ഫാസിസത്തിന്റെ തൊലിയുരിക്കുന്നു: കെ.ഇ.എന്നിന്റെ പുതിയ പുസ്തകം.
2019 December 15
മലയാളത്തിലെ ഏറ്റവും ശക്തമായ ഫാസിസ്റ്റുവിരുദ്ധ പ്രബന്ധങ്ങളുടെ സമാഹാരം പുറത്തിറങ്ങി. 'സീത ജയ്ശ്രീറാം വിളിച്ചിട്ടില്ല' എന്ന തലക്കെട്ടില്‍ കെ.ഇ.എന്‍ രചിച്ച് 'പ്രണത' ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തില്‍ ജാതിമേല്ക്കോയ്മയിലധിഷ്ഠിതമായ ഇന്ത്യന്‍ ഫാസിസത്തെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇഴകീറി പരിശോധിക്കുന്ന ഇരുപത്തൊന്ന് ലേഖനങ്ങളും ആര്.കെ.ബിജൂരാജ് ചെയ്ത അഭിമുഖവുമാണുള്ളത്. നാലുപതിറ്റാണ്ടിലേറെയായി മലയാളത്തിന്റെ ധൈഷണിക മണ്ഡലത്തില്‍ ഇടപെടുകയും അതിനെ നിര്‍വ്വചിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തുകൊണ്ടിരിക്കുന്ന കെ.ഇ.എന്‍ ബാബരിമസ്ജിദ് ദ്വംസനം, ഗുജറാത്ത് കലാപം തുടങ്ങിയ ആപല്‍ഘട്ടങ്ങളിലും തുടര്‍ന്നും ഇരകളുടെ നിലവിളികളികളെ സാംസ്കാരികലോകത്തിന് കൃത്യമായി പരാവര്‍ത്തനം ചെയ്യുന്നതില്‍ സൂക്ഷ്മാലുവും വിശ്രമമില്ലാതെ വ്യാപൃതനുമാണ്. അധ്യാപകന്, സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, സാംസ്കാരിക വിമര്ശകന്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിരവധി മേഖലകളില്‍ നമ്മോട് സംവദിച്ചുകൊണ്ടിരിക്കുന്നു.
1990കളുടെ തുടക്കത്തില്‍ "കെ.എസ് ഹരിഹരനുമൊത്തെഴുതി സീതാറാം യെച്ചൂരിയുടെ ആമുഖത്തോടെ പ്രസിദ്ധീകരിച്ച 'ഹിന്ദുത്വത്തിന്റെ രാഷ്ട്ട്രീയ പരിണാമം' എന്ന പുസ്തകത്തില്‍ പറഞ്ഞതെല്ലാം ഒന്നൊഴിയാതെ പ്രസക്തമാണെന്ന്, അന്ന് ചെറിയ സംശയങ്ങള്‍ പങ്കുവെച്ച സുഹൃത്തുക്കള്‍പോലും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്" എന്ന് അക്കാലത്തെ വിമര്‍ശകരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സീത ജയ്ശ്രീരാം വിളിച്ചിട്ടില്ല എന്ന തന്റെ പുതിയപുസ്തകം കെ.ഇ.എന്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. "സാംസ്കാരികമായി ശക്തിപ്പെടുമ്പോഴും രാഷ്ട്രീയമായി ഹിന്ദുത്വയുടെ വളര്‍ച്ചയെ പ്രതിരോധിക്കാനാവും എന്ന പ്രതീക്ഷയിലായിരുന്നു ആ ഗ്രന്ഥം രചിച്ചതെന്നും എന്നാല്‍ 2002ലെ ഗുജ്റാത്ത് കലാപത്തോടെ ആ പ്രതീക്ഷയും തകരുന്ന കാഴ്ചയാണുണ്ടായത്. അതിനോടുള്ള പ്രതികരണമെന്ന നിലയിലെഴുതിയ ഇരകളുടെ മാനിഫെസ്റ്റോ ഏതര്‍ത്ഥത്തിലും നവഫാസിസത്തിനെതിരെയുള്ളൊരു സമരോത്സുക പ്രതിരോധമായിരുന്നു. എന്നാലതിന് നേരത്തെ എഴുതിയ പുസ്തകത്തെക്കാളേറെ രൂക്ഷമായ വിമര്‍ശനം സെക്കുലര്‍ കാഴ്ചപ്പാട് പുലര്‍ത്തുന്ന സുഹൃത്തുക്കളില്നിന്നുവരെയുണ്ടായി" എന്ന കെ.ഇ.എന്റെ ആശങ്കപ്പെടല്‍ ഹിന്ദുത്വഫാസിസത്തെ ചെറുക്കുന്നതില്‍ മലയാളി സെക്കുലറിസ്റ്റുകള്ക്കടക്കം സംഭവിച്ച ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന സെക്കുലര്‍ വഴുക്കലിനു നേരെയുള്ള വിരല്‍ചൂണ്ടലാണ്.
'ഇരകളുടെ മാനിഫെസ്റ്റോ'യില്‍ ഭയപ്പെട്ടതുപോലെ ഇന്ത്യനവസ്ഥ കൂടുതല്‍ കലുഷമാവുകയാണുണ്ടായതെന്ന് കെ.ഇ.എന്‍. പശുവിന്റെ പേരില്‍ മുസ്ലിം ദലിത് മതരഹിത വിഭാഗത്തില്‍പെട്ട മനുഷ്യരെ ആക്രമിച്ചുകൊല്ലുന്ന ആള്ക്കൂട്ടാസൂത്രിതവധങ്ങളും അതുല്‍പ്പാദിപ്പിക്കുന്ന ഭീതിയും ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയതിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. നവഫാസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെയുള്ള ഒരു സാംസ്കാരിക പ്രതിരോധം എന്നര്‍ത്ഥത്തില്‍ ഊ പുസ്തകവും നേരത്തെ എഴുതിയ പുസ്തകങ്ങളുടെ തുടര്‍ച്ചയാണെന്നും കെ.ഇ.എന്‍ ആമുഖത്തില്‍ സൂചിപ്പിക്കുന്നു.
ഹൈന്ദവഫാസിസ്റ്റുകള്‍ രാമായണത്തെ ഒരുപകരണമാക്കുമ്പോള്, ജാതി വ്യവസ്ഥയോടും പുരുഷാധികാരത്തോടും രാമായണത്തിനകത്ത് നിന്നുകൊണ്ട് സീത നടത്തിയ ഉജ്ജ്വലപ്രതിരോധമാതൃകകളെ കണ്ടെടുത്തവതരിപ്പിക്കുന്നവയാണ് ഇതിലെ ആദ്യമൂന്നധ്യായങ്ങള്.ആശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ നൂറാം വാര്‍ഷികത്തില്‍ നടത്തുന്ന ഗംഭീരമായ കാവ്യപുനര്വായ പുതിയകാലവായനകള്ക്കു മാതൃകയായി നില്ക്കുന്നു. ബാബരി മസ്ജിദ് ദ്വംസനത്തിന്റെ പുതുപശ്ചാത്തലം പരിശോധിക്കുന്ന ഗംഭീരലേഖനങ്ങളുണ്ട്. ്.
ഇന്ത്യന്‍ ഭരണഘടനയേക്കളാറെ പ്രായമുള്ള ഓന് ഓനുവേണ്ടത് തിന്നോട്ടെ എന്ന നാട്ടുപറച്ചിലില്‍ ഭരണഘടനാവകുപ്പുകളെക്കുറിച്ചൊക്കെയുള്ള വിവരം കുറവായിരുന്നെങ്കിലും വിനയുമുണ്ടായിരുന്നു. ആരുടെയും അടുക്കള അടര്ക്കളമാക്കരുതെന്ന കരുതലുണ്ടായിരുന്നു എന്നും കെ.ഇ.എന്‍ എഴതുന്നു.ഭക്ഷണസംസ്കാരത്തെ അഭിരുചിവ്യത്യാസങ്ങളിലല്ല രാഷ്ട്രീയ അബോധത്തിലാണ് അന്വേഷിക്കേണ്ടതെന്ന് തന്റെ കാളനാവാമെങ്കില്‍ കാളയുമാകാം എന്ന പരാമര്ശത്തോടുണ്ടായ പ്രകോപനങ്ങള്‍ക്കുള്ള ഒരു മറുപടി ലേഖനത്തില്‍ വിശദീകരിക്കുന്നു. നിങ്ങളുടെ വിശ്വാസം ശരിയല്ല , നിറം ശരിയല്ല, ഭാഷ ശരിയല്ല, വേശം ശരിയല്ല, ബന്ധമാതൃകകള്‍ ശരിയല്ല, ആചാരങ്ങള്‍ ശരിയല്ല, ഭക്ഷണം ശരിയല്ല, അതിനാല്‍ നിങ്ങള്‍തന്നെ വലിയൊരു തെറ്റാണ് എന്ന സാംസ്ക്കാരിക രാഷ്ട്രീയബ6മേല്ക്കോയ്മയിലൂടെ നിരന്തരം കീഴാളര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സമീപനത്തെയാണ് ആ കാളന്-കാള പ്രയോഗം ചോദ്യവിധേയമാക്കിയതെന്ന സാമാന്യബോധംപോലും ചിലര്ക്കില്ലാതെപോയതിനെ അദ്ദഹം ഈ ലേഖനത്തിലൂടെ ഇഴകീറി പരിഹസിക്കുന്നു. ഗോഗുണ്ടായിസത്തെ മറച്ചുപിടിക്കാന്‍ പന്നിക്കാര്ഡ് ഒട്ടും മതിയാവാതെ വരുന്നു എന്നും കെ.ഇ.എന്‍.
ഇന്ത്യയിലെ നവഫാസിസ്റ്റുശക്തികള്ക്കെതിരെയുള്ള ജനാധിപത്യപോരാട്ടത്തില്‍ അനിവാര്യമായും ഇടപെടേണ്ട സൂക്ഷ്മവും സ്ഥൂലവുമായ മേഖലകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും അതിനുള്ള വഴി വിശദീകരിക്കുകയും ചെയ്യുന്നവയാണ് ഇതിലെ എല്ലാ ലേഖനങ്ങളുടെയും അന്തര്‍ധാര. വര്‍ത്തമാനകാല ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തില്‍ ഒരു കൈപുസ്തകത്തിന്റെ സ്ഥാനം തീര്‍ച്ചയായും സീത ജയ്ശ്രീറാം വിളിച്ചിട്ടില്ല എന്ന ഈ പുസ്തകത്തിനുണ്ട്. കെ.ഇ.എന്നിനെ അറിയുന്നവര്‍ക്ക് സുപരിചിതമെങ്കിലും ഇന്ത്യന്‍ ഫാസിസത്തിന്റെ ലക്ഷണമൊത്തവളര്ച്ചയെക്കുറിച്ച് ഇനിയും സംശയംവിട്ടുമാറാത്ത ഈ ധിഷണാശാലിയുടെ മതേതരത്വജീവിതത്തിന്റെ ആഴം മനസ്സിലായിട്ടില്ലാത്ത വലതിലും ഇടതിലുമുള്ള സന്ദേഹികള്‍ക്ക് കെ.ഇ.എന്നിന്റെ നിലപാടുകള്‍ സുവ്യക്തമാക്കാന്‍ പര്യാപ്തമായ അഭിമുഖമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത. മലയാളത്തിലെ ധൈഷണികസംവാദങ്ങളെ ഗഹനമായി പിന്തുടരുകയും നിവര്ന്നുനില്ക്കാന് പ്രേരിപ്പിക്കുകയും ചെയ്യുന്നതില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ആര്.കെ.ബിജൂരാജാണ് കെ.ഇ.എന്നുമായി അഭിമുഖം നടത്തിയിട്ടുള്ളത്. ഈ പുസ്തകത്തില്‍ അവതരിപ്പിക്കപ്പെട്ട പല നിലപാടുകളുടോമുളള സംവാദമായും അത് പലഘട്ടത്തിലും വികസിക്കുന്നു. പി. അഭിജിതിന്റെ ചിത്രങ്ങള്‍ ഈ പുസ്തകത്തിന് കെ.ഇ.എന്റെ മറ്റു പുസ്തതകങ്ങളില്നിന്നും വേറിട്ടൊരു സംവേദനസാധ്യതകൂടി നല്‍കുന്നുണ്ട്.