താഴത്തങ്ങാടിയില്‍ പുതുതായി വിരുന്നെത്തിയ പൈതൃക മണല്പുറത്ത് ചാലിയാറിന്റെ ഓളങ്ങളെ തഴുകിയെത്തുന്ന കുളിര്ക്കാറ്റേറ്റ് സൊറപറഞ്ഞിരിക്കാനും, കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കാനും, സൗഹൃദം പങ്കുവെയ്ക്കാനും, ഒന്നു മുങ്ങിനിവരാനുമായ് ഒഴുകിയെത്തിയത് ആയിരങ്ങള്‍...
ജാതിയും മതവും മറ്റു സൈദ്ധാന്തിക പരിഗണനകളും മനുഷ്യസ്നേഹമെന്ന ഒറ്റവികാരത്തില്‍ അലിഞ്ഞില്ലാതാകുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ സത്യത്തില്‍ ആസ്വദിക്കുകയാണ് അരീക്കോട്ടുകാര്‍. ഇവിടെയെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയുമൊരുക്കാന്‍ താഴത്തങ്ങാടിയുടെ തണല്‍മരം എന്നു വിശേഷിപ്പിക്കുന്ന എം.ടി അബ്ദറഹിം (കാക്ക) നേതൃത്വത്തില്‍ "യുവധാര" വായനശാല പ്രവര്‍ത്തകര്‍ സദാ കര്‍മ്മനിരതരായുണ്ട്. അവധി ദിനമായ ഇന്ന് വന്‍ ജനക്കൂട്ടം ഇവിടെയെത്തുമെന്ന പ്രതീക്ഷയില്‍ അതിരാവിലെ മുതല്‍ പുഴയിലേക്കുള്ള കടവുകളും മറ്റും അവര്‍ വൃത്തിയാക്കി. കൊച്ചിന് ബിനാലയെ ഓര്‍മ്മിപ്പിക്കും വിധം പഴയൊരു തോണി പകുതി വെള്ളത്തിലും പകുതി കരയിലുമായി സ്ഥാപിച്ച് സെല്‍ഫി സ്പോട് എന്ന പേരില്‍ ഒരു കൗതുകക്കാഴ്ചയൊരുക്കിയിട്ടുണ്ട്.
മീഡിയയും ഈ മണല്‍ തീരത്തേക്ക് വന്നു തുടങ്ങി. "ന്യൂസ്-18 കേരള" രാവിലെ ഇവിടെയെത്തി വാര്‍ത്തയില്‍ പ്രാധാന്യത്തോടെ തന്നെ സ്റ്റോറി നല്കുകയുണ്ടായി. ജനങ്ങളില്‍നിന്നും വന്‍ പ്രതികരണമാണ് പുഴസംരക്ഷണത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. പൗരപ്രമുഖനായ ചീമാടന്‍ മുസ്തഫ ഫേസ് ബുക്കിലിട്ട അഭിപ്രായം ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായി, "താഴത്തങ്ങാടിയെ കൂഫ എന്നു പറഞ്ഞു പരിഹസിച്ചവര്‍ ഇന്നു താഴത്തങ്ങാടിയുടെ മദ്ഹ് പറയുന്നു. അന്നും ഇന്നും താഴത്തങ്ങാടിയെ നെഞ്ചോടു ചേര്‍ത്ത് ഞാന്‍ കൂടെയുണ്ട്. താഴത്തങ്ങാടിക്കു പകരം വെയ്ക്കാന്‍ താഴത്തങ്ങാടി മാത്രം." അദ്ദേഹം എഴുതി. എം.പി.ബി യിലെ അമീന്റെ വാക്കുകള്‍ ഇങ്ങനെ, "താഴത്തങ്ങാടിക്കാര്‍ എന്നും പത്തരമാറ്റ് തങ്കങ്ങളാണ്... മറ്റുള്ളവരെപ്പോലെ പകല്‍ മാന്യന്മാര് ചമയുന്നവരല്ല... എന്റെ ചങ്ക് ബ്രോസ്...ടിം താഴത്തങ്ങാടിയെ അഭിനന്ദിക്കുന്നു."
വൈകീട്ട് യുവധാരയുടെ നേതൃത്വത്തില്‍ കലമുടയ്ക്കല്‍ മത്സരം സംഘടിപ്പിച്ചു. വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ആദ്യം കലമുടച്ച് ഷഫീഖ് മൊക്കത്ത് ശ്രദ്ദേയനായി. വരും ദിവസങ്ങളിലും വിവിധ പരിപാടികള്‍ ആസുത്രണം ചെയ്തുവരുന്നതായി യുവധാരയുടെ പുതുതായി ചുമതലയേറ്റ പ്രസിഡന്റ് മിസ്ഹബ് തോട്ടോളി പറഞ്ഞു.
ആദ്യം താഴത്തങ്ങാടിക്കാരും ഇപ്പോള്‍ അരീക്കോട്ടുകാരും നാളെ കേരളവും ഈ സദുദ്യമത്തെ പിന്തുണയ്ക്കുമെന്നുറപ്പ്. പുഴ സംരക്ഷണത്തിന്റെ ഈ പുത്തന്‍ മാതൃകയുടെ അലയൊലികള്‍ ഏറ്റെടുക്കാനുള്ള ആലോചനയിലാണ് തൊട്ടടുത്തുള്ള പ്രദേശങ്ങളിലെ മനുഷ്യ സ്നേഹികള്‍. പ്രകൃതിയെ തീരെ അവഗണിച്ച് ഇനിയും മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവില്‍ തന്നെയാണ് എല്ലാവരും. ഈ സംരഭത്തില്‍ തങ്ങളാലാവും വിധം എല്ലാവരും കൈകോര്‍ക്കൂ...
പുഴയും മാടും സംരക്ഷിക്കണം നമുക്കൊരുമിച്ചു നില്ക്കാം...
സമീര്‍ കാവാഡ്