ദൃശ്യ-ശ്രവ്യ വിവര്‍ത്തന രംഗത്ത് ഏറെ സാധ്യത: ഡോ. അനില്‍ വള്ളത്തോള്‍
| 10 March 2020 | C.U Campus |
മുന്‍കാലങ്ങളില്‍ വിവര്‍ത്തനം സാഹിതീയമായ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് നടന്നതെങ്കില്‍ ഇന്ന് നൂതനമായ ശൈലിയെയാണ് പിന്‍പറ്റുന്നതെന്ന് കാലിക്കറ്റ് വി.സി ഡോ. അനില്‍ വള്ളത്തോള്‍. റഷ്യന്‍ ആന്റ് താരതമ്യസാഹിത്യ വിഭാഗം സംഘടിപ്പിച്ച ത്രിദിന ദേശീയ ദൃശ്യ-ശ്രവ്യ വിവര്‍ത്തന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ ആളുകള്‍പോലും വര്‍ത്തമാനകാലത്ത് വിവര്‍ത്തനമേഖലയിലേക്ക് കടന്നുവന്നത് ശ്രദ്ധേയമാണ്. ദൃശ്യ സംസ്കൃതിയുടെ വളര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ദൃശ്യ-ശ്രവ്യ മേഖലയില്‍ സാങ്കേതികവിദ്യയെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാറ്റം അനിവാര്യമാണ്. സാംസ്കാരിക വൈവിധ്യങ്ങള്‍ക്ക് ഏറെ ഇടംകൊടുക്കുന്നതിനാല് താരതമ്യസാഹിത്യ പഠനമേഖലയിലാണ് ഇത്തരം ശില്പശാലകളും അന്വേഷണങ്ങളും നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്കൃതത്തെയും തമിഴ്നേയും ഏറെ ആശ്രയിച്ചുനില്ക്കുന്നു എന്നര്‍ത്ഥത്തില്‍ മലയാള വിവര്ത്തനരംഗം ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച
നാഷണല്‍ ട്രാന്സ്ലേഷന് മിഷന് ഡയരക്ടര്‍ ഡോ. വി. ഗീതാകുമാരി അഭിപ്രായപ്പെട്ടു. ഒരുപാടു ശരികളുണ്ട് എന്നതാണ് തമിഴ് ലക്ഷ്യഭാഷയായി സ്വീകരിക്കുന്ന വിവര്‍ത്തക അനുഭവിക്കുന്ന വെല്ലുവിളിയെങ്കില്‍ മലയാളത്തില്‍ ശരി കണ്ടെത്തലാണ് വെല്ലുവിളി. ധൃതിപിടിച്ചു ചെയ്യാവുന്ന ഒരു യത്നമല്ല വിവര്‍ത്തനം അതേസമയം ചെയ്തുതീര്‍ക്കാനുള്ള സമയം എല്ലായിപ്പോഴും പരിമിതമായിരിക്കും. ഈ വിഷമഘട്ടത്തെ അതിജീവിക്കാനാണ് സാങ്കേതികവിദ്യ പലപ്പോഴും പ്രയോജനപ്പെടുത്തുന്നത്. നാം ജീവിക്കുന്നത് വിവര്‍ത്തന യുഗത്തിലാണെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ ഡോ. കെ.കെ. അബ്ദുല്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ശരീഫ്, ഡോ. പി. സോമനാഥന്, ഡോ. ആര്.വി.എം.
ദിവാകരന്, ദിവ്യ. ഒ.ഡി എന്നിവര്‍
പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. കെ.കെ.ഗീതാകുമാരി, ഡോ. ശ്രീകല മുല്ലശ്ശേരി, ഡോ. ആന്‍സി ബെ, ഡോ. ജിംലി.പി എന്നിവര്‍ സംസാരിച്ചു.