ഉപരോധംമൂലം വറുതിയിലായിരിക്കുമ്പോഴും മറ്റുരാഷ്ട്രങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി പ്രളയബാധിത കേരളത്തിന് ഖത്തറിന്റെ കൈത്താങ്ങ്. അമീര്‍ കേരളത്തിനായി 35-കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതറിഞ്ഞ് ഖത്തറിലെ മലയാളികള്‍ അതിരറ്റ ആഹ്ലാദത്തിലാണ്. അവരെ സംബന്ധിച്ച് കേരളം പെറ്റമ്മയും ഖത്തര്‍ പോറ്റമ്മയുമാണല്ലോ. നാട്ടിലെ ദുരന്തവാര്‍ത്തകളില്‍ തളര്‍ന്നിരിക്കുമ്പോള്‍ കേട്ട ഈ സഹായധനപ്രഖ്യാപനം അതുകൊണ്ടുതന്നെ ഖത്തറിലെ പ്രവാസിമലയാളികള്ക്കു നല്കിയ ഉണര്‍വ്വ് ചെറുതല്ല.
അറബ് രാജ്യങ്ങളില്‍ നിന്നും യു.എ.ഇ യുടെ അഞ്ച് കോടി പ്രഖ്യാപനമാണ് ആദ്യം വന്നത്. പിന്നീട് ഒമാനും മറ്റുള്ളവരും സഹായപ്രഖ്യാപനങ്ങള്‍ നടത്തി. ഒടുവിലാണ് അമീറിന്റെ പ്രഖ്യാപനം വന്നത് അര്‍ദ്ധരാത്രി ഖത്തര്സമയം ഒരു മണിക്ക്. പെനിന്‍സുല, ഗള്‍ഫ് ടൈംസ് എന്നീ അറബ് പത്രങ്ങളിലൂടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. നിലവില്‍ പല അറബ് രാജ്യങ്ങളുടെയും ഉപരോധത്തില്‍ പതറാതെ ധീരമായി അധിജീവിച്ച് മുന്നേറുന്ന ഖത്തര്‍ കേരളത്തെ അതിജീവിപ്പിക്കാനായി നല്കിയ ഈ വലിയ തുക അക്ഷരാര്‍ത്ഥത്തില്‍ ഖത്തര്‍ മലയാളികളെയും കേരളീയരെയും മാത്രമല്ല മറ്റ് അറബ് രാജ്യങ്ങളെയും ഞെട്ടിച്ചു. ഓരോ ഖത്തര്‍ മലയാളിക്കും അഭിമാന നിമിഷം.
ഇതിനു പുറമെ ഖത്തറിലെ ലോകപ്രശസ്ത ജീവകാരുണ്യ സംരഭമായ "ഖത്തര്‍ ചാരിറ്റി"യിലൂടെ "കേരളത്തെ നമുക്ക് കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്" എന്ന ഹാഷ്ടാഗ് ക്യാമ്പെയിനും ഇവിടത്തെ പൗരന്മാരെ ലക്ഷ്യമാക്കി തകൃതിയായി നടന്നുവരുന്നു. ഫണ്ട് മാത്രമല്ല അവശ്യവസ്തുക്കളും ശേഖരിച്ചുവരുന്നു. 'സ്പര്‍ശം' പോലുള്ള വിവിധ മലയാളി ഖത്തര്‍ സംഘടനകള്‍ അവരുടേതായ നിലയില്‍ വേറെയും ദുരിതാശ്വാസ സഹായപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. പ്രവാസലോകത്തെ ആശങ്കകള്‍ അകറ്റിയും, തല്‍സമയ വിവരങ്ങള്‍ നല്‍കിയും, വിനോദപരിപാടികള്‍ ഒഴിവാക്കിയും റേഡിയോ സുനോ, റേഡിയോ മലയാളം എന്നീ എഫ്.എം ചാനലുകള്‍ സ്തുത്യര്‍ഹമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ജന്മനടിന്റെ ആകുലതകളകറ്റാന് ഓരോ പ്രവാസി ഖത്തര്‍ മലയാളിയും തങ്ങളാലാവും വിധം നിതാന്ത ജാഗ്രതയിലാണെന്നു പറയാതെ വയ്യ. പോറ്റമ്മയായ ഖത്തര്‍ പെറ്റമ്മയായ കേരളത്തിനു നല്കുന്ന പിന്തുണയില്‍ ഞങ്ങള്‍ക്കുള്ള അഭിമാനവും ആഹ്ലാദവും പറഞ്ഞറിയിക്കാനാവാത്തതാണ്. താങ്ക്യൂ ഖത്തര്‍. കേരളം അതിജീവിക്കുകതന്നെ ചെയ്യും.
---------------
സഹീര്‍ വാടിയില്‍
(ഖത്തര്‍)