വയറൊഴിഞ്ഞപ്പോള്‍ തന്നെ പ്രസവിച്ചുവെന്ന് മനസ്സിലായിരുന്നു. കുഞ്ഞ് പാലുകുടിക്കുന്നതിന്റെ സൂചനകള്‍ മുലകളിലും ദൃശ്യമായിരുന്നു. എങ്കിലും ഒരാഴ്ച മുമ്പാണ് കുഞ്ഞിപ്പൂച്ച കന്നിപ്രസവത്തിലെ കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. കുഞ്ഞനെ പെരടിക്ക് പിടിക്കാനാഞ്ഞപ്പോള്‍ യാതൊരുകൂസലുമില്ലാത്ത ധൈര്യം. കുട്ടിയായിരിക്കുമ്പോള്‍ കുഞ്ഞിപ്പൂച്ചയടക്കമുള്ള കുട്ടികളുമായി തള്ള ആദ്യമായി വീട്ടിലേക്ക് വന്നതോര്‍ക്കുന്നു. കയ്യിലെടുത്തോമനിക്കാന് തള്ള നേരെ എന്റെയടുത്തേക്ക് വന്നെങ്കിലും കുട്ടികള്‍ ദൂരെ മാറിനിന്ന് നോക്കിക്കാണുകയായിരുന്നു. കുറേദിവസം കഴിഞ്ഞാണ് അവറ്റകളെ തൊടാന്‍ പറ്റിയതുതന്നെ. അതുകൊണ്ട് അത്ഭുതത്തോടെയാണ് പുതിയ അതിഥിയെ കയ്യിലേക്കെടുത്തത്. അപ്പഴാണ് കാര്യം മനസ്സിലായത്, കുട്ടിക്ക് കണ്ണുകാണുന്നില്ല. ഇടതുകണ്ണ് പൂര്‍ണ്ണമായും പുറത്തേക്ക് തള്ളിവന്നിട്ടുണ്ട്. വലത്തേത് പാടമൂടിക്കെട്ടി അടഞ്ഞ അവസ്ഥയിലും. സുഹൃത്തും ക്രിസ്റ്റ്യന്‍ കോളേജ് മൃഗവിഭാഗം അധ്യാപകനുമായ ഡോ. സന്തോഷുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ചേളാരി മൃഗാശുപത്രിയിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ പൊതുവെ ആശങ്കപ്പെടാറുള്ളതുപോലെ മൃഗഡോക്ടര്‍ സ്ഥലത്തില്ല.
ആകെയുണ്ടായിരുന്ന ഒരു സഹോദരി കംപ്യൂട്ടറിനുമുന്നില്നിന്നും പുറത്തേക്കു വന്നു. കാര്യം പറഞ്ഞു, "ഇവിടെയുള്ള ഡോക്ടര്‍ വളരെ തിരക്കുപിടിച്ച് ഫീല്‍ഡില്‍ ഓടിനടന്നു മൃഗസേവനം ചെയ്യുന്ന കക്ഷിയാണ്, എപ്പോള്‍ എവിടെയുണ്ടാകും എന്ന് പറയാന്‍ പറ്റില്ല" എന്നും. സംഗതിയുടെ ഗുട്ടന്‍സ് നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും പിടികിട്ടി. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. വീണ്ടും കെഞ്ചി. ഒടുവില്‍ അവര്‍ വന്ന് പൂച്ചയുടെ ഫോട്ടോയെടുത്ത് ഡോക്ടര്‍ക്ക് വാട്സാപ് ചെയ്ത് തിരിച്ചുകിട്ടിയ മെസേജ് ഞങ്ങള്ക്കെഴുതിത്തന്നു. അത് കാണിച്ചുകൊടുത്തപ്പോള്‍ മെഡിക്കല്സ്റ്റോറില്നിന്നും കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് കിട്ടി. തൊട്ടടുത്ത പെറ്റ്ഫുഡ് കടയില്‍നിന്നും ഓഷ്യന്‍ ഫിഷ്ഫ്ലേവറുള്ള ചെറിയപേക്ക് ബിസ്ക്കറ്റും വാങ്ങിപ്പോന്നു .
അങ്ങനെ കണ്ണില്‍ തുള്ളിമരുന്നൊഴിച്ച് ചികിത്സ തുടങ്ങിയെങ്കിലും ഫിഷ്ഫ്ലേവര് പോയിട്ട് ഒറിജിനല്‍ മുള്ളമീന്‍ കഷ്ണംപോലും വായിലിട്ടുകൊടുത്തിട്ടും പൂച്ചക്കുട്ടി കുടഞ്ഞുതെറിപ്പിക്കുകയല്ലാതെ അകത്തേക്കിറക്കിയില്ല. കുഞ്ഞിപ്പൂച്ചയ്ക്കും പിടിച്ചില്ല ആ ആര്‍ട്ടിഫിഷ്യല്‍ മീന്‍. കണ്ണ് കാണാതെ എവിടെയെങ്കിലും പെട്ട് പട്ടികടിക്കേണ്ട എന്നുകരുതി ഒരു താല്‍ക്കാലിക പെട്ടിക്കൂടുണ്ടാക്കി മൂന്നുദിവസം അതിനെ വീടിനകത്തുകിടത്തി. കുഞ്ഞിപ്പൂച്ച വന്ന് ഇടയ്ക്കിടെ പാലുകൊടുത്തുപോകും. അങ്ങനെ ഒരു കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടിയതോടെ കരച്ചിലും ബഹളുവുമായി പൂച്ചക്കുട്ടിക്ക് തള്ളയുടെ കൂടെ പുറത്തുലാത്തണമെന്നായി. ആദ്യത്തെ ദിവസം വൈകീട്ട് തള്ളയുടെകൂടെ വന്ന് വീടണഞ്ഞെങ്കിലും രണ്ടാമത്തെ ദിവസം കുഞ്ഞില്ലാതെ തള്ളമാത്രംവന്നു. കുട്ടിയെക്കാണാതെ പട്ടിപിടിച്ചുകാണുമെന്നു കരുതി അമന് ഒരുപാട് കരഞ്ഞു, കുറച്ചൊക്കെ ഹസീനയും. അമന് കരച്ചിലു നിര്‍ത്തുന്നില്ല, ഒടുവില്‍ ഞാനവനോട് യാസീന്‍ ഓതി ദുആ ചെയ്യാന്‍ പറഞ്ഞു. ഇന്നുവരെ യാസീന്‍ പൂര്‍ണ്ണമായി ഓതാത്ത അവന് ഖുര്‍ആന്‍ എടുത്തുവെച്ച് തേങ്ങിത്തേങ്ങി ഓത്തുപൂര്ത്തിയാക്കി. ദുആ ചെയ്തു. "പടച്ചോനെ ആ പൂച്ചക്കുട്ടിയെ പട്ടി കടിക്കരുതേ, ജീവനോടെ അതിനെ കാണിച്ചുതരണേ.." പിറ്റേന്നും അതിന്റെ പിറ്റേന്നും പൂച്ചക്കുട്ടിയുടെ പൊടിപോലും എങ്ങുംകണ്ടില്ല. ഞാന്‍ മനസ്സില്‍ കരുതി. ഇത്ര സങ്കടപ്പെട്ട് കഷ്ടപ്പെട്ട് പ്രാര്‍ത്ഥിച്ചിട്ടും ഫലംകാണാതെ വന്നത് അമന്റെ വിശ്വാസത്തെത്തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്. കരച്ചിലുമാറ്റാനുള്ള ഈ ചെപ്പടിവിദ്യ വേണ്ടിയിരുന്നില്ല.
പൂച്ചക്കുട്ടിയുടെ തിരോധാനവാര്‍ത്ത അയല്പക്കങ്ങളിലേക്ക് അരിച്ചിറങ്ങിയിരുന്നു. മൂന്നാം ദിവസം വൈകുന്നേരം തൊടിയില്‍നിന്നും ഒരു പൂച്ചക്കുട്ടിയുടെ കരച്ചില് കേള്‍ക്കുന്നതായി അടുത്ത വീട്ടിലെ ചേച്ചി വന്നു പറഞ്ഞതും ഞങ്ങളങ്ങോട്ടോടി. തൊടിയിലെ മതിലിനോട് ചേര്‍ന്നുള്ള കല്ലിടുക്കിനുള്ളില് കുടുങ്ങി പുറത്തേക്കുവരാനാവാതെ കഴിഞ്ഞദിവസങ്ങളില്‍ കുടുങ്ങിക്കിടപ്പാണ്. തള്ള കടിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചതിന്റെ മുറിപ്പാടുകളാണെന്നു തോന്നുന്നു കഴുത്തില്‍. വ്രണം വന്ന് പുഴുക്കളരിക്കുന്നുണ്ട്. ആകെ നനഞ്ഞ് വടിപോലെയായിട്ടുണ്ട്. ജീവനുണ്ട് അത്രതന്നെ. വീട്ടിലേക്കുകൊണ്ട് വന്ന്. പറ്റാവുന്നരീതിയില്‍ മുറിവില്‍ മരുന്നുപുരട്ടി. പെട്ടിയിലാക്കി ലൈറ്റിട്ടുകൊടുത്തു. തള്ളതീരെ കുട്ടിയുടെ അടുത്തേക്കടുക്കുന്നില്ല. പാലുകുടിക്കാന്‍ തലയുയര്ത്താന്പോലുമാവാതെ അതങ്ങനെ ചെറിയ ശബ്ദവുമുണ്ടാക്കി അവിടെ കിടന്നു. രാവിലെയുണര്‍ന്നു നോക്കുമ്പോള്‍ ഇവിടെ ജനിച്ചുവളര്‍ന്ന മൂന്നുതലമുറ പൂച്ചകുട്ടികള് എന്ന ഞങ്ങളുടെ സന്തോഷം അണഞ്ഞുപോയിരിക്കുന്നു.
സമീര്‍ കാവാഡ്
Share