ചിലരുടെ വേര്‍പാട് നമ്മളെ അത്രയേറെ സങ്കടപ്പെടുത്തും. ഡോ. ജയകുമാര്‍ അത്തരത്തിലൊരാളായിരുന്നു. മോന് ഒരു വയസ്സു വരെ നിര്‍ത്താതെയുള്ള വയറിളക്കം. ഒരു ഡോക്ടറുടെ കൈപ്പിഴ മൂലം ഓവര്‍ഡോസ് ആന്റിബയോട്ടിക് മരുന്നുകള്‍ കുത്തിവെച്ചതിന്റെ ഫലമായി ഉണ്ടായ ആന്റിബയോട്ടിക് ഇന്‍ഡ്യൂസ്ഡ് ഡയേറിയ ആയിരുന്നു അത്. മുലപ്പാലുപോലും അവന് വയറിനു പിടിക്കാതെയായി. തുണിയും ഡയപ്പറുമെല്ലാം അമിതമായി ഉപയോഗിക്കുന്നതിനാല്‍ തൊലിപോയ വേദന വേറെ. കുഞ്ഞുങ്ങളുടെ ഉദരരോഗ വിദഗ്ധനെ കാണിച്ചു. ഒരു ചികിത്സയും ഫലിക്കുന്നില്ല. അങ്ങനെയാണ് ജയകുമാര്‍ സാറിനെ കാണിക്കുന്നത്. അലോപ്പതിയെ മാത്രം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന എനിക്ക് ജയകുമാര്‍ സാര്‍ വല്ലാത്ത അത്ഭുതമാണുണ്ടാക്കിയത്. മാറിക്കോളുമെന്നദ്ദേഹം ഉറപ്പു പറഞ്ഞു. ജ്യേഷ്ടന്റെ ഒരിക്കലും മാറാത്ത സൈനസൈറ്റിസ് മാറിയതിന്റെ ഓര്‍മ്മകൂടി ഉള്ളതുകൊണ്ട് എനിക്കതൊരാശ്വാസമായി.
ദിവസവും ഓരോ ഹോമിയോ മണി. ഒന്നരമാസം കൊണ്ട് മോന് പൂര്‍ണ്ണമായും ഭേദമായി. ഒരു സാധാരണ ഹോമിയോ ഡോക്ടറായിരുന്നില്ല ജയകുമാര്‍ സാര്‍. പേഷ്യന്റ്സ് ഹിസ്റ്ററി കുറിച്ചു വെയ്ക്കാനൊരു രെജിസ്റ്റര്‍ പോലും ആവശ്യമില്ലാത്ത അദ്ദേഹത്തിന്റെ ഓര്‍മ്മശക്തി അപാരമായിരുന്നു. രോഗിയെയും രോഗത്തെയും ബന്ധുക്കളെയുമെല്ലാം മഃനപാഠമാക്കും. പത്തു വർഷം മുമ്പു കണ്ട രോഗിയുടെ വിവരങ്ങൾ, കൊടുത്ത മരുന്നുകള്‍ എന്നിവ ഓർമിച്ചെടുക്കും. തരുന്ന മരുന്ന് കഴിച്ചാൽ രോഗം മാറും എന്ന് രോഗിക്ക് തോന്നുന്ന തരത്തിൽ പകർന്ന് തരുന്ന ആത്മവിശ്വാസം. പണത്തോട് ആർത്തിയില്ലായ്മ ഇതെല്ലാം അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഓര്‍മ്മക്കുറവിന് എന്തെങ്കിലും മരുന്നുണ്ടോ എന്ന് ഉമ്മ അടുത്തിടെ സന്ദര്‍ശിച്ചപ്പോള്‍ ഡോക്ടറോടു ചോദിച്ചു. അതുകേട്ട് ഡോക്ടര്‍ സ്വതസിദ്ധമായ ശൈലിയില്‍ ചിരിക്കുമാത്രമാണ് ചെയ്തത്. ഒരുപക്ഷെ ഈ ചോദ്യം ആരെങ്കിലും വളരെ നേരത്തെ ചോദിച്ചിരുന്നെങ്കില്‍ ആ അത്ഭുതമനുഷ്യന് അതിനുള്ള പരിഹാരവും സ്വന്തം ബുദ്ധികൊണ്ട് ഉണ്ടാക്കിയെടുത്തേനെ. ആരോഗ്യനികേതനിലെ ജീവന് മശായി എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഡോക്ടറെ കാണുമ്പോള്‍ ഊഹിക്കാം.
സാല്‍ബുട്ടാമോള്‍ മരുന്നുകള്‍ മാറിമാറിക്കഴിച്ചിട്ടും വിട്ടുമാറാതിരുന്ന ആസ്ത്മ, ഉമ്മയുടെ വളരെ പഴകിയ ഗോയിറ്റര്‍, കസിന്റെ മോളുടെ കാലിലെ വിട്ടുമാറാത്ത ചൊറി.., പിന്നെയും ഡോക്ടറെന്നെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു.
സ്വന്തം ആരോഗ്യപ്രശ്നങ്ങള്‍ ഡോക്ടര്‍ക്കൊരു വിഷയമേ ആയിരുന്നില്ല. മക്കളുടെ നിര്ബന്ധംകൊണ്ടാണെന്നു തോന്നുന്നു കാരപ്പറമ്പിലെ വീട്ടില്‍ ഡോക്ടര്‍ ആളുകളെ നോക്കാന്‍ എത്താതായി. ഒടുവില്‍ കരുവാശ്ശേരിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും അത്യാവശ്യക്കാര്‍ സാറിനെ തേടിയെത്തി. രണ്ട് മാസത്തിലൊരിക്കലെങ്കിലും അവിടെയെത്തി ശല്യം ചെയ്തിരുന്ന രോഗികളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. വല്ലായ്കയിലും ജയകുമാര്‍ ഡോക്ടര്‍ എല്ലാവരെയും ആശ്വസിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്തു. ഒരുക്കലും മറക്കാനാവില്ല ആ സൗമ്യമായ ചിരി. കഴിഞ്ഞ ദിവസം വളരെ വൈകിയാണ് ഡോക്ടറുടെ മരണ വിവരം ഉമ്മ വിളിച്ചു പറഞ്ഞത്. ചിലരങ്ങനെയാണ് ദൈവത്തിന്റെ ഒരംശം പകര്‍ന്നു കിട്ടിയവര്‍. തിരുവനന്തപുരം സ്വദേശിയായിരുന്നിട്ടും കോഴിക്കോട് വിട്ട് പിന്നീടദ്ദേഹം എങ്ങോട്ടും പോയില്ല. വാപ്പക്ക് ഡോക്ടറെ 35 വര്‍ഷത്തെ പരിചയമുണ്ട്. കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജിന്റെ പ്രിൻസിപ്പൽ ആകുന്നതിന് മുമ്പ് കോളേജിൽ എൻ.എസ്.എസിന്റെ ചാർജ് വഹിച്ചിരുന്നു, വിദ്യാർത്ഥികളുടെ പ്രിയ അദ്ധ്യാപകൻ. പ്രശസ്തി ഒട്ടും ആഗ്രഹിക്കാത്ത കോഴിക്കോടിന്റെ പ്രയിപ്പെട്ടവരിലൊരാള്... വ്യക്തിപരമായി ഞങ്ങളുടെ തീരാനഷ്ടം...ആദരാഞ്ജലികൾ..!