കുമ്പളങ്ങി നൈറ്റ്സ് അതിമനോഹരമായ സിനിമയാണ്. പുതിയകാലം ആവശ്യപ്പെടുന്ന സിനിമ എന്നു നിസ്സംശയം പറയാം. നവാഗത സംവിധായകനായ മധു സി. നാരായണന് ശ്യാം പുഷ്കരന്റെ തിരക്കഥയിലൊരുക്കിയ ഈ സിനിമ നമ്മുടെ പതിവു കാഴ്ചകളെ അപ്രസക്തമാക്കുന്നമട്ടില് ദൃശ്യാവിഷ്കാരങ്ങളിലും പരിചരണത്തിലും ഒരു പുതിയ തുറവിതന്നെ സാധ്യമാക്കുന്നു.
ആണത്തത്തിന്റെ നിറഞ്ഞാട്ടങ്ങളായിരുന്നു തിരശ്ശീലയുടെ പതിവുരീതിയെങ്കില് ആണത്തമെന്നത് കവിഞ്ഞ ഒരു ഭ്രാന്തുതന്നെയാണ് എന്ന് ഈ സിനിമ വിളിച്ചു പറയുന്നു. മലയാള സിനിമയില്‍ നിറഞ്ഞാടിയിരുന്ന പൗരുഷത്തെ കുമ്പളങ്ങി നൈറ്റ്സ് അടിച്ചൊതുക്കി പതം വരുത്തുന്നുണ്ടെന്നതാണ് പ്രധാനം. ആണത്തത്തിന്റെയും കുലീനത്വത്തിന്റെയും പതിവുകളായിരുന്ന കട്ടിമീശ, വെളുത്ത ശരീരം, വൃത്തിയുള്ള നടപ്പും വസ്ത്രധാരണവും, കൈത്തണ്ടയില്‍ ധരിക്കുന്ന സ്വര്‍ണ്ണ ബ്രേസ്ലെറ്റിലും വിവാഹ മോതിരത്തിലും വരെ അതിന്റെ അഴകളവുകള്‍ (ബോഡി മാസ് ഇന്‍ഡക്സ്) ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഷമ്മി എന്ന കഥാപാത്രം കാണിക്കുമ്പോള്‍ ആറടിപൊക്കവും വിരിഞ്ഞശരീരവും പിരിച്ചുവെച്ച മീശയും ബലിഷ്ടമായ കൈകളും കാണിച്ചിരുന്ന നമ്മുടെ സ്റ്റീരിയോടൈപ്പ് കുലനായകന്മാരെ അത് മിമിക് ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ. അത് ഹീറോയിസത്തിനു പകരം ഫലിതമാണുണ്ടാക്കുന്നത്. ക്ഷൗരപ്പണിയാണ് അയാളുടേതെന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ ഷമ്മിയെയും അയാളുടെ സവര്‍ണ്ണപുരുഷ മേനിയെയും ക്രമപ്പെടുത്തിയിരിക്കുന്നു. അയാളുടെ ബുള്ളറ്റ്പോലും തന്റെ വര്‍ദ്ധിച്ച പുരുഷവീര്യത്തെ പ്രസരിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. പൗരുഷത്തെ സംബന്ധിക്കുന്ന അസ്തിത്വമില്ലായ്മയാണ് അയാളില്‍ വട്ട്പോലെ പ്രവര്‍ത്തിക്കുന്നത്. ഭാര്യയുടെ വീട്ടില്‍ താമസിക്കുന്ന അയാള്‍ നിരന്തരം തന്റെ അധികാരനിലയെ ഉറപ്പിച്ചെടുക്കാന്‍ പെടാപാടുപെടുന്നുണ്ട്. രക്ഷകന്റെയും മേലധികാരിയുടെയും സ്ഥാനം സ്വയം ഏറ്റെടുക്കുന്ന അയാള്‍ ആ ശ്രമത്തില്‍ പരാജയപ്പെടുന്നു. ആണഹന്തയെ ഇത്രയധികം ചൊടിപ്പിക്കുന്ന ഒരുമലയാളസിനിമ ഒരുപക്ഷെ വേറെ ഉണ്ടായിട്ടുണ്ടാവില്ല.
വൃത്തികെട്ട മലയാളിപുരുഷന്റെ ഒളിഞ്ഞുനോട്ടത്തെയും കപടമായ സദാചാരബോധത്തെയും വൃത്തിയെക്കുറിച്ചുള്ള അതിരുവിട്ട ചിന്തയെയും അയാളിലൂടെ കാണിക്കുന്നുണ്ട്. ഒറ്റത്തന്തയ്ക്ക് പിറന്നവനെന്ന ഷമ്മിയുടെ അഹന്തയെ ഒറ്റത്തന്തയ്ക്കേ പിറക്കുള്ളൂ ചേട്ടാ, അതേ ബയോളജിക്കലായി പോസിബിളായിട്ടുള്ളൂ എന്ന ബേബിമോളുടെ തിരുത്ത് അയാളിലെ ആണിനെ മാത്രമല്ല നമ്മുടെ സിനിമകളില്‍ വര്‍ഷങ്ങളായി തുടരുന്ന മുഴുവന്‍ നായകസങ്കല്പ്പത്തെത്തന്നെയും വെല്ലുവിളിക്കുന്നതാണ്.
പട്ടികളെയും പൂച്ചകളെയും കൊണ്ടുവിടാനുള്ള ആ തുരുത്ത് (കുമ്പളങ്ങി) സ്നേഹത്തിന്റെ തുരുത്തുകൂടിയാണ്. അവിചാരിതമായി വന്നുചേരുന്ന ഫെമിനിസ്റ്റുകളല്ലാത്ത സാധാരണ പെണ്ണുങ്ങള് കുമ്പളങ്ങിയിലെ രാത്രികളെ കവിതപോലെ മനോഹരമാക്കുന്നു. നന്മ മാത്രമുള്ള ഇതിലെ പെണ്ണുങ്ങള് തനതു വാര്പ്പുമാതൃകകളായവതരിപ്പിക്കപ്പെട്ട് പെണ്ണുങ്ങളില്‍ നിന്ന് പുറത്തു കടന്നവരാണ്.
കുമ്പളങ്ങിയിലെ രാത്രികള്‍ ഓരോ ഫ്രൈയിമിലും മനോഹരങ്ങളാണ്. അവിടെക്കാണുന്ന സഹോദരങ്ങള്‍ പല തന്തമാര്ക്കുണ്ടായവരാണെങ്കിലും അവരുടേത് നാട്യങ്ങളില്ലാത്ത ജീവിതമാണ്. കരയാന്‍ കഴിയാത്തത് ചികിത്സിക്കപ്പെടേണ്ട ഒരസുഖമായി കാണാനുള്ള പാകം അവര്‍ക്കുണ്ട്. ഭ്രാന്തമായി ചിരിക്കുകയും കരയുകയും വഴക്കടിക്കുകയും ചെയ്യുന്നത് ആണത്തത്തിന്റെ കെട്ടിപ്പൊക്കിയ വ്യവസ്ഥകള്‍ക്കു പുറത്തുനില്‍ക്കുന്നതാണ്. വ്യവസ്ഥാപിതമായ ആണത്തത്തെ അവര്‍ ആഗ്രഹിക്കുന്നില്ല. പകരം തങ്ങള്‍ക്കുള്ളിലെ സ്ത്രൈണാവബോധത്തെ വീണ്ടെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈയൊരു ഉള്‍നോട്ടം (ഇന്ട്രോസ്പെക്ഷന്) കുമ്പളങ്ങിയിലെ സഹോദരങ്ങള്‍ക്കുണ്ടെങ്കില്‍ ഷമ്മി പരാജയപ്പെടുന്നതും അവിടെയാണ്. ഇണക്കങ്ങളിലും പിണക്കങ്ങളിലും അവരതാസ്വദിക്കുന്നുണ്ട്. ഷമ്മിയെന്ന കഥാപാത്രത്തിന് ഒരിക്കലും എത്തിച്ചേരാനാവാത്ത തുരുത്താണത്. മോളേ എന്നുള്ള അയാളുടെ വിളിയും ചിരിക്കുമ്പോള്‍ വലിഞ്ഞു മുറുകുന്ന അയാളുടെ മുഖവും ആണത്തമെന്ന സങ്കല്‍പ്പത്തെ മധുരമായിട്ടല്ല മറിച്ച് ക്രൂരമായിട്ടാണവതരിപ്പിക്കുന്നത്. കവിഞ്ഞ ആണെന്ന ബോധ്യം വട്ടാണെന്ന് സിനിമ പറയുന്നിടത്താണ് കുമ്പളങ്ങി മനോഹരമാകുന്നത്. അരികുജീവിതങ്ങളെ അവതരിപ്പിച്ചുവെങ്കിലും നായകകഥാപാത്രത്തിനു ചുറ്റും കറങ്ങുന്ന കഥാപാത്രങ്ങളെയാണ് കമ്മട്ടിപ്പാടത്തില്‍ കണ്ടത്. സവര്ണ്ണപൗരുഷമെന്ന സങ്കല്പ്പത്തിന് ഒട്ടും പരിക്കേല്‍ക്കാതെ നിശബ്ദരായി അയാള്ക്കുകീഴൊതുങ്ങുന്ന കഥാപാത്രങ്ങളാണ് കണ്ടതെങ്കില്‍ കുമ്പളങ്ങി ആ കാഴ്ചയെ തിരിച്ചിടുന്നു.
സൈബിനും, ഷെയിനും, ശ്രീനാഥ് ഭാസിയും, ഫഹ്ദും, ശരീരഭാഷകൊണ്ട് കഥാപാത്രങ്ങളായി ജീവിച്ചുകാണിച്ചിരിക്കുന്നു. സാങ്കേതികതയിലും കലാപരതയിലും സിനിമ പുതുമയുള്ളതാണ്. ഛായാഗ്രഹണം വിശേഷിച്ചും. സ്ത്രീകഥാപാത്രങ്ങളെല്ലാം ചിന്തിക്കാന്‍ കെല്‍പ്പുള്ള സ്വതന്ത്രവ്യക്തികളാണ്. വാര്പ്പുതൃകകളില്നിന്ന് സ്ത്രീകളെ രക്ഷപ്പെടുത്തിയിരിക്കുന്നു എന്നതും ആശ്വാസമാണ്. യഥാര്‍ത്ഥത്തില്‍ കുമ്പളങ്ങിയിലെ വെളിച്ചങ്ങള്‍ ഈ സ്ത്രീകള്‍ തന്നെയാണ്.