വേറൊരാളുടെകവിത സ്വന്തംപേരില്‍ പ്രസിദ്ധീകരിച്ച് കയ്യോടെ പിടികൂടുമ്പോഴും കളവുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഒടുവില്‍ ഉടുതുണി അഴിയുമെന്നായപ്പോള് കളവുസമ്മതിച്ച് സഹതാപതരംഗമുണ്ടാക്കി ജാള്യതമറയ്ക്കാന്‍ പെടാപാടുപെടുകയും ചെയ്യുന്ന മലയാളം പ്രൊഫസര്‍മാര്‍, അതും ദേവസ്വംബോര്‍ഡിന്റെ കോളേജിലെ, അരങ്ങുവാഴുകയും ചെയ്യുന്ന കാലത്താണ് കെ. രതീഷിന്റെ 'സത്യസന്ധമായ മോഷണങ്ങള്‍' എന്ന സ്വന്തമായി എഴുതിയ കവിതാസമാഹാരം പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ശ്രദ്ദേയമാണ്.
"കള്ളന്റെ ജീവിതത്തില്‍ നിന്ന്,
കളവിന്റെ ഏടുകള്‍ കവര്‍ന്നെടുത്ത്
അയാള്‍
സത്യസന്ധനായ കഥാകൃത്തായി"
എന്ന് രതീഷ് എഴുതുമ്പോള്‍ കലാകാരന് എന്ത് മോഷ്ടിക്കാമെന്നത് സര്‍ഗ്ഗാത്മകമായി ഓര്‍മ്മിപ്പിക്കുകയാണ് കവി ചെയ്യുന്നത്. ഇത്തരത്തില്‍ മോഷണത്തിന്റെ സര്ഗ്ഗാത്മകയുക്തി വശമില്ലാത്ത അല്പന്മാരാണ് അന്യരുടെകവിത മോഷ്ടിക്കാനിറങ്ങുന്നതെന്നതെന്നാണ് ഈ പുസ്തക തലക്കെട്ട് പറയാതെ പറയുന്നത്.
സാധാരണഗതിയില്‍ കവിത വായിക്കാറില്ലാത്ത എന്റെ കയ്യില്‍ അവിചാരിതമായാണ് ഈ പുസ്തകം കിട്ടിയത്. സിമന്റുപയോഗിക്കാതെ മേല്പ്പാലങ്ങള്വരെ നിര്‍മ്മിക്കാന്‍ ധൈര്യംകാണിക്കുന്ന കാട്ടുകള്ളന്മാരുടെ കാലത്ത് 'സത്യസന്ധമായ മോഷണങ്ങള്‍' എന്ന തലക്കെട്ടിന് രാഷ്ട്രീയാകര്ഷണവുമുണ്ട്.
ഹൈകുപോലുള്ള കുഞ്ഞു ഫിലോസഫിക്കല്കവിതകളുടെ സമാഹാരമാണിത്. രാഷ്ട്രീയം, ജീവിതം, എഴുത്ത്, തത്വചിന്ത, മതവിമര്‍ശനം, ജാതിവിമര്‍ശനം, സ്ത്രീപക്ഷ നിലപാട്, യാത്ര, നീതിന്യായ വിമര്‍ശം തുടങ്ങി ജീവിതഗന്ധിയായ വിഷയങ്ങളാണിതില് മഷിപുരണ്ടിരിക്കുന്നത്.
"കോണികയറിയ
അതിമോഹങ്ങളെ
പാമ്പ് വിഴുങ്ങി"
എന്ന കവിത അടുത്തിടെനടന്ന പൊതുതിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും ലീഗിന്റെ വര്‍ഗ്ഗീയ കോണികയറി പ്രധാനമന്ത്രിയാകാം എന്ന മോഹത്തിന് ഉത്തരേന്ത്യയില്‍ നിന്നേറ്റ പരാജയത്തെ പാമ്പുകടിയുടെ രൂപകം നല്കി ഫലിതരസേന അവതരിപ്പിച്ചതാണെന്നേ തോന്നൂ. വായനക്കാര്‍ക്ക് അവരവരുടെ യുക്തിക്കനുസരിച്ച് ആസ്വദിക്കുകയോ വേദനിക്കുകയോ ആവാം. സാഹിത്യത്തില്‍ രണ്ടിനും ഉപയോഗമൂല്യമുണ്ടല്ലോ. ഫാസിസ്റ്റുവല്ക്കരണ പ്രക്രിയയില്‍ നവമാധ്യമങ്ങളുടെ പങ്കിന് അടിവരയിടുന്ന രാഷ്ട്രീയ കവിതയാണ് 'രൂപാന്തരം'.
പുലിക്കുട്ടികള്‍ എന്നു കരുതിയിരുന്നവര്‍ അധികാരത്തിന്റെ ഇടനാഴികളിലെത്തുമ്പോള് അസ്തിത്വം നഷ്ടപ്പെട്ട് പൂച്ചകളാവുക മാത്രമല്ല മണികെട്ടാനായി തലകുനിച്ചുകൊടുക്കുകകൂടി ചെയ്യുന്നു എന്ന രാഷ്ട്രീയആക്ഷേപഹാസ്യകവിത വര്‍ത്തമാനത്തെ വല്ലാതെ സ്പര്‍ശിക്കുന്നു.
ജീവനുള്ള കോഴിമുട്ട തോടിനകത്തിരുന്ന് കലാപമുണ്ടാക്കുമെന്നും കടകളില്‍ അടുക്കിവെച്ച അച്ചടക്കമുള്ള കോഴിമുട്ടകള്‍ അനുസരണയുള്ള ചത്ത മുട്ടകളാണെന്നും സ്വയം തോടുപൊട്ടിക്കാന്‍ അവയ്ക്കാവില്ലെന്നുമുള്ള വിജയന് മാഷിന്റെ നിരീക്ഷണത്തിന്റെ തുടര്‍ച്ചയും സര്‍ഗ്ഗാത്മകമായ കോറിയിടലുമാണ് 'ഏകത' എന്ന കവിത.
"വരകള്ക്കിടയില് എഴുതാന്‍
പഠിക്കുന്നത്
കൃത്യമായി വാലാട്ടാന്‍
ശീലിക്കുന്നത്
പോലെയാണ്"
എന്ന് കവി പറയുമ്പോള്‍ ഈ പുസ്തകം മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം കൂടുതല്‍ തെളിമയുള്ളതാകുന്നു.
പഴംചെല്ലുകളെ അപനിര്മ്മിച്ചെടുക്കാനുള്ള ശ്രമം ചില കവിതകളില്‍ കാണാം. 'പൂച്ചയും പൊന്നും', 'മത്സരം' എന്നീ കവിതകള്‍ മികച്ച ഉദാഹരണം. ഓട്ടപന്തയത്തിലെ മുയലിനെയും, പൊന്നുരുക്കുന്നിടത്തെ പൂച്ചയെയും വീണ്ടെടുക്കാനുള്ള കൗതുകം ഇതില്‍ പ്രകടം.
"ജനലടച്ചു...വിന്‍ഡോസ് തുറന്നു" എന്നെഴുതുന്നത് പാരമ്പര്യത്തില്‍ നിന്നും ആധുനികതയിലേക്കുള്ള മാറ്റത്തെ വിരുദ്ധ്വോക്തികൊണ്ട് കോറിയിടുന്നു.
"ഓട്ടപ്പന്തയത്തില്‍ മുയല് തോറ്റത്
ഉറങ്ങിയതുകൊണ്ടല്ല
ഒത്തു-കളിയാണത്രെ"
എന്ന കവിതയ്ക്ക് ജാതിവിമര്ശത്തിന്റെ ചൂടുണ്ട്. ഉപകരണയുക്തിയെ പരിഹസിക്കുന്ന മമത, അന്യന്, നിയമം, മത്സരം എന്നിവയിലും ജാതിവിമര്‍ശനം കനത്തുനില്ക്കുന്നു.
'ക്ലോക്ക്' ഒരു മതവിമര്‍ശന കവിതയാണ്. കെട്ടിക്കിടക്കുന്ന ജലാശയത്തോടാണ് സാമ്പ്രദായിക വിമര്‍ശകര്‍ മതത്തെ ഉപമിച്ചതെങ്കില്‍ രതീഷതിനെ ക്ലോക്കിനോടാണ് തുലനംചെയ്തിരിക്കുന്നത്. എത്രതന്നെ യുക്തിസഹിതമായി മതം വിമര്‍ശിക്കപ്പെടുമ്പോഴും അതൊരു ഭൗതികയാഥാര്ഥ്യമായി നമ്മുടെ മുന്നില്‍ വിലസുകയാണ്, വ്യക്തിയുടെ സ്വകാര്യതകളിലേക്ക് കങ്കാണിനോട്ടം നടത്തുകയാണ്, അത് നിശ്ചലമല്ല ചലനാത്മകമാണ് ആ അര്‍ത്ഥത്തില്‍ ഭയാനകവും, പക്ഷെ ആ ചലനത്തെ ക്രിയാത്മകമല്ലാത്ത ഒരു ക്ലോക്കിനോടാണ് ഉപമിച്ചിരിക്കുന്നത് എന്നത് കവിയുടെ പുരോഗമനകാഴ്ചയെ വ്യക്തമാക്കുന്നു.
പ്രവൃത്തിക്കു മുമ്പുള്ള ചിന്തയ്ക്ക് പ്രാധാന്യം കൊടുക്കുന്നതാണ് രതീഷിന്റെ മിക്ക കവിതകളും. തുടക്കം, മിഥ്യ, എന്നിവ ഉദാഹരണങ്ങള്‍. ഏതൊരു യാത്രയും അത് തുടങ്ങുമ്പോഴല്ല തുടങ്ങുന്നത് മറിച്ച് അതിനെക്കുറിച്ചുള്ള ആലോചനയോടെ ആരംഭിക്കുന്നു എന്ന് 'തുടക്കം' ഓര്‍മ്മിപ്പിക്കുന്നു. മീശ നരപ്പിച്ചാലും, വിഗ് വെച്ചാലും കണ്ണാടിയെയും കൂട്ടുകാരനെയും മാത്രമേ പറ്റിക്കാനാവൂ സ്വന്തം മനസ്സാക്ഷിയെ പറ്റിക്കാനാവില്ല എന്ന മഹാസത്യം വിളിച്ചു പറയുന്നു.
വര്‍ഗ്ഗരാഷ്ട്രീയത്തിന് അടിവരയിടുന്ന തെളിമയാര്‍ന്ന ജീവിതാലോചനകള്ക്ക് തീകൊടുക്കാന് കെല്‍പ്പുള്ള എണ്തില്പരം നല്ല കവിതകള്‍ 'ഇന്‍സൈറ്റ് പബ്ലിക്ക' പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിലുണ്ട്. വര്‍ത്തമാനകാല മലയാളിയുടെ അസ്തിത്വസംബന്ധിയായ ഇടര്‍ച്ചകളെയും അസ്ഥിരതകളെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന ചെറുകവിതകളാല് സമ്പന്നമാണീ പുസ്തകം, തത്വചിന്താപരമാണ് മിക്കതും.