മലയാളിക്ക് ഓണമെന്നത് സമത്വാധിഷ്ഠിതവും നീതിപൂർണവുമായ ഒരു ഭൂതകാലത്തിന്റെ സ്മരണകളെ എത്തിപ്പിടിക്കലാണ്. പ്രളയദുരന്തം എല്ലാ ഭേദചിന്തകളെയും ഭിന്നതകളെയും മറികടന്ന് നാം ഒന്നാണെന്നും ഒരുമിച്ചുനിന്നാലെ അതിജീവിക്കാനാവൂ എന്നും സർവ മലയാളികളെയും ചിന്തിപ്പിക്കുന്ന സന്ദർഭത്തിലാണ് ഈ വർഷത്തെ ഓണം കടന്നുപോകുന്നത്. പ്രളയദുരന്തബാധിതരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള യത്നത്തിലാണ് നാം ഓരോരുത്തരും. മലയാളിയുടെ നന്മയുടെയും സമഭാവനയുടെയും സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്ന ഓണദിനാശംസകൾ നേരുന്നു...
മലയാളിയുടെ ഗോത്രവംശാവലിയിലെവിടെയോ അന്തർലീനമായി കിടക്കുന്ന മാവേലിക്കാലത്തിന്റെ സ്മരണ. മാനുഷരെല്ലാവരും ഒന്നുപോലെ കഴിഞ്ഞ കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത സമത്വവും നീതിയും പുലർന്ന അസുരചക്രവർത്തിയായ മഹാബലിയുടെ ഭരണകാലത്തെക്കുറിച്ചുള്ള സ്മരണ. തലമുറകളിലൂടെ മലയാളികൾ വിനിമയം ചെയ്തുപോരുന്ന മാവേലിക്കഥയാണ് ഓണത്തിന്റെ ഐതിഹ്യവും ചരിത്രവുമെന്ന് പറയാം.
അസമത്വങ്ങളും അനീതിയും അവസാനിപ്പിച്ച മാവേലി ഭരണത്തിന് അന്ത്യംകുറിക്കാനാണ് മഹാവിഷ്ണു വാമനനായി അവതരിച്ചത്. സ്ഥിതിസമത്വാശയങ്ങളോടും ജനങ്ങളുടെ ക്ഷേമപൂർണമായ ജീവിതത്തോടും അസഹിഷ്ണുതപൂണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട ഭരണാധികാരിയെ വാമനാവതാരം കൊണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയത്.
ഇന്ന് മഹാബലിയെ അനുസ്മരിക്കുന്ന ഓണത്തെക്കുറിച്ചുള്ള ഐതിഹ്യകഥയെതന്നെ ഹിന്ദുത്വവാദികൾ ചോദ്യംചെയ്യുകയാണ്. ചരിത്രത്തെയും മിത്തുകളെയുമെല്ലാം ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുത്വനിർമ്മിതിക്ക് ആവശ്യമായ രീതിയിൽ അപനിർമ്മിച്ചെടുക്കുകയാണല്ലോ വർഗീയവാദികൾ. മഹാബലിയുടെ കഥയെ അട്ടിമറിച്ച് ഓണത്തെ വാമനന്റെ വിജയകഥയാക്കിമാറ്റുകയാണവർ. ഐതിഹ്യകഥകൾക്കപ്പുറത്ത് കാർഷികസംസ്കൃതിയിൽ നിന്ന് വാണിജ്യജീവിതത്തിലേക്ക് പരിണമിക്കുന്ന ഒരു ജനതയുടെ ചരിത്രകാലഘട്ടത്തിലാവാം ഓണോത്സവങ്ങളുടെ അടിവേരെന്നാണ് പല പണ്ഡിതരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഓണത്തെക്കുറിച്ചുള്ള ചരിത്രാനേ്വഷണങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സംക്രമിച്ചതാണ് ഓണാഘോഷമെന്ന അഭിപ്രായം ശക്തമാണ്. ക്ഷേത്രോത്സവമായിട്ടാണ് ഓണം തുടങ്ങിയതെങ്കിലും പിന്നീടത് ഗാർഹികോത്സവമായി മാറുകയായിരുന്നു. തൃക്കാക്കരയിൽ ഓണാഘോഷം തുടങ്ങുന്നതിന് എത്രയോ മുമ്പ് കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ ഓണം ആഘോഷിച്ചിരുന്നതായി സംഘകൃതികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സംഘകൃതികളിൽ ഇന്ദ്രവിഴ എന്നാണ് ഓണത്തെപ്പറ്റിയുള്ള സൂചന. 'മധുരൈകാഞ്ചി'യിലാണ് ഓണം പരാമർശിക്കപ്പെടുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന കാലമാണ് പൊന്നിൻ ചിങ്ങമാസം. വിദേശകപ്പലുകൾ സുഗന്ധവ്യാപാരത്തിനായി കപ്പലുകളുമായി വന്ന് വിലയായി സ്വർണം നൽകുന്ന കാലമാണിതെന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടാണ് പൊന്നിൻ ചിങ്ങമാസമെന്നും പൊന്നോണമെന്നും ഈ മാസത്തെ വിളിക്കുന്നത്.
അതായത് വിളവെടുപ്പിന്റെയും കാർഷികോത്പന്നങ്ങളുടെ വ്യാപാരത്തിന്റെയും സമയമാണ് ഓണക്കാലമെന്നത്. കേരളീയരുടെ വംശനാഥനായി മാവേലി പിറന്നത് തിരുവോണ നാളിലായിരിക്കാമെന്നും അതുകൊണ്ടാണ് പൊന്നും പൊരുളും കൊണ്ടുവരുന്ന ആഘോഷനാളുകൾ മാവേലിയുടെ പിറന്നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചതെന്നും പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്. ചരിത്രവും മിത്തുകളും ചേർന്ന മലയാളിയുടെ സമൃദ്ധിയുടെയും സമത്വത്തിന്റെയും നാളുകളെ അനുസ്മരിക്കുന്ന കാലമാണ് ഓണക്കാലം.
പ്രളയ ദുരന്തങ്ങളിൽ നിന്ന് കേരളത്തെ വീണ്ടെടുക്കണം. പുനർനിർമ്മിക്കണം. പുതിയൊരു കേരളം സൃഷ്ടിക്കണം. മനുഷ്യനും പ്രകൃതിയും സംരക്ഷിക്കപ്പെടുന്ന കേരളം. ഏതാപത്തിനെയും ഇച്ഛാശക്തിയോടെ, ആസൂത്രണത്തിന്റെ കർമ്മശേഷിയോടെ നേരിടാൻ നമുക്ക് കഴിയണം. ഓണാംശസകൾ...
കെ.ടി. കുഞ്ഞിക്കണ്ണന്