ഡിസംബര്‍ പത്തിന് ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ സ്പെഷ്യല്‍ സെനറ്റ് യോഗ തീരുമാനങ്ങള്‍:
1. വി.കെ. രാമചന്ദ്രനെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയുടെ സെനറ്റ് പ്രതിനിധിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ സെര്‍ച്ച് കമ്മറ്റിയുടെ കാലാവധി തീര്ന്നതിനാലാണിത്.
2. 4446 ബിരുദങ്ങള്‍ നല്കാന് അനുമതി നല്കി.
ഇന്ത്യയിലെ സൂഫിസം: ചരിത്രം, രാഷ്ട്രീയം, സംസ്കാരം -
ദേശീയ സെമിനാര്‍ തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ സൂഫിസം: ചരിത്രം, രാഷ്ട്രീയം, സംസ്കാരം എന്ന വിഷയത്തില്‍ ദ്വിദിന യു.ജി.സി ദേശീയ സെമിനാര്‍ തുടങ്ങി. സെമിനാര്‍ ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ.വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. മധ്യകാലഘട്ടത്തില്‍ മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ സൂഫി ആശയങ്ങള്‍ ലാളിത്യം കൊണ്ടും ജീവിത പരിശുദ്ധികൊണ്ടും ഇന്ത്യയില്‍ വേരുപിടിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രവകുപ്പ് അധ്യക്ഷന്‍ ഡോ.മുഹമ്മദ് മാഹീന് അധ്യക്ഷത വഹിച്ചു. ഡോ.എം.പി.മുജീബ് റഹ്മാന്, ഡോ.വി.വി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ റാസിഉദ്ധീന് അഖില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാറില്‍ ഇ.എം.ഹാഷിം, എ.കെ.അബ്ദുല്‍ മജീദ്, ഡോ.ഹുസൈന് രണ്ടത്താണി, ഡോ.കെ.എം.അനില്‍, കെ.അബൂബക്കര്‍, ഡോ.എം.അബ്ദുല്‍ നിസാര്‍, സമീര്‍ ബിന്‍സി, ഡോ.ഷംസാദ് ഹുസ്സൈന്‍, എം.പി.മുജീബ് റഹ്മാന് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിക്കും.
കാലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിംഗ് പൂള് പ്രവര്‍ത്തനം തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിംഗ് പൂള് പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനത്തിന് ശേഷം ഏതാനും മാസങ്ങളായി ആവശ്യത്തിന് ഉദ്യോഗസ്ഥരെയും പരിശീലകരെയും നിയമിക്കാന്‍ വൈകിയതിനാലാണ് പ്രവര്‍ത്തി തുടങ്ങാതിരുന്നത്. സ്വിമ്മിംഗ് പൂളിന്റെ പ്രവര്‍ത്തനോദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു, സിണ്ടിക്കേറ്റ് അംഗങ്ങളായ അഡ്വ.ടോം കെ. തോമസ്, കെ.കെ.ഹനീഫ, ഡോ.കെ.ഡി.ബാഹുലേയന്, എന്‍.വി.അബ്ദുല്റഹിമാന്, കെ.കെ.ബാലകൃഷ്ണന്, ഡോ.ജി.റിജുലാല്‍, സെനറ്റ് അംഗങ്ങള്‍, കായിക വകുപ്പ് ഡയറക്ടര്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ 6.30 മുതല്‍ 9.30 വരെയും വൈകുന്നേരം 4.30 മുതല്‍ 8.30 വരെയുമാണ് സ്വിമ്മിംഗ് പൂള് പ്രവര്‍ത്തന സമയം. മെയിന്റനന്‍സിന് വേണ്ടി തിങ്കളാഴ്ചകളില്‍ അവധിയാണ്. പൂള് ഉപയോഗിക്കാനാഗ്രഹിക്കുന്നവര് കായിക പഠനവിഭാഗവുമായി ബന്ധപ്പെടണം. പഠനവിഭാഗത്തിന്റെ വെബ്സൈറ്റില്‍ അപേക്ഷാ ഫോം ലഭ്യമാണ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്തര്‍ കലാലയ ബോക്സിംഗ് തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കോളേജിയേറ്റ് ബോക്സിംഗ് (പുരുഷ, വനിത) ടൂര്‍ണ്ണമെന്റ് സര്‍വകലാശാലാ ജിമ്മി ജോര്‍ജ്ജ് ബോക്സിംഗ് റിംഗില്‍ തുടങ്ങി. വൈസ് ചാന്‍സലര്‍ ഡോ. അനില്‍ അനില്‍ വള്ളത്തോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. നൂറോളം കോളേജുകള്‍ പങ്കെടുക്കുന്നുണ്ട്. പത്തിന് വനിതകളുടെയും 11-ന് പുരുഷന്മാരുടെയും ടൂര്‍ണ്ണമെന്റുകളാണ് നടക്കുക. ഉദ്ഘാടന ചടങ്ങില്‍ സിണ്ടിക്കേറ്റ് അംഗങ്ങളായ അഡ്വ.ടോം കെ. തോമസ്, കെ.കെ.ഹനീഫ, ഡോ.കെ.ഡി.ബാഹുലേയന്, എന്‍.വി.അബ്ദുല്റഹിമാന്, കെ.കെ.ബാലകൃഷ്ണന്, ഡോ.ജി.റിജുലാല്‍, സെനറ്റ് അംഗങ്ങള്‍, കായിക വകുപ്പ് ഡയറക്ടര്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പങ്കെടുത്തു. ബാഡ്മിന്റണ്‍ കോര്‍ട്ടിനായി വാങ്ങിയ രണ്ട് ഇന്റര്‍നാഷണല്‍ ഹവ മാറ്റുകളും വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തിന്റെ ജനാധിപത്യവല്‍ക്കരണം:
ദേശീയ സെമിനാര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും
സംസ്ഥാന ഗവണ്മെന്റിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്സും കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പും സംയുക്തമായി 'ജനാധിപത്യത്തിന്റെ ജനാധിപത്യവല്‍ക്കരണം' എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12 മുതല്‍ 14 വരെ സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളിലാണ് പരിപാടി. സെമിനാര്‍ 12-ന് രാവിലെ പത്ത് മണിക്ക് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫ.ആര്.രാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, സിണ്ടിക്കേറ്റ് അംഗങ്ങളായ പ്രൊഫ.എം.എം.നാരായണന്, കെ.കെ.ഹനീഫ, ഡോ.ദിംപി ദിവാകരന്, ഡോ.പി.പി.അബ്ദുല്‍ റസാഖ്, ഡോ.എന്‍.സെബാസറ്റിയന് തുടങ്ങിയവര്‍ പങ്കെടുക്കും.
മനുഷ്യാവകാശദിനം ആചരിച്ചു
മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു. വൈസ് ചാന്‍സലര്‍ ഡോ.വി.അനില്‍ കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു, ഫിനാന്‍സ് ഓഫീസര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലിംഗനീതിക്ക് ഘടനാപരമയ പ്രതിബന്ധങ്ങളുടെ ഉന്മൂലനം:
സെമിനാര്‍ കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും
കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ലിംഗനീതിക്ക് ഘടനാപരമായ പ്രതിബന്ധങ്ങളുടെ ഉന്മൂലനം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ ഡിസംബര്‍ 12-ന് ആരംഭിക്കും. ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ രാവിലെ 9.30-ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. ബ്രിട്ടണിലെ വാര്‍വിക് യൂണിവേഴ്സിറ്റിയിലെ ഡോ.റീന പട്ടേല്‍ മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, സിണ്ടിക്കേറ്റ് അംഗം കെ.കെ.ഹനീഫ, കുസാറ്റ് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ഡോ.എ.വാണി കേസരി തുടങ്ങിയവര്‍ സംബന്ധിക്കും. മൂന്ന് ദിവസത്തെ സെമിനാറില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
ഒന്നാം സെമസ്റ്റര്‍ യു.ജി കോണ്ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ യു.ജി (സി.ബി.സി.എസ്.എസ്, 2019 പ്രവേശനം) കോണ്ടാക്ട് ക്ലാസുകള്‍ ഡിസംബര്‍ 14-ന് അതത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഐ.ഡി സഹിതം ഹാജരാകണം. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ സമ്പര്‍ക്ക ക്ലാസുകള്‍ ഡിസംബര്‍ 15-ന് ആരംഭിക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2400288.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ അദീബെ ഫാസില്‍ ഫൈനല്‍ പരീക്ഷാഫലം വെബ്സൈറ്റില്‍. മാര്‍ക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സര്‍വകലാശാല ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ആര്‍ക് സസ്റ്റയിനബിള്‍ ആര്‍ക്കിടെക്ചര്‍ (സി.യു.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക് സസ്റ്റയിനബിള്‍ ആര്‍ക്കിടെക്ചര്‍ ഒഴികെയുള്ളവക്ക് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.