ചാലിയാര്‍ കരകവിഞ്ഞെത്തിയ അരീക്കോട് ടൗണില്‍ വ്യാപാരികള്‍ക്കും യാത്രികര്‍ക്കും ആശ്വാസമായി മാസ് പ്രവര്‍ത്തകര്‍. വെള്ളം കയറുന്ന കടകളില്‍നിന്നും സാധനങ്ങളും മറ്റും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയും കുടുങ്ങിപ്പോയ വാഹനങ്ങള്‍ രക്ഷപ്പെടുത്തിയും ഈ കൂട്ടായ്മ ഏറെ സഹായിച്ചതായി വ്യാപാരിയായ സൈമോട്ട് മൊബൈല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ താജുദ്ധീന്‍ ഇബ്രാഹിം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ദുരിതബാധിത സ്ഥലങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മാസ് പ്രവര്‍ത്തകര്‍. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഒരു പുണ്യകര്‍മ്മം എന്ന നിലയിലാണ് ഇവര്‍ ദുരന്തഭൂമിയിലെ കണ്ണീരൊപ്പാന്‍ കര്‍മ്മനിരതരായിരിക്കുന്നത്. അരീക്കോടിനെ അപേക്ഷിച്ച് ഊര്‍ങ്ങാട്ടിരി മേഖലയിലാണ് ജീവഹാനിയും നാശനഷ്ടങ്ങളും ഏറെ ഉണ്ടായിട്ടുള്ളത്. ഇന്നും ഇന്നലെയുമായി കുറേപേര്‍ ഈ മേഖലയിലാണുള്ളത്. ഉറക്കവും വിശ്രമമില്ലാത്ത പ്രവര്‍ത്തനമായിരുന്നു ഇന്നലെ ഇവര്‍ക്കും. ഭക്ഷണവും കമ്പിളികളുമായി ഉരുള്‍പൊട്ടലുണ്ടായ പല മേഖലകളിലും എത്തിപ്പെടാന്‍പോലും ഏറെ പ്രയാസമാണ്.
കാലാവസ്ഥ പൂര്‍വ്വസ്ഥിതിയിലെത്തി ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും തിരിച്ചുപോയാലും ഇവരെ സംബന്ധിച്ച് ദുരന്താനന്തര ജീവിതം ഏറെ കൈത്താങ്ങുവേണ്ടതായിരിക്കും. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക പാക്കേജുകളും മറ്റും ചുവപ്പുനാടകളില്‍ കുടുങ്ങാതെ, ഇടനിലക്കാര്‍ റാഞ്ചാതെ യഥാര്‍ത്ഥ ഗുണഭോക്താക്കിളിലെത്തേണ്ടതുണ്ട്. നഷ്ടപ്പെട്ട രേഖകളും മറ്റും ശരിയാക്കിയെടുക്കല്, മക്കളുടെ വിദ്യാഭ്യാസം, കടന്നുപോയ ട്രോമ തുടങ്ങി അതിജീവനത്തിന്റെ വലിയ വെല്ലുവിളികളാണ് ഇവര്‍ക്കു മുന്നിലുള്ളത്. അതിനവരെ സഹായിക്കാനുള്ള പദ്ധതികള്‍ ആലോചിച്ചുവരികയാണെന്നും ക്യാമ്പ് അവസാനിപ്പിച്ച് കയ്യൊഴിയാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പേര് പറയാനാഗ്രഹിക്കാത്ത ഒരു മാസ് പ്രവര്ത്തകന് kavad.in നോട് പറഞ്ഞു. ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല നാട്ടിലാകെ വ്യക്തികളും സന്നദ്ധസംഘങ്ങളും ദുരന്തമുഖത്ത് കര്മ്മനിരതരായിരിക്കുകയാണ്. അവര്‍ക്കാവശ്യമായ സഹായസഹകരണങ്ങള്‍ നല്കാന് മറ്റുള്ളവര്‍ മുന്നോട്ടുവരണം.