രാത്രി ഏറെ വൈകിയിട്ടും ഉറക്കം വന്നില്ല. വീടുവിട്ട് പുറത്തേക്കിറങ്ങി നദിക്കരയിലേക്ക് ചെന്നു. വെള്ളത്തിലേക്ക് കണ്ണോടിച്ചപ്പോള്‍ എന്നെ അലട്ടിയ അതേ വിഷയം നദിയെയും അലട്ടുന്നതായി വ്യക്തമായി ബോധ്യപ്പെട്ടു.
ആകാശം തെളിഞ്ഞുകാണപ്പെട്ടിരുന്ന മിനിയാന്ന് നക്ഷത്രങ്ങളായ നക്ഷത്രങ്ങളുമായും പ്രപഞ്ചത്തിലെ സര്വ്വചരാചരങ്ങളുമായും സംഭാഷണത്തിലേര്പ്പെട്ടിരുന്നു പുഴ. ഇന്നലെ ആകാശം മൂടിക്കെട്ടിക്കിടന്നപ്പോള് മേഘങ്ങള്ക്കുതാഴെ അതേപുഴ പുതപ്പിനടിയിലെന്നപോലെ പ്രപഞ്ചവുമായി യാതൊരു ബന്ധവുമില്ലാതെ ഭീതിതമായ ഒറ്റപ്പെടലിലും. അതു കണ്ടപ്പോഴാണ് എനിക്ക് എന്റെ തന്നെ ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഉള്ളറിവുണര്ന്നത്. ഫസീലിയയെ(കാമുകി)ക്കുറിച്ചുള്ള നഷ്ടബോധത്താല്‍ സ്വയം ഒരു തിരശ്ശീലയ്ക്കു പിറകിലായി ഒറ്റപ്പെട്ടുപോയ എന്റെ സമാനാവസ്ഥയില്ത്തന്നെയാണ് ഈ പുഴയും. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ അത്രേയുള്ളൂ.
ഇങ്ങനെയൊക്കെയാണെങ്കിലും അന്ധകാരത്തില്‍ മൂടിക്കിടക്കുമ്പോഴും പുഴ പുഴയായിത്തന്നെ ഒഴുകുന്നുണ്ട്. മേഘങ്ങള്‍ക്കു കീഴെയായി കൂരാകൂരിരുട്ടില്‍ മത്സ്യങ്ങള്‍ പ്രകൃതിയുടെ ഊഷരത ആസ്വദിക്കുന്നുണ്ട്. തലേന്നാളത്തേതിലും ഗംഭീരമായ ആവേശത്തോടെ ബഹളംവെച്ച് തുള്ളിപ്പിടച്ച് നീന്തിക്കളിക്കുന്നുണ്ടായിരുന്നു. ഹൊ, എന്തൊരു തണുത്തുവിറയ്ക്കുന്ന ശൈത്യം.
(From the Miniatures of M.Prishvin)