പ്രളയകാലകേരളത്തെ വിലയിരുത്തി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പഴമക്കാരനായൊരു സ്ക്കൂളധ്യാപകന്‍ പറഞ്ഞത്, സ്വാതന്ത്ര്യസമരകാലത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ ഒരുമ എന്നാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയവും മതവും കലര്‍ത്താതെ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മലയാളി ഒന്നിച്ചിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. സാന്നിധ്യവും പണവും പ്രാര്‍ത്ഥനയുമായി ലോകത്തുള്ള മലയാളികളെല്ലാം ഒരു മനസ്സും ശരീരവുമായി ചെറുതാവുകയല്ല വല്ലാതെ വലുതായിത്തീര്‍ന്നിരിക്കുന്നു.
മലയാളികള്‍ മാത്രമല്ല വിവരമറിയുന്ന മനുഷ്യരെല്ലാം പിന്തുണയുമായെത്തുന്നുണ്ട്. രണ്ട്മൂന്നുവര്ഷം കേരളത്തിലുണ്ടായിരുന്ന ഇപ്പോള്‍ ദില്ലിയില്‍ സ്ഥിരതാമസമാക്കിയ ഒരു ബീഹാറി സുഹൃത്ത് പ്രളയബാധിത കേരള ഫണ്ടിലേക്കും വരള്‍ച്ചബാധിത ബീഹാര്‍ ഫണ്ടിലേക്കും ഒരേദിവസം സംഭാവന നല്‍കിയതിന്റെ അനുഭവം വിവരിച്ചത് വളരെ വൈകാരികമായിട്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേരളത്തിന് കൈത്താങ്ങായി സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന വാര്‍ത്തകള്‍ ആശ്വാസം പകരുന്നു. പ്രകൃതിദുരന്തങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള വിവിധ കേന്ദ്രസേനകളും കേരളത്തെ സഹായിക്കാനെത്തിയിട്ടുണ്ട്. അവരടക്കം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍പേരും സ്വന്തം ജീവനേക്കാള്‍ വലുതാണ് അപരന്റെ ജീവന് എന്ന ദൃഢനിശ്ചയത്തോടെയാണ് ദുരന്തപ്രദേശങ്ങളിലുള്ളത്.
ഈ സന്ദര്‍ഭത്തില്‍ ഒരുകാരണവശാലും, എന്തിന്റെ പേരിലായാലും നാം തര്‍ക്കത്തിലേക്ക് വഴുതരുത്. പരിമിതികളും പോരായ്മകളും കണ്ടേക്കാം അത് പിന്നീട് പറഞ്ഞു തര്‍ക്കിക്കുകയോ കളിയാക്കുകയോ ചെയ്യാം. ഇത് അതിനുള്ള അവസരമല്ലെന്നോര്ക്കുക. ഇപ്പോള്‍ നാം നില്‍ക്കേണ്ടതുണ്ട്, ഒരുമയോടെ കേരളത്തിനൊപ്പം.
------------------
ടീം
kavad.in