| 1 നവംമ്പര്‍ 2018 | സി.യു. കാമ്പസ്|
ഭരണപരമായ സൗകര്യത്തിനുള്ള ഒരുപാധി എന്നതിലപ്പുറം ഭാഷാപരമായോ സാംസ്കാരികമായോ നവമ്പര്‍ ഒന്നിലെ കേരളപ്പിറവിക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് പ്രമുഖ ചരിത്രപണ്ഡിതന്‍ ഡോ. കേശവന് വെളുത്താട്ട്. കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം സംഘടിപ്പിച്ച 'ഐക്യകേരളം ഭാവന, ചരിത്രം , യാഥാര്‍ത്ഥ്യം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം എന്ന തോന്നല്‍ ബി.സി മൂന്നാം നൂറ്റാണ്ടിലെ അശോക ശാസനത്തില്‍ കണ്ടെടുക്കാനാകും. എ.ഡി എട്ട് പതിനാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ തന്നെ വളരെ കൃത്യമായ അര്‍ത്ഥത്തില്‍ കേരളം എന്നു പറയാവുന്ന ബോധം ഉണ്ടായിവരുന്നുണ്ട്. ചേരന്മാര് എന്നതിലെ ചേരല്‍ എന്നതാണ് പിന്നീട് കേരള് ആയി രൂപാന്തരപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. പി. മോഹനന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.ഇ ഡയറക്ടറും ചരിത്രവിഭാഗം തലവനുമായ ഡോ. പി. ശിവദാസന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
ചരിത്രത്തിലറിയപ്പെടുന്ന കേരളം അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് തുടര്‍ന്ന് പ്രബന്ധമവതരിപ്പിച്ച് സംസാരിച്ച പ്രമുഖ ചരിത്രകാരന് പ്രൊഫ. രാഘവവാര്യര് പറഞ്ഞു. കോളനിവാഴ്ച നമുക്കുമേല്‍ ഭീകരമായ ദേഹദാസ്യം, ജീവനദാസ്യം, ജ്ഞാനദാസ്യം തുടങ്ങിയ ദാസ്യവല്ക്കരണ പരിക്കുകള്‍ ഏല്‍പ്പിക്കുകയുണ്ടായി. ഇത്തരം ദാസ്യനിര്മ്മിതി തലങ്ങള്‍ കേരളത്തിന്റെ വ്യവഹാരരൂപങ്ങള്ക്കേല്പ്പിച്ച അപകടത്തില്‍നിന്നുള്ള മോചനമായിരുന്നു 1956 നവംമ്പര്‍ 1 മുതല്‍ യഥാര്‍ത്ഥത്തില്‍ നാം നടത്തേണ്ടിയിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നും ആ ചികിത്സ നടക്കുന്നില്ല. കേരളത്തെ പുനസൃഷ്ടിക്കാന്‍ ഇത്തരമൊരു ജനാധിപത്യ ജാഗ്രത ആവശ്യമാണ്. ഇത് ജനപ്രതിനിധികള്‍ തിരിച്ചറിയാതെ പോകുമ്പോള്‍ ജനാധിപത്യത്തിന് ജീര്‍ണ്ണത സംഭവിക്കുന്നു. ലോകത്ത് മനുഷ്യന് വിജയകരമായി ജീവിക്കാനുള്ള ഉപാധിയാണ് ചരിത്രം, അതുകൊണ്ട് ക്ലാസ് മുറികളില്‍ ചടഞ്ഞിരിക്കാതെ ചരിത്രവിദ്യാര്‍ത്ഥികള്‍ ഓരോ മനുഷ്യന്റെയും ജീവിതത്തെപ്പറ്റി സവിശേഷമായി പഠിക്കാന്‍ ക്ലാസ് മുറികള്‍ വിട്ട് സമൂഹത്തിലേക്കിറങ്ങണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡോ. കെ. ഗോപാലന്‍കുട്ടി, ഡോ. എം. വത്സലന്‍, ഡോ. കെ.എം. അനില്‍ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.