പര
മ്പരാഗത നായക-നായികാ സങ്കല്‍പ്പങ്ങള്‍ പൊളിച്ചടുക്കുന്ന പണി മലയാളസിനിമയില്‍ നല്ല നിലയില്‍ തുടരുന്നു എന്ന് തമാശ കണ്ടപ്പോള്‍ തോന്നി. തന്റെ വീട് തൊഴിലിടം എന്നിവിടങ്ങളില്‍ മാത്രം ഒതുങ്ങിജീവിക്കുന്ന കോളേജ് അധ്യാപകനായ ശ്രീനിവാസന് മാഷി(വിനയ് ഫോര്‍ട്ടി)ന്റെ കഥയാണിതില്‍. മുപ്പത്തൊന്നു വയസ്സേയായിട്ടുള്ളൂവെങ്കിലും കഷണ്ടിത്തലയനായതിനാല് വിവാഹാലോചനകള്‍ മുടങ്ങുന്നതിന്റെയും അതുമായി ബന്ധപ്പെട്ട് അയാളനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുമാണ് കേന്ദ്രപ്രമേയം. പ്രത്യക്ഷത്തില്‍ പറയുന്നത് ഇക്കാര്യമാണെങ്കിലും യഥാര്‍ത്ഥത്തില്‍ അയാളുടെ പ്രശ്നങ്ങള്‍ക്കുകാരണം മുടിയില്ലാത്തതുമാത്രമല്ലെന്നതാണ് സിനിമ സൂക്ഷ്മാര്‍ത്ഥത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. അയാളുടെ മുന്‍വിധികളാണ് യഥാര്‍ത്ഥ കാരണക്കാരന്‍. മാഷിന്റെ സ്വഭാവത്തെയാണ് സൂക്ഷ്മാപഗ്രഥനത്തിനു ആ അര്‍ത്ഥത്തില്‍ സിനിമ വിധേയമാക്കുന്നത്.
ശ്രീനിവാസന്റെ സുഹൃത്തായി (അവര്‍ക്കിടയിലെ സൗഹൃദംപോലും എത്രമാത്രം ഉപരിപ്ലവമായിരുന്നു എന്ന് റഹീമിന്റെ ഭാര്യയെക്കുറിച്ചുള്ള അജ്ഞതയില്നിന്നടക്കം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നു) വരുന്ന റഹീം ഈ രണ്ടു കഥാാപാത്രങ്ങളുടെയും താരതമ്യത്തിനു കാണികളെ അറിഞ്ഞോ അറിയാതെയോ പ്രേരിപ്പിക്കുന്നു. ങ്ങള് ഞമ്മളെ നോക്കിം മാഷെ എന്ന് റഹിം നിരന്തരം പറയുന്നുണ്ടെങ്കിലും അവര്‍ക്കിടയില്‍ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിലാണെങ്കിലും മറ്റു മനോഭാവങ്ങളിലാണെങ്കിലും നികത്താനാവാത്ത വിടവിട്ടാണ് സിനിമയെടുത്തിട്ടുള്ളത്. അത് സംവിധായകന്റെ ബോധപൂര്‍വ്വമായ തിരഞ്ഞുടുപ്പാണ് (തിരഞ്ഞെടുപ്പാണ്).
ശ്രീനിവാസന്റെ തെറ്റായ മുന്‍വിധിക്ക് മറ്റൊരു തെളിവാണ് 31 വര്‍ഷമായി ഒരുമിച്ചുകഴിയുന്ന സ്വന്തം വീട്ടുകാരുടെ നിലപാടുപോലും മനസ്സിലാക്കുന്നതില്‍ അയാള്‍ പരാജയപ്പെടുന്നത്. ഒരു മുസ്ലിം പെണ്‍കുട്ടിയെപ്പോലും മരുമകളായി സ്വീകരിക്കാന്‍ ആ ഹിന്ദു ഭക്തയായ അമ്മ യാതൊരു മടിയും കൂടാതെ തയ്യാറാകുന്നു എന്നതില്‍ തെളിയുന്നത്. ആ വിട്ടീല്‍ മറ്റെല്ലാവര്‍ക്കും നല്ലപോലെ മുടിയുണ്ട് അച്ഛനാണെങ്കില്‍ വൈദ്യരും. എന്നിട്ടും അയാള്‍ക്കെങ്ങിനെ മുടിയില്ലാണ്ടായി എന്നു മാത്രമല്ല അതില്‍ അയാളുടെ ജീവിതം കുടുങ്ങിക്കിടക്കുന്നു എന്നതും മാത്രമാണ് ഈ സിനിമയിലെ തമാശ, മറ്റെല്ലാം അവരവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഗൗരവങ്ങളാണ്.
എല്‍.സി.എച്.എഫ് അടക്കം നിരവധി മുറിവൈദ്യപ്രയോഗങ്ങളും മറ്റും നടത്തി സ്വാഭാവിക ശരീരപ്രകൃതത്തെ കൃത്രിമമായി വെട്ടിച്ചുരുക്കുന്നവര്ക്കും, മുട്ടോളംമുടി എന്നത് പ്രാര്‍ത്ഥനയിലെ നിത്യവിഭവമാക്കുന്നവര്ക്കും ഇടയില്‍ തികച്ചും വ്യത്യസ്തവും മാതൃകാപരവുമായി തന്റെ ശരീരപ്രകൃതത്തെ അതിന്റെ സ്വാഭാവികതയില്‍ ആസ്വദിക്കുകയും കാന്‍സര്‍ രോഗികളുടെ ചികിത്സാഫണ്ടിലേക്കായി സ്വന്തംമുടി മുറിച്ചുകൊടുക്കുകയും ചെയ്യുന്ന ഇതിലെ നായിക വേറിട്ടുനില്ക്കുന്നു. ചില സീനുകള്‍ വേണ്ടിയിരുന്നില്ല എന്നു തോന്നി ഉദാഹരണത്തിന് മാഷിന്റെ നിയമന ഉത്തരവുമായി പോസ്റ്റുവുമണ്‍ കാമ്പസിലൂടെ കടന്നുവരുന്ന രംഗം.
ഇഷ്ടപ്പെട്ടു തമാശ.