ഇടുങ്ങിയ ദേശീയത അഭയാര്‍ത്ഥികളെ സൃഷ്ടിക്കും:'ഡോ.പി.സനല്‍ മോഹന്‍
| 4 Feb 2020 | C.U Campus |
ദേശീയത അന്തിമമായി മനുഷ്യന്റെ നാശത്തിന് മാത്രമേ കാരണമാകൂ എന്നും ഒരു വിഭാഗത്തിന്റെ അന്ധമായ ദേശീയ വികാരം മറ്റൊരു വിഭാഗത്തിന്റെ പാലായനത്തിനും നാശത്തിനുമാണ് വഴിവെക്കുകയെന്നും കെ.സി.എച്ച്.ആര് ഡയറക്ടറും മഹാത്മാ ഗാന്ധി സര്‍വകലാശാലാ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് പ്രൊഫസറുമായ ഡോ.പി.സനല്‍ മോഹന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവിഭാഗത്തില്‍ നടക്കുന്ന ഡയസ്പോറ/അഭയാര്‍ത്ഥി/അടിമ-ആഖ്യാനങ്ങള്‍ എന്ന വിഷയത്തിലെ ത്രിദിന അന്തര്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്ത ശക്തികള്‍ക്കെതിരെ വളര്‍ന്നുവന്ന ദേശീയത ക്രിയാത്മകമായിരുന്നുവെങ്കിലും പിന്നീട് അത് അക്രമോത്സുകമാവുകയായിരുന്നു ഇത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡോ.ആര്.വി.എം.ദിവാകരന് അധ്യക്ഷനായിരുന്നു.
മലയാളം തമിഴ് സിംഹള ഭാഷകളുടെ പാരസ്പര്യത്തെക്കുറിച്ചും വിനിമയ ബന്ധത്തെക്കുറിച്ചും പ്രൊഫ. ധമ്മിക ജയസിംഗെ സംസാരിച്ചു. അക്കരനിക്കുമ്പം ഇക്കരപ്പച്ച തുടങ്ങി നിരവധി മലയാളസമാനമായ പഴഞ്ചൊല്ലുകള്‍ സിംഹളഭാഷയില്‍ നിലനില്‍ക്കുന്നത് അദ്ദേഹം താരതമ്യാത്മകമായി വിശകലനം ചെയ്തു. ശ്രീലങ്കയിലെ റുഹുന സര്‍വ്വകലാശാലയിലെ താരതമ്യഭാഷാശാസ്ത്രജ്ഞനാണദ്ദേഹം.
പറവൂര്‍ കേന്ദ്രീകരിച്ച് കേരളത്തിലുണ്ടായിരുന്ന ജൂതരുടെ പാലായനത്തെ മുന്‍നിര്‍ത്തി സവിശേഷമായൊരു ചരിത്ര സന്ദര്‍ഭത്തെ ഓര്‍മ്മകളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നതായിരുന്നു ഡോ. ടി.ബി. വേണുഗോപാലപ്പണിക്കരുടെ പ്രഭാഷണം.
അമേരിക്കയില്‍ കുടിയേറിയ അറബ് വംശജരുടെ സാഹിത്യസംഭാവനകളെയും അതിന്റെ ഉള്‍ക്കരുത്തിനെയും കേരളീയസംവാദ പരിസരത്തേക്ക് പരിചയപ്പെടുത്തുന്ന അവതരണംകൊണ്ട് വേറിട്ടുനിന്നു ഡോ. ഉമര്‍ തസ്നിം അവതരിപ്പിച്ച പ്രബന്ധം. മുസ്ലിമേരിക്കന് എന്നൊരു സാഹിത്യജനുസ്സുതന്നെ അമേരിക്കന്‍ സാഹിത്യത്തിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. സൂസന് അബുല്‍ ഹവ, ശരീഫുല്‍ മൂസദ് തുടങ്ങിയ നിരവധി എഴുത്തുകാരെ വിശകലനവിധേയമാക്കിയായിരുന്നു പ്രഭാഷണം. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അമേരിക്കയിലേക്ക് അറബികള്‍ കുടിയേറിയിരുന്നു. ക്രിസ്റ്റ്യാനിറ്റിയിലേക്കുള്ള മതപരിവര്ത്തനത്തിനടക്കം അവര്‍ വിധേയമായ മൂര്‍ത്തമായ ജീവിതാനുഭവങ്ങളുടെ അനുരണനങ്ങള്‍ സാഹിത്യത്തില്‍ ഇന്നും അനുഭവവേദ്യമാണെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി വിശദീകരിച്ചു.
നിലവിലെ പൗരത്വപ്രശ്നത്തെ സമരങ്ങള്‍കൊണ്ടു നേരിടുമ്പോള്‍തന്നെ, ചരിത്രപരമായ ആഖ്യാനങ്ങളെ കണ്ടെടുത്തുകൊണ്ട് പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടായിരുന്നു ഡോ. എം.സി. അബ്ദുല്‍ നാസര്‍ സംസാരിച്ചത്.
മനുഷ്യാവകാശങ്ങളില്ലാത്ത രണ്ടാംകിട പൗരന്മാരെ സൃഷ്ടിച്ചുകൊണ്ട് നേരത്തെ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥയുടെ ഭീതിതമായ സമീപഭാവിയാണ് വരാനിരിക്കുന്നത്. അതിന്റെ തുടക്കമാണ് പൗരത്വഭേദഗതി ബില്ലും അനുബന്ധ നിയമങ്ങളുമെന്നും ഡോ. അസീസ് തരുവണ അഭിപ്രായപ്പെട്ടു.