നമ്മള് മറന്നുതുടങ്ങിയെങ്കിലും ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ സേവനസംവിധാനശൃംഖലയാണ് തപാല്‍ വകുപ്പ്. പ്രളയക്കെടുതിയില്‍ കൈത്താങ്ങായ് താപാല്വകുപ്പുമുണ്ട് കേരളത്തോടൊപ്പം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭരിക്കുന്ന സാധനസാമഗ്രികള്‍ അര്‍ഹരായവരിലേക്ക് എത്തിച്ചുകൊടുക്കാനുള്ള പ്രയാസമാണ് സഹായിക്കാന്‍ തയ്യാറുള്ളവര്‍ പലരും അനുഭവിക്കുന്നത്. ഈ പ്രശ്നനത്തിനു പരിഹാരവുമായാണ് തപാല്‍വകുപ്പ് മുന്നോട്ടു വന്നിട്ടുള്ളത്. രാഷ്ട്രീയപാര്‍ട്ടികള്‍, സന്നദ്ധ സംഘടകള്‍, എന്‍.ജി.ഒ കള്‍ എന്നിവരിലൂടെ മാത്രമേ സഹായമെത്തിക്കാനാവൂ എന്ന നിര്‍ബന്ധമേതുമില്ലാതെ തികച്ചും സ്വകാര്യമായി സഹായം ചെയ്യണമെന്നാഗ്രഹിക്കുന്നവര്ക്കും അനുഗ്രഹമാവുകയാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്. ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ മറ്റുള്ളവരെ അറിയിക്കരുതെന്നാഗ്രഹിക്കുന്ന നിരവധിയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട് അവര്‍ക്കും ഇതൊരു സാധ്യതയാണ്.
കേരളത്തിലെ എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളിലും താഴെ പറയുന്ന സാധനങ്ങള്‍ സ്വീകരിച്ച് അതാത് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സൗജന്യമായി തപാല്‍ വകുപ്പ് എത്തിക്കുന്നതാണെന്ന സന്ദേശവും പരമാവധി ആളുകളിലെത്തട്ടെയെന്ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റല്‍ അസിസ്റ്റന്റ് ഹസ്ന അഷ്റഫ് പറഞ്ഞു.