ഒരവധിക്കാലത്ത് ഉമ്മയുടെ വീട്ടിൽ നില്ക്കുന്ന സമയം. പാതി രാത്രിയാണ്, ഉമ്മയുടെ ഉമ്മ അതായത് എന്റെ മ്മച്ചി എന്നെ ഉറക്കത്തിൽ നിന്ന് തട്ടി വിളിച്ചത്. "മോനെ, യ്യ് പൊറത്തേക്കൊന്ന് നോക്ക്" കള്ളനോ മറ്റോ ആയിരിക്കുമെന്നു കരുതി ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. മഴ പെയ്യുന്നതല്ലാതെ വേറൊന്നും കണ്ടില്ല. "എന്താ മ്മച്ച്യേ, ന്താ പറ്റ്യേ". മ്മച്ചി എന്നെ ഒന്ന് നോക്കിയിട്ട് പറഞ്ഞു: "മഴ നോക്ക് യ്യ്, ന്റെ സുബ്ഹാനേ" "മഴക്കാലത്ത് പിന്നെ മഴ അല്ലാണ്ട് മഞ്ഞ് പെയ്യോ"? ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. പുറത്തേക്കു നോക്കി മ്മച്ചി പറഞ്ഞു.."കുഞ്ഞാ, ന്നെ ഇവിടേക്ക് കെട്ടികൊണ്ടൊന്നിട്ടേയ് അറുപത് വർഷം കഴിഞ്ഞ്! പശ്ശെ ങ്ങനെ ഒരു തൊടക്കം ഇതാദ്യാ" ഒരു നെടുവീർപ്പിട്ട് മ്മച്ചി തുടർന്നു: "യ്യൊക്കെ ഇപ്രാവശ്യം ത്തിരി കരുതി ഇരുന്നോ" പറഞ്ഞുതീർന്നതും ഭയങ്കരമായൊരിടി.. ; തലയിൽ കൈ വച്ചുകൊണ്ട് മ്മച്ചി പറഞ്ഞു: "ഇതെന്നെയായിരിക്കും ഖിയാമത് നാൾ, ദാജ്ജാലിന്റെ ഒച്ചല്ലേ നമ്മള് ഇപ്പം കേട്ടത്" മഴയെ പഴിച്ചുകൊണ്ട് നിന്ന പ്രായമായ മ്മച്ചിയെ കിടത്താൻ ഇത്തിരി നേരമെടുത്തു. വയസ്സായവരുടെ വ്യാകുലതയ്ക്കപ്പുറത്തേക്ക് ഞാനാ പറച്ചിലിനെ എടുത്തില്ല.. പക്ഷെ അതൊരു മഹാസത്യത്തിന്റെ പ്രവചനമായിരുന്നു. അന്ന് മഴ നിന്നില്ല, രാത്രി മുഴുവൻ പെയ്തുകൊണ്ടേയിരുന്നു. അന്ന് ചന്ദ്രനെ യാത്രയാക്കിയതും പിറ്റേന്ന് സൂര്യനെ വരവേറ്റതും മഴ തന്നെ. ഉച്ചയ്ക്കൊന്നു ചാറി, പിന്നെ വീണ്ടും തുടർന്നു. ഉമ്മയുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിൽ കഷ്ടപ്പെട്ട് എത്തിയപ്പോഴും മഴ തന്നെ മഴ.., ഒപ്പം കുറെ കുട്ടികളുടെ ചാട്ടവും, വീട്ടമ്മമാരുടെ ശകാരങ്ങളും.
അത്ഭുതകരമായിട്ടാണ് പിന്നീടെല്ലാം നടന്നത്. കാലങ്ങളായി വറ്റിക്കിടന്ന കോയമാഷിന്റെ കിണർ പൊടുന്നനെ നിറയുന്നു, എല്ലാ വീടിന്റെ മുമ്പിലും പിന്നിലും ചെറിയ ചെറിയ കുളങ്ങള്‍. എവിടെ ചവിട്ടിയായും ചെളി, മഴയോട് മഴ. പേമാരി തുടങ്ങി ഒരാഴ്ച കഴിഞ്ഞ് എന്റെ സ്കൂളവധി അവസാനിച്ചു. പാപ്പയുടെ ജോലി സ്ഥലമായ ഹൈദരാബാദില്‍ തിരിച്ചെത്തി. കേരളമാകെ ഭയങ്കര മഴയാണെന്ന് വാർത്തകൾ കേട്ടു. കുടുംബക്കാരും കൂട്ടുകാരും വിളിച്ചപ്പോഴൊക്കെ മഴയെക്കുറിച്ചായിരുന്നു സംസാരം. കൂട്ടുകാരന് അജ്മല്‍ പറഞ്ഞു, "മോനേ, ഇപ്രാവശ്യം മ്മളെ കുളമൊക്കെ എത്രപെട്ടന്നാ നിറഞ്ഞത്? അൽഹംദുലില്ലാഹ്..ഉഷാറ് പേമാരിയാ." അവൻ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു കൊണ്ടേയിരുന്നു. കുറേ കേട്ടതിനു ശേഷം ഞാൻ ചോദിച്ചു: "സംഗതി ഒന്നും തരക്കേടില്ല, പക്ഷെ ചങ്ങായ്യോ, ഇത് നിക്കോ, ജലക്ഷാമത്തിന്റെ വിപരീതായിട്ട് പ്രളയം എന്ന ഒന്ന് ണ്ട് ട്ടാ" അതും വിഷയാണ്..കണക്കിലെടുക്കണം, പക്ഷെ നിക്കണ്ടാവും, യ്യി ദുആര്‍ക്ക്" അവൻ ചിരി ഒന്ന് നിർത്തി പറഞ്ഞു.
അടുത്ത ഘട്ടം ഭീകരമായിരുന്നു. കേരളമാകെ നദികള്‍ കരകവിഞ്ഞൊഴുകി, ഇടുക്കി ഡാമിലും മുല്ലപെരിയാറിലും താങ്ങാവുന്നതിലുമധികം വെള്ളം പൊങ്ങി, മലയിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി വാർത്തകൾ പേടിപ്പിച്ചുതുടങ്ങി. അന്നേരമാണ് എന്റെ ജില്ലയായ കോഴിക്കോട് കട്ടിപ്പാറ എന്ന സ്ഥലത്ത് ഒരു ഭയാനകമായവിധം ഉരുള്‍പൊട്ടിയത്, അതിൽ കുറച്ചു പേർ മരിക്കുകയും കുറെ പേരെ കാണാതാവുകയും ചെയ്തു. അതുപോലുള്ള വാർത്തകൾ നിരന്തരം പേടിപ്പിച്ചുകൊണ്ടിരുന്നു..! ഇടുക്കി,എറണാകുളം,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. മഴ വിചാരിച്ചതിലും, പ്രവചിച്ചതിലും കൂടി. ഒരു മയവുമില്ലാതെ പെയ്തുകൊണ്ടിരുന്നു.
ജൂണിനെയും ജൂലൈയേയും വിറപ്പിച്ച്, അക്കാലമത്രയും കേരളം കാണാത്ത ഒരു താണ്ഡവമാണ് ആഗസ്റ്റിനെ വരവേറ്റത്. ആഗസ്റ്റിൽ മഴ കുറയുമെന്നുള്ള മലയാളികളുടെ പ്രതീക്ഷയെ തള്ളിമാറ്റിക്കൊണ്ടായിരുന്നു മഴ. അതെ, അപ്പോഴേക്കും പ്രളയം മഹാപ്രളയമായി മാറിയിരുന്നു. ദയയോ, കരുണയോ ഇല്ലാതെ മഴ പെയ്തു. തീരാനഷ്ടങ്ങളുടെ മാസമായിരുന്നു ഇത്. ഒരു ദിവസം അഞ്ചും പത്തും പേർ പേമാരിയില്‍ മരിച്ചു, നൂറോളം പേരെ കാണാതായി. മരണസംഖ്യ കൂടിക്കൂടി വന്നു. ആളുകൾ ഭയക്കാൻ തുടങ്ങി, അപ്പോഴൊക്കെ കേരളത്തിനുണ്ടായിരുന്നത് സാധാരണക്കാരായ കുറെ നല്ല മനുഷ്യരാണ്. മത്സ്യത്തൊഴിലാളികൾ, ചുമട്ടുപണിക്കാർ തുടങ്ങി ചെറിയ വരുമാനമുള്ള കുറെ മനുഷ്യർ. സ്വന്തം ദേഹം നോക്കാതെ അപരന്റെ സുരക്ഷയ്ക്കായി യത്നിച്ച കുറെ മഹാന്മാർ. അവര്‍ അന്നത്തെ സ്വാതന്ത്ര്യസമരസേനാനികളെ ഓര്‍മ്മിപ്പിച്ചു.
ആഗസ്റ്റ് പതിനൊന്നിലെത്തിയപ്പോൾ മരിച്ചവര്‍ ഇരുപത്തിയേഴായി. പിന്നെയും നിന്നില്ല, കാറ്റിന്റെ വേഗവും ഇടിയുടെ ശക്തിയും കുറഞ്ഞെങ്കിലും, മഴ നിലക്കാതെ പെയ്തുകൊണ്ടിരുന്നു.
പുഴകൾ രൂപവും ഭാവവും മാറിയൊഴുകി. പെരിയാർ ആലുവയിലും പമ്പ പത്തനംതിട്ടയിലും നിള പാലക്കാടും കര കവിഞ്ഞൊഴുകി. നാടുമുഴുക്കെ വെള്ളത്തിലാണ്ടു. മനുഷ്യര്‍ രക്ഷപെടാൻ ശ്രമിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയവഴി കാണാനിടയായി. കരഞ്ഞുകൊണ്ട് വീഡിയോ ചെയ്യുന്ന ഒരുപാടു മനുഷ്യർ, വെള്ളത്തിലാണ്ട വീടിന്റെ ടെറസിൽ നിന്ന് പലരും ഭീതിയോടെ ലൈവ് വീഡിയോ ചെയ്ത് രക്ഷയ്ക്കായ് കേഴുന്നു. അതിനിടെയാണ്, ചെറിയൊരു കുട്ടി കരഞ്ഞുകൊണ്ട് ചെയ്ത ഒരു വീഡിയോ കണ്ടത്, രണ്ടു മണിക്കൂറുകൂടി അവിടെ നിന്നാൽ ടെറസും മുങ്ങുന്ന ഭീകരതയെക്കുറിച്ചാണ് ചുറ്റും മുങ്ങിക്കിടക്കുന്ന വീടിന്റെ ടെറസ്സിൽ നിന്ന് കരഞ്ഞു കൊണ്ടാണവൾ ജീവന് നിലനിര്‍ത്താനുള്ള അവസാനശ്രമം നടത്തുന്നത്. ഇങ്ങനെ പലതും കാണാനും കേൾക്കാനും ഇടയായി. കണ്ണുതള്ളിപ്പോകുന്ന പലതും! ഗതാഗതം പൂർണമായും മുടങ്ങാൻ തുടങ്ങി. കഷ്ടപ്പെടുന്ന ഒരുപറ്റം മനുഷ്യരോട് ദയ കാണിക്കാതെ, ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മേഘം ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.
ആഗസ്റ്റ് പന്ത്രണ്ട് മുതൽ മഴ വീണ്ടും കനത്തു. ശരാശരി റെയിൻഫോൾ 352 mm മുതൽ 400 വരെ ആയി മാറി. അതിൽ ഇടുക്കി മാത്രം 447 mm റെക്കോർഡ് പെയ്തു. ശരിയ്ക്കും മഴുയുടെ ഉഗ്രതാണ്ഡവം. സ്വാതന്ത്ര്യദിനത്തിലെങ്കിലും കേരളത്തിന് മഴയിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. 15 മുതൽ എന്താണ് നടക്കുന്നതെന്ന് മനുഷ്യർക്ക് മനസ്സിലായില്ല. ഡെത്ത് ടോൾ ആഗസ്റ്റ് 15 വരെ 64 ആയിരുന്നെങ്കിൽ, 16-ാം തീയ്യതിയില്‍ ടോൾ കുത്തനെ പൊങ്ങി. 64 എന്നത് ഒരു ദിനം കൊണ്ട് 140 കടന്നു. 17-നും അതെ. ഈ രണ്ടു ദിവസങ്ങള്‍ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ മുള്‍മുനയിലാക്കി. കേരളത്തിൽ മരണകണക്ക് 200 കടക്കുന്നു. മഴക്കെടുതിയെ അതിജീവിക്കാൻ കേരളത്തിന് പലരും സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ജില്ലകളിലെ കളക്ടറും കമ്മീഷണറും അടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തില്‍ മുഴുകി. പക്ഷെ, എല്ലാത്തിലുമധികം സഹായിച്ചത്, നമ്മൾ പലരും അറിയാതെ പോകുന്ന കുറെ സാധാരണക്കാരാണ്. മരണത്തിന്റെ തുമ്പിൽ പുളയുന്ന മനുഷ്യര്‍ക്ക് മാലാഖമാരായി അവതരിച്ചത് ബന്ധുക്കളോ മിത്രങ്ങളോ അല്ലായിരുന്നു, മനുഷ്യത്വമുള്ള വേറെ പലരും ആയിരുന്നു. ആ സന്ദർഭത്തിൽ, മുസ്ലിമോ ഹിന്ദുവോ ഇല്ലായിരുന്നു, മിത്രമോ ശത്രുവോ ഇല്ലായിരുന്നു, വിവേചനങ്ങളില്ലാത്ത ഒരു പറ്റം മനുഷ്യർ മാത്രമായി മലയാളികള്‍.
ഞങ്ങളുടെ വീടിനടുത്തുള്ള ഒരു പ്രദേശമാണ് ഇയ്യാട്. അവിടെ നടന്ന ഒരു സംഭവമായിരുന്നു എന്നെ കരയിപ്പിച്ചത്. ഈ പ്രദേശത്തുനിന്നും സ്ക്കൂളിലേക്കുപോയ ഒരു കുട്ടിയെ കാണാതായി. നാടൊട്ടാകെ തിരഞ്ഞു, അവസാനം ആരോ ഒരു സ്ഥലത്ത് വച്ച് ആ ദയനീയ കാഴ്ച കണ്ടു... വിവരണാതീതം..!! ന്യൂനമർദത്തെക്കാൾ വലിയ സമ്മർദ്ദം പിഞ്ചു മക്കളുടെ തലച്ചോറിൽ തിരുകിവെക്കുന്ന ഇത്തരം എല്ലാ സ്കൂളുകൾക്കും ഇനിയെങ്കിലും ഇതൊരു പാഠമാകട്ടെ!
പല ഡാമുകളെയും ഷട്ടറുകൾ തുറന്നു വിടേണ്ടി വന്നു. ഇതിനിടെ കേരളത്തെ മുക്കാൻ ത്രാണിയുള്ള മുല്ലപെരിയാർ വധഭീഷണി നൽകി. ഓഗസ്റ്റ് 21 ആയപ്പോഴേക്കും മരണക്കണക്ക് 400 കടന്നു. ഇടുക്കിയും തൃശ്ശൂരും എറണാകുളവും മുക്കി, ഒരു യമണ്ടൻ അലെർട് നൽകി മഴ തോരുവൻ തുടങ്ങി. ഇനിയും പെയ്തിരുന്നെങ്കിൽ ലക്ഷങ്ങൾ മരിക്കുമായിരുന്നു. 1924ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പേമാരി നിലച്ചു.
മഴ അങ്ങനെ ശമിച്ചു. നഷ്ടങ്ങളിലും മരണങ്ങളിലും നാം ഖേദിക്കണം,ഒപ്പം അതിജീവനത്തിന്റെ മധുരം നാം ആഘോഷിക്കുകയും വേണം. കാരണം ലക്ഷങ്ങളെ കൊല്ലാൻ ത്രാണിയുള്ള ഒരു മഹാപ്രകൃതിദുരന്തത്തെ നാം ഇതാ തരണം ചെയ്തിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ നാം സാക്ഷ്യം വഹിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഒരു പ്രകൃതി ദുരന്തവും മനുഷ്യകൂട്ടായ്മയുടെ കരുത്തും തമ്മിലുള്ള ഒരു യുദ്ധത്തെയാണ്. ലക്ഷങ്ങളെ വധിക്കാൻ പേമാരി ശ്രമിച്ചപ്പോൾ ജനങ്ങളുടെ രക്ഷാപ്രവർത്തനം കാരണമാണ് എത്രയോ പേർ രക്ഷപെട്ടത്. ഇത്രയും പേരെ രക്ഷിച്ചതിൽ (ഏകദേശം 1.5 ലക്ഷം) പൂർണപങ്കും പൊതുജനങ്ങൾക്കാണ്. രക്ഷാപ്രവർത്തനത്തിനിടെ പല ആളുകളും മരിച്ചിട്ടുണ്ട്. അവര്‍ വര്‍ത്തമാനകാലത്തെ ഭഗത് സിംഗുമാരാണ്. ഇന്ത്യൻ എയർ ഫോഴ്സും, നാവിക സേനയും, ആർമിയുമൊക്കെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് ടെറസിലും, ബിൽഡിങ്ങിലുമൊക്കെ കുടുങ്ങി കിടന്ന ഒരുപാട് പേരെ രക്ഷിച്ചു. ശ്വാസം മാത്രം ബാക്കിയാക്കി, അക്കാലമത്രയും സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങായി നമുക്ക് ഒരുമയോടെ കൂടെ നില്ക്കാം.
വിക്കിപീഡിയ പ്രകാരം ഈ വർഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രളയമാണ് ഇത്. 2010ൽ ലഡാക്ക്, ജമ്മു കാശ്മീരിൽ നടന്ന പ്രളയമാണ് ഇന്ത്യയിൽ ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒന്ന്. അതിൽ 255 ആളുകളാണ് മരിച്ചതെങ്കിൽ കേരളത്തിൽ അതിലും വലിയ ഡെത്ത് ടോളും നഷ്ടങ്ങളുമാണ് സംഭവിച്ചത്.
മുഖ്യമന്ത്രി: ശ്രീ പിണറായി വിജയൻ എന്ന മനുഷ്യൻ കേരളത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ചെയ്തതിനെ പ്രശംസിക്കാതെ വയ്യ അന്നേരം തന്റെ കഴിവിന്റെ പരമാവധി (ഉറക്കമിളച്ച് വരെ) പ്രവർത്തിച്ച കാര്യം എടുത്തുപറയേണ്ടതാണ്. രക്ഷാപ്രവർത്തനത്തിനെത്തുന്ന ഹെലികോപ്റ്റർ സർവീസ് ഇത്തിരി വൈകുമെന്നറിഞ്ഞതും അഡിഷണൽ ചീഫ് സെക്രട്ടറിയെ വിളിച്ച് ശകാരിക്കാന്‍ അദ്ദേഹം മടിച്ചില്ല. മരിക്കുന്ന മനുഷ്യരെ രക്ഷിക്കുമ്പോൾ ഡ്യൂട്ടിയായല്ല സേവനമായാണ് ചെയ്യേണ്ടതെന്ന പിണറായിയുടെ ഓര്‍മ്മപ്പെടുത്തല്‍ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ധൈര്യത്തെ പറ്റിയും, സന്മനസ്സിനെ പറ്റിയുമൊക്കെ 6 വയസ്സുള്ള കുഞ്ഞനിയനോട് പറഞ്ഞപ്പോൾ അവന്റെ മറുപടി: "ന്നാലെനി മുതൽ ഇനിക്കും വൈന്നേനേരം കട്ടൻ ചായ മതി"! എന്നായിരുന്നു.
ദുരന്തമുഖത്ത് മരിക്കുമായിരുന്ന ഒരുപാട് പേരെ രക്ഷിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞു. രാവും പകലുമില്ലാതെ പ്രയത്നിച്ച് ലക്ഷക്കണക്കിനാളുകളെ കൈ പിടിച്ച് കേരളം കരക്ക് കയറ്റി. പ്രളയകെടുതിയെ അതിജീവിക്കാന്‍ കേരളം എണ്ണായിരം കോടി കേന്ദ്രത്തോടാവശ്യപ്പെട്ടെങ്കിലും കിട്ടിയത് വെറും 600 കോടിയാണ്. പല സംസ്ഥാനങ്ങളും സ്ഥാപനങ്ങളും വ്യക്തികളും കേരളാമുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് സംഭാവന ചെയ്തു. എന്നാല്‍ കേന്ദ്രവിഹിതം തുലോം കുറഞ്ഞുപോയെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. കുംഭമേളക്ക് കേന്ദ്രം നൽകിയത് 2200 കോടി, മരിക്കുന്ന മനുഷ്യർക്കും നഷ്ടപ്പെട്ട സാധങ്ങൾക്കും നൽകിയത് 600 കോടി. ഗുജറാത്തിൽ ഉണ്ടാക്കുന്ന സർദാർ പട്ടേലിന്റെ പ്രതിമക്ക് 2500 ഓളം കോടി നൽകി! കുറച്ചധികം ഹെലികോപ്ടറുകളോ ഡ്രോണോ ഉണ്ടായിരുന്നെങ്കിൽ ഡെത്ത് ടോൾ ഇനിയും കുറയ്ക്കാമായിരുന്നു. തായ്ലാന്റിലെ ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ലോകം മുഴുവൻ തങ്ങളുടെ സഹായഹസ്തം നീട്ടി, അവരെ രക്ഷപ്പെടുത്തി. അതിവിടെയും മാതൃകയാക്കാമായിരുന്നു. ദുരന്തങ്ങളെയും ദുരിതങ്ങളെയും രാജ്യാതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യര്‍ ഒറ്റക്കെട്ടായി നിന്നാണ് അതിജീവിക്കേണ്ടത്. ഒരു കൂട്ടം മനുഷ്യർ കിടന്ന് പെടാപാട് പെടുമ്പോൾ സഹായിക്കാൻ ഒരാൾ ഇന്ത്യക്കാരന് തന്നെ ആവണമെന്നില്ല, മനുഷ്യനായാൽ മതി. പാക്കിസ്ഥാൻ വരെ കേരളത്തിന് മാനുഷികമായ സഹായം ഓഫർ ചെയ്തു. എന്നാല്‍ വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്.
ഇനി മ്മച്ചി എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കും. ചിലപ്പോൾ കാലാവസ്ഥ പ്രവചനത്തിൽ ഒരു ജോലി കിട്ടാതിരിക്കാനും ചാൻസില്ല. ഇന്നലെ വിളിച്ചിരുന്നു, "ഹാവൂ...അതൊന്നടങ്ങിക്കിട്ടി" മ്മച്ചി ഇത്തിരി ആശ്വാസത്തിൽ പറഞ്ഞു. എല്ലാം മാറുന്നു, കേരളം തിരിച്ചു വരുന്നു! കാർമേഘങ്ങൾ മാഞ്ഞ് വെള്ള മേഘങ്ങൾ വന്നു. ഒരു വിപ്ലവം കഴിഞ്ഞ ആശ്വാസത്തിൽ, ചിങ്ങപ്പുലരിയെ വരവേറ്റ് ഇതാ കേരളം. അതെ, നമ്മൾ അതിജീവിച്ചിരിക്കുന്നു.
എ. എം. ഷരീഫ്
(പ്ലസ് വണ്‍, കേന്ദ്രീയ വിദ്യാലയം ഹൈദറാബാദ്)