ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച ഡോ. എല്‍ തോമസ്കുട്ടിയുടെ നോട്ടങ്ങള്‍ മലയാളി വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളാണിതില്‍. ചമല്‍ക്കാരങ്ങളോ, ഇക്കിളിപ്പെടുത്തുന്ന ഉപമകളോ ചടപ്പന് വിവരണങ്ങളോ, സ്റ്റൈലിനും ഔദ്ധത്യത്തിനും വേണ്ടി ബോധപൂര്‍വ്വം വരുത്തുന്ന ഭാഷാപരവും സൈദ്ധാന്തികവുമായ ജാഢകളോ ഒട്ടും ഇല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ ആറ്റിക്കുറുക്കിയെടുത്ത രചന. പല കാലങ്ങളിലും സന്ദര്‍ഭങ്ങളിലുമായി എഴുതപ്പെട്ടതുകൊണ്ടുതന്നെ വിഷയാസ്പദമായൊരു കെട്ടുമുറുക്കം നോട്ടങ്ങള്ക്കില്ല. ഒരര്‍ത്ഥത്തില്‍ അത് മറ്റൊരു വായനാസുഖം നല്‍കുന്നുണ്ട്.
എല്ലാ കള്ളികളില്‍ നിന്നും കുതറി മാറിനില്‍ക്കുന്ന ഡോ. എല്‍. തോമസ്കുട്ടിയുടെ നോട്ടങ്ങള്‍ സത്യസന്ധമായി മനുഷ്യപക്ഷത്ത് അടിയുറച്ചു നില്‍ക്കുന്നതാണ്. മലയാളിയുടെ സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളില്‍ അളിഞ്ഞുകൂടിക്കിടക്കുന്ന ബ്രാഹ്മണിക് ഹെജിമണിയെ അതിന്റെ ആഴങ്ങളില്‍ ചെന്നു കണ്ടെടുക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നു എന്നത് ഈ പുസ്തകത്തിന്റെ ഒരു പൊതുസ്വഭാവമായി കണ്ടെടുക്കാവുന്നതാണ്. ചെറിയൊരു പ്രദേശമായിരുന്നിട്ടും ഭാഷയിലടക്കം നെടുകെ പിളര്‍ന്നിരിക്കുന്ന മലയാളിയെ വെളിപ്പെടുത്തിക്കൊണ്ടാണ് ഈ പുസ്തകത്തിന്റെ തുടക്കം. നിരാധാര മലയാളം എന്ന തലക്കെട്ടില്‍ ഭാഷയെക്കുറിച്ച് മറ്റൊരു ലേഖനവും ഉണ്ട്.
മാറുന്ന കാലത്തെ മാധ്യമ ഇടപെടലുകളെ ഈ പുസ്തകത്തില്‍ പലയിടത്തായി വിചാരണയ്ക്കെടുത്തിട്ടുണ്ട്. അച്ചടിയില്‍ നിന്നും ദൃശ്യത്തിലേക്ക് പരിണമിക്കുമ്പോള്‍ രണ്ടാമത്തേതിന് മേല്‍ക്കൈ കിട്ടുന്നതിനെയും അതു പിന്നീടുണ്ടാക്കാനിടയുള്ള അപകടങ്ങളെയും ഈ കൃതി പരിശോധിക്കുന്നു.