നല്ല സിനിമയാണെന്ന് ഒരു സുഹൃത്തു പറഞ്ഞെങ്കിലും അല്പം മടിച്ചാണ് കുഞ്ചാക്കോ ബോബന്റെ സിനിമ കാണാൻ തീയ്യേറ്ററിലെത്തിയത്. വന്നവഴിയിൽ ഒരു കുഴിപോലും ഉണ്ടായിരുന്നില്ല. ടിക്കറ്റെടുക്കാൻ വരിയിൽ നിന്നപ്പോൾ പോലും കാണണോ കാണേണ്ടയോ എന്ന ശങ്ക വിട്ടുമാറിയിരുന്നില്ല. പെട്ടെന്നു നീണ്ട ബെല്ലടി കേട്ടു, ഫസ്റ്റ്ഷോ കഴിഞ്ഞ് ആളുകൾ ഇറങ്ങിവരുന്നു. തളിപ്പറമ്പിലായതുകൊണ്ട് പരിചയക്കാരുണ്ടാവാനുള്ള സാധ്യത തീരെ കുറവായിരുന്നു. ആരെങ്കിലും അഭിപ്രായം പറയുന്നതു കേൾക്കാൻ വേണ്ടി കാത് പരമാവധി കൂർപ്പിച്ചുവെച്ചു. അപ്പോഴാണ് പടികളിറങ്ങിവരുന്ന ആ അപൂർവ്വ സഹോദരങ്ങളിൽ കണ്ണ് തടഞ്ഞത്. എന്നെ കണ്ടത് ജോജുവിന്റെ തംസ് അപ്. അതോടെ ശങ്ക മാറി ക്യൂവിൽ ഉറച്ചു നിന്ന് ടിക്കറ്റെടുത്തകത്തുകയറി. സിനിമ തുടങ്ങുന്നതിനു മുമ്പെ ന്യൂജെൻ പിള്ളേരെക്കൊണ്ട് സീറ്റുകൾ നിറഞ്ഞു.
ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീര സിനിമ. അൻഡ്രോയ്ഡ് കുഞ്ഞപ്പനിലീടെ വന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധായകനെന്ന നിലയിൽ തന്റെ ഇടം ഈ സിനിമയിലൂടെ അനശ്വരമാക്കിയിരിക്കുന്നു. ഡയലോഗും എഡിറ്റിംഗും ഗംഭീരം. ഉത്തരമലബാറിന്റെ ഭാഷാഭേദത്തെ മികച്ചരീതിയിൽ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബനേക്കാൾ മികച്ച രീതിയിലഭിനയിക്കുന്ന സഹനടന്മാരാൽ സമ്പന്നമായ ചിത്രം. സഹസംവിധായകൻ കൂടിയായിരുന്ന (തൊണ്ടിമുതലും ദൃക്സാക്ഷിയും) രാജേഷ് മാധവനൊക്കെ എമ്മാതിരി അഭിനയം. തീയ്യേറ്ററിനെ ഒന്നടങ്കം ചിരിപ്പിക്കുന്ന നർമ്മരംഗങ്ങളാൽ സമ്പന്നമാണീ സിനിമ, ഏതു മസിലുപിടുത്തക്കാരനും ചിരിച്ചുപോകും. എ റിയൽ എന്റർടെയിനർ ആസ് വൽ ആസ് പൊളിറ്റിക്കൽ സറ്റയർ. ഒരുകാര്യം സൂചിപ്പിക്കാതെ വയ്യ, വിവാദമായപ്പോൾ ന്യായീകരിച്ചതുപോലെ അത്ര നിഷ്കളങ്കമായിരുന്നില്ല സിനമയെടുത്തവരുടെ ലക്ഷ്യം. ഉത്തരമലബാറിലെ ചുവപ്പ് രാഷ്ട്രീയത്തെ നേരിട്ടു തോണ്ടുന്ന സിനിമയ തന്നെയാണിത്. പക്ഷെ, അത് 'ചീഫ് മിനിസ്റ്റർ ഗൌതമി' പോലെ ചളമാക്കാതെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ 'ന്ന താൻ കേസ് കൊട്' സിനിമാകലാകാരന്മാർ വിജയിച്ചിരിക്കുന്നു. സിനിമ കാണില്ല എന്നു പറഞ്ഞവർ പോലും തലയിൽ മുണ്ടിട്ട് പോയി കാണേണ്ട സിനിമ.