'മാസ്സ്' എന്ന് പറഞ്ഞ് കഥയോ ആവിഷ്കരണഭംഗിയോ ഒന്നും തന്നെയില്ലാത്ത ഒരു പാട് സിനിമകൾ ഇറങ്ങാറുണ്ട്. അതിൽ വ്യത്യസ്താമായ ഒരനുഭവമായിരുന്നു ലൂസിഫർ. നായകനായി ഒരുപാട് തവണ മലയാളികളുടെ മനംകവര്‍ന്ന പൃഥ്വിരാജ് ഇവിടെ നമ്മെ സംവിധായകനായി വന്നു ഞെട്ടിച്ചു. കഥയുടെ അടിത്തറ രാഷ്ട്രീയമാണെങ്കിലും സമൂഹത്തിൽ നടക്കുന്ന അനീതികള്ക്കുനേരെയാണ് സിനിമ വിരല്‍ചൂണ്ടുന്നത്.
കർമ്മം കൊണ്ട് നായകനും നാമം കൊണ്ട് വില്ലനുമായ സ്റ്റീഫൻ നെടുമ്പള്ളിയെ അവതരിപ്പിച്ച മോഹൻലാൽ തന്റെ കഥാപാത്രത്തെ കണ്ണുകൾ കൊണ്ടും ഭാവങ്ങൾ കൊണ്ടും അവിസ്മരണീയമാക്കി! ഇടയ്ക്കിടെ വരുന്ന മാസ്സ് ഡയലോഗുകൾ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കെല്‍പ്പുള്ളവയാണ്. ആക്ഷൻ രംഗങ്ങൾ തീരുവോളും ഒരു പ്രേക്ഷകനെ നിർത്താതെ കയ്യടിപ്പിക്കാൻ നവാഗത സംവിധായകണ് സാധിച്ചു. ഗാനങ്ങളിൽ അസാധാരണത്വം അനുഭവപ്പെട്ടില്ലെങ്കിലും പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മനോഹാര്യതയ്ക്ക് പകിട്ടേകി. കഥയിൽ അത്രമാത്രം പുതുമയില്ല എന്നത് ഒരു വസ്തുതയാണ്..ഷാജികൈലാസിന്റെയും അമൽ നീരദിന്റേയും സംവിധാനത്തിന്റെ ഒരു മിശ്രിതം പോലെ തോന്നി ലൂസിഫർ. ദൃശ്യത്തിന് ഭംഗി കൊടുക്കാൻ ക്യാമറക്ക് സാധിച്ചു. യാഥാര്‍ത്ഥ്യവുമായി കഥയ്ക്ക് വലിയ ബന്ധമൊന്നുമില്ലെങ്കിലും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളിലൂടെയും, കഥ പറയുന്നത്തിന്റെ ഭംഗിയിലൂടെയും ചിത്രം പ്രേക്ഷകമനസ്സിൽ തൃപ്തി നിറയ്ക്കും. ടോവിനോ തോമസ്, ബൈജു, മഞ്ജു, സാനിയ, പൃഥ്വിരാജ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രത്തെ ഭംഗിയാക്കി. സിനിമയും കഥാപാത്രങ്ങളും 'മോഹൻലാൽ' എന്ന നടനു വേണ്ടി സൃഷ്ടിച്ചപോലെ തോന്നി. ക്ലൈമാക്സിൽ വരുന്ന ആ ട്വിസ്റ്റ് ആസ്വാദനത്തിന്റെ സുഖം കൂട്ടി.
എങ്കിലും, കഥ ആഗ്രഹിക്കുന്നവർ ഈ സിനിമയിൽ നിന്ന് ഏറെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് വേണം പറയാൻ. പക്ഷെ, മാസ്സ് രംഗങ്ങൾ കാണാനിഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഒരു മസ്റ്റ്-വാച്ച് ചിത്രം തന്നെയാണ്.