കിത്താബ് സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കണം എന്ന സംവിധായകന് റഫീഖ് മംഗലശ്ശേരിയുടെ ആഗ്രഹത്തിന് വേണ്ടത്ര പിന്തുണകിട്ടുന്നില്ല എന്നത് ശരിയാണെങ്കിലും, കിത്താബിന് സാംസ്കാരിക കേരളത്തിന്റെ പിന്തുണയില്ല എന്നു പറയുന്നത് ശരിയല്ല. ആ പിന്തുണയില്ലായ്മയ്ക്കു പിന്നില്‍ സുബൈര്‍ കളത്തിലൊക്കെ ചൂണ്ടിക്കാണിച്ചതുപോലെ ഇസ്ലാമോഫോബിയ ഒരു പ്രധാനകാരണമാണെങ്കിലും വേറെയും കാരണങ്ങളുണ്ട്. സാംസ്കാരിക ബുദ്ധിജീവികള്‍ക്ക് മുസ്ലിംസ്പേസില് (മാധ്യമം, മീഡിയവണ്‍, മൈക്കിടങ്ങള് തുടങ്ങി) ഇടം നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്. മറ്റൊന്ന് ഇതിലൂടെ റഫീഖ് എന്നൊരു കിടിലന്‍ നാടകക്കാരന് ഉയര്‍ന്നുവരുന്നതിലെ ഇന്റലക്ച്വല്‍ കുശുമ്പാണ്. വോട്ടുപേടിയാണ് വേറൊന്ന്. സത്യത്തില്‍ ഉണ്ണി ആറിന്റെ കഥയുടെ ആവിഷ്കാരമല്ല കിത്താബ് . റഫീഖ് തന്റെ ആത്മാര്ത്ഥകൊണ്ടോ മാര്‍ക്കറ്റിംഗ് തന്ത്രം എന്ന നിലയിലോ തുടക്കത്തില്‍ അങ്ങനെ സൂചിപ്പിച്ചു എന്നു മാത്രം. പിന്നീട് ഉദ്ദേശം നിഗൂഢമാണെങ്കിലും ഉണ്ണി അതിനെ എതിര്‍ത്തതും കിത്താബിനെ പിന്തുണയ്ക്കാതിരിക്കാന് കുറേ ബുദ്ധിജീവികളെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. കോണ്ടക്സ്റ്റ് എന്ന നിലയില്‍ ദീപയുടെ കോപ്പിയടിവിവാദവും പ്രഥമപരിഗണനയില്നിന്നും കിത്താബിനെ മാറ്റിനിര്‍ത്തി.
റഫിഖ് മംഗലശ്ശേരി
കിത്താബ് ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു. ഒരുപക്ഷെ ഈ നൂറ്റാണ്ടില്‍ ഇത്രയേറെ മലയാളികള്‍ കണ്ട മറ്റൊരു നാടകമില്ല, സ്കൂള്‍ കലോത്സവങ്ങളിലൂടെ കൂടിപ്പോയാല്‍ പത്തുമുന്നാറാളുകള് കാണുമായിരുന്ന ഒരു നാടകത്തിന് ഇത്രമേല്‍ പബ്ലിസിറ്റിയും വിസിബിലിറ്റിയും നല്കിയ മതതീവ്രവാദികളോട് തന്റെ തുടര്‍ന്നുള്ള കലാജീവിതയാത്രയില് റഫിഖ് കടപ്പാടുള്ളവനായിരിക്കണം. അതുകൊണ്ട് ഇതിന്റെപേരില്‍ ദൈവശിക്ഷ ലഭിക്കുകയാണെങ്കില്‍ റഫീഖിനേക്കാള് സാധ്യത ഇതിനെതിരെ രംഗത്തുവന്ന് രംഗം കൊഴുപ്പിച്ചവര്ക്കാണ്. ഇനി കിത്താബ് പുസ്തകമാകും ചൂടപ്പംപോലെ അതും വിറ്റഴിയും. സിനിമയുമുണ്ടായി എന്നു വരാം. സത്യം പറഞ്ഞാല്‍ പ്രിയ സുഹൃത്ത് റഫീഖിന് മംഗലശ്ശേരിക്ക് ഈ വിവാദം ഉണ്ടാക്കിക്കൊടുത്ത കള്‍ച്ചറല്‍ ക്യാപിറ്റലിന്റെ മൂല്യം ആലോചിച്ചിട്ട് അസൂയപെരുക്കുന്നു...