ചാലിയാര്‍ സംരക്ഷണം: താഴത്തങ്ങാടി മണല്‍പ്പുറത്ത് അപൂര്‍വ്വ അരീക്കോടന്‍ കൂട്ടായ്മ
|9 Sep 2018 | Areecode |
അരീക്കോട്: കുട്ടികളും സ്ത്രീകളും കാരണവന്മാരുമടക്കം മറ്റെല്ലാം മറന്ന് ഒത്തുചര്ന്നപ്പോള് അരീക്കോട് പള്ളിക്കടവ് മുതല്‍ പാലംവരെയുള്ള ചാലിയാറിന്റെ തീരം മണിക്കൂറുകള്‍ക്കകം വൃത്തിയായി. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരാശയം നാട്ടുകാരില്‍നിന്നും ഉയര്‍ന്നു വന്നതും 'യുവധാര' വായനശാലയും, വൈ.എം.എയും അതിന്റെ നേതൃത്വം ഏറ്റെടുത്തതും. സോഷ്യല്‍ മീഡിയയിലൂടെ നടന്ന എളിയ പ്രചരണം വന്‍തോതില്‍ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു ഈ സദുദ്വമത്തിലേക്കൊഴുകിയെത്തിയ ബഹുജനപങ്കാളിത്തം.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പ്രദേശത്തുനിന്നും മണല്‍ വാരുന്നില്ല. ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുകയാണ് ഇവിടത്തെ പരമ്പരാഗത മണല്‍ തൊഴിലാളികള്‍. അവരായിരുന്നു ചാലിയാര്‍ തീരത്തെ സംരക്ഷിക്കാനുള്ള യത്നത്തില്‍ മുന്‍പന്തിയില്‍ നിന്നത്. ഇവിടെ നിന്നും അനധികൃത മണലെടുക്കില്ല എന്ന അവരുടെ ദൃഢനിശ്ചയം തന്നെയാണ് ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടത്. മറ്റു കടവുകളിലും മാതൃകയാക്കേണ്ടതും അല്ലാത്തപക്ഷം ജനജാഗ്രത ആവശ്യമുള്ളതുമായ ഒരു കാര്യമാണിത്. മണല്‍ തൊഴിലാളികളെെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തിലും ജോലിനല്‍കാന്‍ സാധ്യതകളുള്ള വ്യക്തികള്‍ ആ തരത്തിലും ഇടപെടലുകളും നടത്തേണ്ടതാണ്.
ചാലിയാറിനെ സംരംക്ഷിക്കുക, മാലിന്യമുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടന്ന ശുചീകരണ പ്രവര്‍ത്തിയില്‍ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമായി. അവിചാരിതമായ അതിഥികളായി ഫൈസല്‍ എളേറ്റില്‍, ബാപ്പു വെള്ളിപ്പറമ്പ്, നൗഷാദ് അരീക്കോട് എന്നിവരുമുണ്ടായിരുന്നു. ചാലിയാറിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, അനധികൃത മണലെടുപ്പ് തടയാന്‍ പോലീസ് സംവിധാനം ശക്തമാക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.ഐ (എം) ഏരിയാ സെക്രട്ടറി കെ. ഭാസ്കരന് അഭിപ്രായപ്പെട്ടു. വൈ.എം.എ സെക്രട്ടറി എം.ടി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പി.പി. ജാഫര്‍, കെ. ഷഫീക്കലി, കെ.സി. റഹിം, ഡോ. ലുക്മാന് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ രതീഷ് സ്വാഗതവും, റിഷബുദ്ദീന് എം. ടി നന്ദിയും പറഞ്ഞു. മജ്മഅ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ശ്രദ്ധയമായിരുന്നു.
വര്‍ഷത്തിലൊരിക്കല്‍ ഇത്തരത്തില്‍ തറവാട് വാലും, മത-രാഷ്ട്രീയ ടാഗുമില്ലാതെ ചാലിയാറിനെ സംരക്ഷിക്കാന്‍ അരീക്കോട്ടുകാര്‍ ഒത്തുകൂടുന്ന തലമുറകളുടെ കുടുംബസംഗമം എന്ന ആശയത്തെക്കുറിച്ച് ആലോചിക്കുന്നതായി പരിപാടിയുടെ മുഖ്യ ആസൂത്രകന്‍ റിഷാബുദ്ധീന്‍ പറഞ്ഞു.
പരിപാടിക്ക് ശേഷം പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വന്‍ ജനാവലി പങ്കെടുത്ത മഹരിബ് നമസ്കാരത്തിന് ഡോ. കെ. മുഹമ്മദ് ഇസ്മായില്‍ നേതൃത്വം നല്കി. പണ്ട് കാലത്ത് അരീക്കോടിന്റെ മുഖ്യ വ്യവഹാര കേന്ദ്രമായിരുന്ന ഈ മാട് പൈതൃക മണല്തീരമായി സംരക്ഷിക്കണമെന്ന ശക്തമായ ആവശ്യം ജനങ്ങളുടെ ഭാഗത്തു നിന്നും ഉയര്‍ന്നിട്ടുണ്ട്.
പരിപാടിക്ക് എം.ടി അബ്ദുറഹിം, വൈ.പി റഹ്മത്ത്, ഫിറോസ് പന്തക്കലകത്ത്, അബു നിസില്‍, മിസ്ഹബ് തോട്ടോളി, ജംഷിദ് നടുത്തൊടി, അസ്ക്കര്‍ പി.പി, നൗഷാദ് പി.പി, സുനില്‍ പി.ടി, സുനില്‍ നടുത്തൊടി ഫാസില്‍ എന്‍.ടി തുടങ്ങി ഓരോ താഴത്തങ്ങാടിക്കാരനും സ്വയം നേതൃത്വമായി മാറി. ചാലിയാറിനെയും തീരത്തെയും സംരക്ഷിക്കാന്‍ ഇത്തരം ജനകീയ കൂട്ടായ്മകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ചാലിയാറിന്റെ വിവിധ കടവുകളിലെ അനധികൃത മണല്‍ കക്കല് നിര്‍ത്തലാക്കാന്‍ ഈ കൂട്ടായ്മയുടെ തുടര്‍ച്ചകള്‍ അനിവാര്യമാണ്. വരും ദിവസങ്ങളില്‍ അതുണ്ടാകുമെന്ന് നമുക്ക് ശുഭപ്രതീക്ഷ പുലര്‍ത്താം. ചാലിയാറിനെ സ്നേഹിച്ച് മണലും മനസ്സും ആര്ദ്രമാക്കിയാണ് ഇവിടെയെത്തിയ ഓരോരുത്തരും തിരിച്ചു കയറിപ്പോയത്. ചാലിയാറിനെ സംരക്ഷിക്കാന്‍ നമുക്കൊരുമിച്ച് നില്ക്കാം...