അനിവാര്യഘട്ടങ്ങളില്‍ ശക്തമായ നടപടികളിലേക്ക് കടന്നില്ലെങ്കില്‍ പ്രതിവിപ്ലവങ്ങള്‍ വെന്നിക്കൊടിനാട്ടും :
ഡോ. പി. കെ. പോക്കര്
| 7 Nov 2018 | C.U Campus |
റഷ്യയുടെ പതനത്തിനുശേഷം ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ അമേരിക്കയുടെ ഏകാധിപത്യവാഴ്ച പിടിമുറുക്കുകയും ചൂഷണത്തിന്റെ ഉഗ്രരൂപം പ്രാപിക്കുകയും ചെയ്തതായി കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. ഈ ആഗോള സന്ദര്‍ഭത്തില്‍ റഷ്യന്‍വിപ്ലവത്തിന്റെ അക്കാദമികവും രാഷ്ട്രീയവുമായ ഗവേഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്, റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് റഷ്യന്‍ ആന്റ് താരതമ്യസാഹിത്യ വിഭാഗം സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ടുനിന്ന അക്കാദമിക് പരിപാടികളുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വുകുപ്പുതലവന് ഡോ. വി.കെ. സുബ്രമണ്യന്‍ അധ്യക്ഷനായിരുന്നു.
കേരളത്തിന്റെ ജീവിതവ്യവസ്ഥ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും വേറിട്ടുനില്‍ക്കുന്നതില്‍ റഷ്യന്‍ വിപ്ലവത്തിന്റെ സ്വാധീനം വിലപ്പെട്ടതാണെങ്കിലും അതര്‍ഹിക്കുംവിധം അതിനെ അടയാളപ്പെടുത്താന്‍ നമുക്ക് സാധിച്ചിട്ടില്ലെന്ന് ഡോ. പി.കെ. പോക്കര് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ കൂടിയായ അദ്ദേഹം. ഏതൊരു സമരപോരാട്ടത്തിന്റെയും ആത്യന്തികമായ ലക്ഷ്യം എന്തായിരിക്കണമെന്ന കാര്യത്തില്‍ ലോകത്തുള്ള ധൈഷണികര്‍ക്ക് ദിശാബോധം നല്‍കിയത് ഒക്ടോബര്‍ വിപ്ലവമാണ്.
നമ്മള് സോഹദരന്മാരാണ് എന്നത് ഭരണഘടനയില്മാത്രം പോര, ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും സ്വാംശീകരിക്കപ്പെടുകയും പ്രയോഗവല്ക്കരിക്കപ്പെടുകയും ചെയ്യേണ്ട ഭൗതിക ശക്തിയായി അത് മാറണം. അതിനായി തകര്‍ക്കപ്പെടേണ്ടത് തകര്‍ക്കപ്പെടുകയും നേടിയെടുക്കേണ്ടത് നേടിയെടുക്കപ്പെടുകയും വേണം. ഈ മാതൃക ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത് 1917-ലെ റഷ്യന്‍ വിപ്ലവമാണ്. കലയില്‍ നിലനിന്നിരുന്ന പാരമ്പര്യത്തെ, അന്ധവിശ്വാസത്തെ കുടഞ്ഞെറിയാന്‍ എഴുത്തുകാരന് ഇത് പകര്‍ന്നുനല്‍കിയ ആവേഷവും ചെറുതല്ല. ആന്തരികവല്ക്കരിക്കപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും മാറ്റിപ്പണിയാതെ ഒരു സമൂഹത്തിനും പുരോഗതിയിലേക്ക് മുന്നേറാനാവില്ല. ചില ഘട്ടങ്ങളില്‍ ശക്തമായ നടപടികളിലേക്ക് കടന്നില്ലെങ്കില്‍ പ്രതിവിപ്ലവങ്ങള്‍ വെന്നിക്കൊടിനാട്ടും. കേരളത്തിന്റെ വര്‍ത്തമാന പശ്ചാത്തലത്തില്‍ വളരെയേറെ പ്രസക്തമാണിത്.
ജനാധിപത്യവല്‍ക്കരണം അതിന്റെ സൂക്ഷ്മാര്‍ത്ഥത്തില്‍ നടക്കാത്തതാണ് റഷ്യയില്‍ വിപ്ലവബോധം ക്രമേണ ചോര്‍ന്നുപോകാന്‍ കാരണം. എല്ലാ പ്രശ്നവും റഷ്യന്‍ വിപ്ലവം പരിഹരിച്ചു എന്നല്ല, മറിച്ച് നടക്കാതെ പോയ മണ്ഡലങ്ങളില്‍ നമ്മുടെ ചിന്ത ചെന്നെത്തണം, എങ്കില്‍ മാത്രമേ പുതിയ കാലത്ത് മാര്‍ക്സിസത്തിന്റെ പ്രസക്തി ജനങ്ങളിലേക്ക് വിനിമയം ചെയ്യാനാവൂ എന്നും സര്‍വ്വകലാശാല ബഷീര്‍ ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍കൂടിയായ ഡോ. പി.കെ. പോക്കര് സൂചിപ്പിച്ചു. ചടങ്ങില്‍ ഭാഷാവിഭാഗം ഡീന്‍ ഡോ. കെ.കെ. ഗീതാകുമാരി ആശംസയര്‍പ്പിച്ചു സംസാരിച്ചു. സമീര്‍ കാവാഡ് സ്വാഗതവും ഡോ. ശ്രീകല മുല്ലശ്ശേരി നന്ദിയും പറഞ്ഞു.