|
സിനിമ കാഴ്ചയുടെ കലയാണ്, കാഴ്ച എന്നത് വസ്തുകേന്ദ്രിതമായ ഒരു സംവേദനവും. ശരിരകേന്ദ്രിതമാണ് സിനിമകളുടെ വസ്തുവല്‍ക്കരണം. ശരീരം പ്രധാനമായും ശരിരങ്ങള്‍ക്കകത്തെ കര്‍തൃത്വങ്ങള്‍ ശാരിരികചലനങ്ങള്‍ കൊണ്ടുമാത്രം അടയാളപ്പെടുത്തുന്നതുമായ ഒരു രീതിയാണത്. ആണത്തം, സ്ത്രൈണത തുടങ്ങിയ അംശബന്ധങ്ങള്‍ നിശ്ചയിക്കുന്നതും ഈ ശരീരത്തിന്‍റെ വിനിമയത്തിലൂടെയാണ്. വ്യക്തിയുടെ മനോവ്യവഹാരങ്ങളിലേക്ക് ക്യാമറ ചെന്നെത്തിക്കുന്നതില്‍ മിക്കവാറും മലയാള സിനിമ പരാജയപ്പെടാറാണ് പതിവ്. അപവാദങ്ങളില്ലെന്നല്ല. 1981-ല്‍ ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര', 2011 ല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ യക്ഷിയെ ആസ്പദമാക്കി ശലിനി ഉഷ നായര്‍ സംവിധാനം ചെയ്ത 'അകം' 2017-ല്‍ ശ്യമപ്രസാദിന്‍റെ 'ഹേയ് ജീഡ്' എന്നീ സിനിമകള്‍ മനശ്ശാസ്ത്രനിഷ്ഠമാണ്. 'കൂടെ' അജ്ഞലി മേനോന്‍റെ മികച്ച സിനിമയാണ്. സൈക്കോ ത്രില്ലര്‍ എന്ന നിലയിലല്ല ഇത് ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വോ എന്ന കഥാപാത്രം കുട്ടിക്കാലം മുതല്‍ അനുഭവിക്കുന്ന മാനസികപ്രശ്നങ്ങള്‍, പ്രവാസം, ശാരീരികവും മാനസികവുമായ പീഢകള്‍, കുട്ടിക്കാലത്ത് അയാള്‍ക്കുണ്ടായിരുന്ന പഠനവേകല്യം, ഫുട്ബോള്‍ താല്‍പര്യം ഇതൊന്നും അയാളുടെ കുടുംബം തിരിച്ചറിയുന്നില്ല. സാധാരണ കുടുംബചിത്രത്തിനകത്തെ അസാധാരണക്കാരനായ ഒരു കുട്ടിയാണ് ജോഷ്വോ. അയാളും വ്യവസ്ഥക്കകത്ത് ഒത്തുപോകാന്‍ നിര്‍ബന്ധിതനാകുന്നു. 13 വയസ്സോളം പ്രായവ്യത്യാസത്തില്‍ കൗമാരത്തിലാണ് അയാള്‍ക്ക് ആകെയുള്ള ഒരു കുഞ്ഞു സഹോദരി ജനിക്കുന്നത്. അധികം താമസിയാതെ 15-ാം വയസ്സില്‍ അയാളൊരു കല്‍ക്കരി ഫാക്ടറിയില്‍ ജോലിക്കാരനാകുന്നു. അവിടെ അയാള്‍ക്കനുഭവിക്കേണ്ടിവരുന്ന പീഢനങ്ങളെക്കുറിച്ച് വര്‍ണ്ണനാത്രമകമായ വിവരണങ്ങള്‍ സിനിമയിലില്ലെങ്കിലും സൂചനകളിലൂടെ അത് വ്യക്തമാണ്.
സോഹദരിയുടെ മരണമറിഞ്ഞാണ് ജോഷ്വോ നാട്ടില്‍ തിരിച്ചെത്തുന്നത്. 15 വയസ്സുമുതല്‍ പ്രവാസിയായ അയാള്‍ മൂന്നോ നാലോ പ്രാവശ്യമാണ് അവളുടെ മരണത്തിനിടയ്ക്ക് നാട്ടില്‍ വന്നു പോകുന്നത്. സ്വന്തം നാടുമായും കുടുംബവുമായും അത്രമാത്രം അപരിചിതനായിക്കഴിഞ്ഞ ഒരാളനുഭവിക്കുന്ന ഏകാന്തതയും അരക്ഷിതത്വബോധവും ഭയങ്കരമാണ്. അതു വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതില്‍ ഈ സിനിമ നന്നായി വിജയിച്ചിട്ടിണ്ട്. ആ മാനസികാവസ്ഥയില്‍ അയാള്‍ കാണുന്നതെല്ലാം ഫാന്‍റസിയാണ്.സ്വന്തം ജീവിതത്തെക്കുറിച്ചോ, കഴിവുകളെക്കുറിച്ചോ മറന്നുപോയ അയാളില്‍ ഭീതിതമായ ഒറ്റപ്പെടലില്‍ നിന്നുള്ള രക്ഷപ്പെടലാണ് ഫാന്‍റസികള്‍. മരിച്ചുപോയ സഹോദരി അയാള്‍ക്ക് ഓര്‍മ്മച്ചിത്രം മാത്രമാണ്. അവരൊരുമിച്ച് യാത്രപോയതോ, തുറന്നു സംസാരിച്ചതോ ആയ ഒരോര്‍മ്മയും അയാള്‍ക്കില്ല. മരിച്ചതിനു ശേഷമാണ് ജെന്നിയെ അയാള്‍ കൂടുതല്‍ മനസ്സിലാക്കുന്നത്. അയാള്‍ക്കുമാത്രം കാണാനും അറിയാനും മിണ്ടാനും കഴിയുന്ന ജെന്നി അയാളെ സാധാരണ സ്വാഭാവികജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നു. അതി വായാടിയും ചുറുചുറുക്കുമുള്ള ജെന്നി ജോഷ്വോയുടെ സ്വഭാവപ്രകൃതിയുടെ നേര്‍വിപരീതമാണ്. കുുട്ടിക്കാലത്ത് അയാള്‍ക്കിഷ്ടമുണ്ടായിരുന്ന പ്രണയത്തെ, യാത്രയെ ഒക്കെ തിരിച്ചുപിടിക്കാന്‍ ആ ഫാന്‍റസിക്കു കഴിയുന്നു. അന്തര്‍മുഖനായ അയാളെ സ്വന്തം ഇച്ഛകള്‍ക്കനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ജെന്നി കൂടെയുണ്ടെന്ന ഭാവനയാണ്. ഭാവനയാണോ, തോന്നലാണോ, വിഭ്രാന്തിയാണോയെന്ന് തിരിച്ചറിയാന്‍ അയാള്‍ക്കാവുന്നില്ല. ചില ഫാന്‍റസികള്‍ നല്ലതാണെന്നു 'കൂടെ' പറയുന്നുണ്ട്. നായികാ പ്രാധാന്യമുള്ള പാര്‍വ്വതിയ്ക്കോ അച്ഛനമ്മമാരായി വരുന്ന രഞ്ജിത്-പാര്‍വ്വതി കഥാപാത്രങ്ങള്‍ക്കോ അയാളുടെ മനസ്സിനകത്തേക്കു കടക്കാനാവുന്നില്ല. പതിവുരീതികളില്‍ പുറത്തു വ്യവഹരിക്കുന്ന കഥാപാത്രങ്ങളായി അവര്‍ നിലനില്‍ക്കുന്നു. അതിനാല്‍ത്തന്നെ അപ്രധാനമായിരിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്ന നസ്രിയയും ജോഷ്വോയെ നന്നായി അവതരിപ്പിച്ച പൃഥ്വിരാജും അസാധ്യാമായി അവരുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സൈക്കോ സിനിമകളുടെ പൂക്കാലം ഇനിയും ഉണ്ടാകട്ടെ...