കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിവര്‍ത്തന അനുകല്പ്പന പാഠശാല
| 14 Nov 2018 | C.U Campus |
മറ്റുഭാഷകളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഏതൊരു ഭാഷയും വികസിക്കുന്നതും സംസ്കാരകൈമാറ്റം നടക്കുന്നതെന്നും, വിവര്‍ത്തനത്തിലൂടെയാണ് അത് സാധ്യമാകുന്നതെന്നും വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു റഷ്യന്‍ & കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന വിവര്‍ത്തന-അനുകല്പന പാഠശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാര്‍വ്വലൗകികതയിലേക്ക് പറക്കാനുള്ള കൊതിയാണ് ഒരു കൃതിയെ വിവര്ത്തനക്ഷമമാക്കുന്നതെന്ന് 'വിവര്‍ത്തനവും ഭാഷാദര്‍ശനവും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ച ഡോ. കെ.എം. അനില്‍ അഭിപ്രായപ്പെട്ടു. ഭാഷയാല്‍ ചിതറിപ്പോയവരെ ഏക ഭാഷയിലേക്കെത്തിക്കാനുള്ള ശ്രമമാണ് വിവര്‍ത്തനം. പൂര്‍ണ്ണമായ വിവര്‍ത്തനശ്രമം വ്യര്‍ത്ഥമാണ്, അത്തരം ശ്രമങ്ങളിലുടെ നിര്‍മ്മിച്ചെടുക്കുന്ന വിവര്‍ത്തനകൃതികള്‍ക്ക് സ്വന്തമായ അസ്ഥിത്വമുണ്ടാവില്ല. ഉണ്മയെക്കണ്ടെത്താനുള്ള ശ്രമംകൂടിയാണ് സൂക്ഷ്മാര്‍ത്ഥത്തില്‍ എല്ലാ വിവര്ത്തനശ്രമങ്ങളും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവര്‍ത്തനത്തില്‍ ഇന്നേറ്റവുമധികം ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് അനുകല്പമേഖലയിലാണെന്ന് 'വിവര്‍ത്തനത്തില്‍ നിന്ന് അനുകല്പനത്തിലേക്ക്' എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ച ഡോ. കെ.എം. ശരിഫ്. സമൂഹത്തില്‍ വിസ്ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ട്രോളുകള്‍ അനുകല്പനത്തിന്റെ മികച്ച മാതകകളാണെന്നും അദ്ദേഹം പറഞ്ഞു.
അമ്മമാരെപ്പോലെത്തന്നെ മക്കളെനോക്കുന്ന പോറ്റമ്മമാരുണ്ട്, ആ പോറ്റമ്മമാരുടെ ദൗത്യമാണ് വിവര്ത്തകന്റേതെന്ന് പ്രമുഖ വിവര്‍ത്തകനും കഥാകാരനുമായ എസ്.എ. ഖുദ്സി പറഞ്ഞു. വിവര്‍ത്തകര്‍ക്ക് മറുദേശങ്ങളില്‍ ലഭിക്കുന്ന മാന്യതയും പരിഗണനയും നമ്മുടെ നാട്ടില്‍ ഇപ്പോഴും ലഭിക്കുന്നില്ല. എന്തുകൊണ്ട് സത്രീവിമോചനാത്മകവും പുരോഗമനപരവുമായ കൃതികള്‍ വിവര്‍ത്തനത്തിനായി തിരഞ്ഞെടുക്കുന്നു എന്നു ചോദിച്ചാല്‍ എന്റെ വിവര്‍ത്തനമാണ് എന്റെ രാഷ്ട്രീയം എന്നതായിരിക്കും എന്റെ മറുപടി, വിവര്‍ത്തനവും വിവര്ത്തനത്തിനുവേണ്ടിയുള്ളതല്ല, ജീവിതത്തിനുള്ളതുവേണ്ടിത്തന്നെയാണെന്നും ഖുദ്സി പറഞ്ഞു.
വകുപ്പ് തലവന്‍ ഡോ. വി.കെ. സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ശ്രീകല മുല്ലശ്ശേരി സ്വാഗതവും ഡോ. ആന്‍സി ബെ നന്ദിയും പറഞ്ഞു. വിവര്‍ത്തകരായ, പി.കെ. ചന്ദ്രന്, എസ്. ശ്രീകുമാരി, ഡോ. ശരത് മണ്ണൂര്‍ എന്നിവര്‍ വരും ദിവസങ്ങളില്‍ പാഠശാലയില്‍ പങ്കെടുത്ത് വിവര്‍ത്തകരുമായി സംവദിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന അക്കാദമിക് പരിപാടിയില്‍ അമ്പതോളം ബിരുദാനന്തര ബുരുദ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. മാനവികവിഷയങ്ങളിലുള്ള പാഠങ്ങളുടെ വിവര്‍ത്തനവും അനുകല്പനവും ഈ പാഠശാലയില്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ത്തീകരിക്കും.