മോഡറേഷന് വേണോ വേണ്ടയോ? എന്ന് പൊതു-അക്കാദമിക് സമൂഹം തീരുമാനിക്കണം: കെ. ടി. ജലീൽ
| 2 Nov 2019 | C.U Campus |
ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീൽ . കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടേഷണൽ സയന്‍സ് കെട്ടിടവും യൂനിഫൈഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ജി, പി ജി പ്രവേശനത്തിന് ഒരു തീയതി നിശ്ചയിച്ചത് പഠനത്തിനും വിവിധ സർവകലാശാലകളിൽ പ്രവേശനത്തിനും വിദ്യാർഥികളെ സഹായിച്ചു. വിവിധ സർവകലാശാലകളുടെയും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കോഴ്സുകൾക്ക് പരസ്പരം അംഗീകാരവും തുല്യതയും നൽകുന്നതിനു സർക്കാർ ഇടപെടൽ വിദ്യാർഥികൾക്ക് സഹായകമായി. പോസ്റ്റ് മോഡറേഷൻ വേണമോ വേണ്ടയോ എന്നത് അക്കാദമിക് സമൂഹവും പൊതുസമൂഹവും ചർച്ച ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂല്യനിർണയം നടത്തുന്നതിന് അധ്യാപകർ പ്രത്യേക ശ്രദ്ധ ചെലുത്തണം, അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. അധ്യാപകരുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് സാമ്പത്തിക ബാധ്യതകളില്ലാത്ത രീതിയിൽ വിദേശങ്ങളില്‍ പോകുന്നതിന് ഗവൺമെന്റിന്റെ മുൻകൂട്ടിയുള്ള അനുവാദം വേണമെന്ന നിബന്ധന ഒഴിവാക്കി. വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ധരുടെ ക്ലാസുകൾ ഓൺലൈൻവഴി വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. സർവകലാശാലകളുടെ അധികാരത്തിൽ കടന്നുകയറുന്നത് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മന്ത്രി പറഞ്ഞു.
3750 സ്ക്വയര്‍ മീറ്ററിൽ നാല് നിലകളിലായി റൂസ ഫണ്ടിൽ ലഭിച്ച 6.42 കോടി രൂപ വിനിയോഗിച്ചാണ് ഗോള്‍ഡന്‍ ജൂബിലി കമ്പ്യൂട്ടേഷണൽ സയന്‍സ് കെട്ടിടം നിര്‍മ്മിച്ചത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ മുഴുവന്‍ പഠനവകുപ്പുകളിലെ ലൈബ്രറി സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് യൂനിഫൈഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഈ ലൈബ്രറികളുടെ സേവനം ഉപയോഗിക്കാം. പുസ്തകം ബുക്ക് ചെയ്യൽ, പുതുക്കൽ, കാറ്റലോഗ് സെര്‍ച്ച് ചെയ്യൽ തുടങ്ങിയ സേവനങ്ങള്‍ ഇത് വഴി സാധിക്കും.ം.
വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങൾ, ഓണ്‍ലൈന്‍ സേവനങ്ങൾ തുടങ്ങിയവ സ്റ്റുഡന്റ് പോര്‍ട്ടലിൽ ലഭ്യമാവും. ഓരോ പഠനവകുപ്പിന്റെയും സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റ് പോര്‍ട്ടലില്‍ ഉണ്ടാവും. ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റെയും സി.സി.എസ്.എസ് വര്‍ക്കുകള്‍ കമ്പ്യൂട്ടറൈസ് ചെയ്ത് കടലാസ് രഹിതമാവും.
വൈസ് ചാൻസലർ ഡോ.കെ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പ്രോ. വി.സി, ഡോ.പി മോഹൻ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ടോം കെ തോമസ്, എം വി അബ്ദുറഹ്മാൻ രജിസ്ട്രാർ സി. എൽ ജോഷി, ഡോ.സുധീർ കുമാർ, സച്ചിൻ, ഡോ. ജയകുമാർ, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.