|
നാസി ക്യാമ്പില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു സ്ക്കൂള്‍ അധ്യാപിക സഹപ്രവര്‍ത്തകര്‍ക്കെഴുതിയ കത്ത് ഇങ്ങനെയാണ്, " നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട ഒരു ഭാഗ്യവതിയാണു ഞാന്‍. എന്‍റെ ഭാഗ്യത്തെക്കുറിച്ചല്ല ഞാന്‍ ദൃസാക്ഷിയായ നിര്‍ഭാഗ്യത്തെക്കുറിച്ച് നിങ്ങളോടെനിക്ക് ചിലതു പറയണമെന്നുണ്ട്. മറ്റൊരു കണ്ണുകളും കാണാത്ത കാഴ്ചയാരുന്നു എന്‍റെ കണ്ണുകള്‍ക്കൊണ്ട് ഞാനവിടെ കണ്ടത്. അവിടത്തെ മനുഷ്യരെ ചുട്ടുവെണ്ണീറാക്കുന്ന ഗ്യാസ്ചേമ്പറുകള്‍ തയ്യാറാക്കിയത് പ്രഗത്ഭരായ എഞ്ചിനീയര്‍മാരാണ്, കുഞ്ഞുകുട്ടികള്‍ക്ക് വിഷം കയറ്റി കൊല്ലുന്നത് ഇന്നതവിദ്യാഭ്യാസം നേടിയ ഡോക്ടര്‍മാരാണ്, മലാഖമാരെപ്പോലുള്ള നഴ്സുമാരാണ് കൈക്കുഞ്ഞുങ്ങളെ കൊന്നുതള്ളുന്നത്, സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും കഴിഞ്ഞെത്തുന്ന ചെറുപ്പക്കാരണ് സ്ത്രീകളെയും കുട്ടികളെയും വെടിവെച്ചു കൊല്ലുന്നത്. ഇതെല്ലാം ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് എന്നില്‍ എന്തെന്നില്ലാത്ത ഭിതി പടര്‍ത്തിയിരിക്കുന്നു. സ്ക്കൂളിലെത്തുന്ന കുട്ടികളെ മനുഷ്യസ്നേഹികളാക്കാനാണ് നാം നാം ശ്രദ്ധിക്കേണ്ടത്. അതിന് ഊന്നല്‍ നല്‍കാത്ത വിദ്യാഭ്യാസം അഭ്യസ്തവിദ്യരായ പിശാചുക്കളെ മാത്രമേ ഉല്‍പാദിപ്പിക്കൂ. അവര്‍ വിദ്യ അഭ്യസിച്ച മനോരോഗികളും അറിവു നിര്‍മ്മിക്കുന്ന കഠോരഹൃദയരുമായിത്തീരും." ഇതൊരു കഥയല്ല. മരണമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെത്തിയ ഒരധ്യാപിക സ്വന്തം അനുഭവങ്ങളെ ഒരു സര്‍വ്വകലാശാലയാക്കി വികസിപ്പിച്ചെടുത്ത ആഴമേറിയ വിദ്യാഭ്യാസചിന്തയാണ്. വിശാലാര്‍ത്ഥത്തില്‍ വിദ്യാഭ്യാസത്തിലെ മാനവിക-രാഷ്ട്രയ ഉള്ളടക്കത്തെക്കുറിച്ചാണ് ഇവര്‍ ഉല്‍കണ്ഠപ്പെടുന്നതെന്നു വ്യക്തം.
വിദ്യാഭ്യാസത്തിന്‍റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ച് ലെനിന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്, ലെനിനെഴുതി,"ജീവിതവും രാഷ്ട്രീയവും ഉള്ളടക്കം ചെയ്യാത്ത വിദ്യാഭ്യാസം ഒരു പെരും നുണയാണ്. ഇതില്‍ ഒരു ഇരട്ടത്താപ്പ് അടങ്ങിയിട്ടുണ്ട്. അതായത്, വിദ്യാഭ്യാസത്തില്‍ രാഷ്ട്രീയമില്ല എന്ന് ഭൂര്‍ഷ്വസി ഒരു വശത്ത് പ്രചരിപ്പിക്കുമ്പേള്‍ തന്നെ അവര്‍ വിദ്യാഭ്യാസത്തെ തങ്ങളുടെ മേല്‍ക്കോയ്മ ഊട്ടിയുറപ്പിക്കാനുള്ള ഉപകരണമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണത്. വിദ്യാഭ്യാസം രാഷ്ട്രീയമായി നിസ്പക്ഷവും സാര്‍വ്വജനീനവുമാണെന്ന് അവര്‍ പ്രചരിപ്പിക്കും. അവര്‍ എന്താണ് ഒളിപ്പിച്ചു കടത്തുന്നതെന്ന്, അതായത് രാഷ്ട്രീയധര്‍മ്മം തുറന്നു കാണിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്." ഇത് ഏറെ ദുര്‍ഘടമായ ദൗത്യമാണെന്നും അദ്ദേഹം പറയുന്നു. "നേരത്തെ നമ്മുടെ പണി ഭൂര്‍ഷ്വാസിയെ അട്ടിമറിക്കുക എന്നതായിരുന്നു, എന്നാല്‍ വിപ്ലവം നടന്ന മണ്ണില്‍ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്നത് ആദ്യത്തേതിനേക്കാള്‍ സങ്കീര്‍ണ്ണവും ശ്രമകരവുമാണ്, പുതിയ തലമുറയ്ക്ക് ഏറ്റെടുക്കാനുള്ളത് ആ ഭാരിച്ച ദൗത്യമാണ്."
വിപ്ലവത്തേക്കാള്‍ ശ്രമകരമാണ് വിപ്ലവാനന്തര സമൂഹം കെട്ടിപ്പടുക്കല്‍ എന്ന ലെനിന്‍റെ നിരീക്ഷണത്തില്‍ വിദ്യാഭ്യാസത്തിന് ഏറെ പങ്കുണ്ട് എന്നു വ്യക്തം. വിദ്യാഭ്യാസചിന്തകരും ഭരണകൂടവും അതിലേറെ രക്ഷിതാക്കളും ഏറെ സൂക്ഷ്മത പുലര്‍ത്തിയാല്‍ മാത്രമേ മാനവിക സ്നേഹത്തിന് അത്യന്തം ഊന്നല്‍ നല്‍കുന്ന ഒരു തലമുറയെയും ശാസ്ത്ര സാമ്പത്തിക സാമൂഹിക ക്രമത്തെയും നിര്‍മ്മിച്ചെടുക്കാനാവൂ.