കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ മുറിയില്‍ ലൈറ്റ് കത്തിക്കൊണ്ടിരിക്കുക മാത്രമല്ല ഫാന്‍ കറങ്ങുന്നുമുണ്ടായിരുന്നു. രാവിലെ പോകുന്ന തിരക്കിനിടയില്‍ മറന്നുപോയതാകാം, പൊതുവെ പിശുക്കനായ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഏകദേശം എട്ടുമണിക്കൂറായിക്കാണും ഒരുപാട് കരന്റ് വേസ്റ്റായിപ്പോയിട്ടുണ്ടാവണം. കുപ്പായംമാറ്റി പുറത്തിറങ്ങിയപ്പോള്‍ തൊട്ടപ്പുറത്തെ വീട്ടില്‍നിന്നും മേനോന്സാറ് പറയുന്നതുകേട്ടു. "കരന്റ് രാവിലെ പോയി ദേ ഇപ്പോ വന്നതേയുള്ളൂ." അതുകേട്ടപ്പോള്‍ ഈ പിശുക്കന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്തോ വലിയകാര്യം നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയ ആഹ്ളാദം. അയലൊക്കത്തെ വീട്ടില്‍ ചെന്നപ്പോള്‍ കരന്റില്ലാത്തതുകൊണ്ട് പപ്പടപ്പണി നടക്കാത്തതിന്റെ പ്രയാസം പറഞ്ഞു കുട്ടേട്ടന്. നാളെ കൊടുക്കാനുള്ള അത്യാവശ്യസാധനങ്ങള്‍ ഇനി രാത്രി ഉറക്കൊഴിച്ചുവേണം ഉണ്ടാക്കിക്കൊടുക്കാന്‍ എന്നു കേട്ടപ്പോള്‍ അല്പം എടങ്ങേറു തോന്നിയെങ്കിലും മ്മക്ക് പറ്റിയ അമളിമൂലം സംഭവിക്കുമായിരുന്ന കരന്റ് നഷ്ടം ഒഴിവായിക്കിട്ടിയതിലെ ആഹ്ളാദത്തെ പൂര്‍ണ്ണമായും ഒഴുക്കിക്കളയാനുള്ള ശക്തിയൊന്നും ആ എടങ്ങേറിനില്ലായിരുന്നു. നഷ്ടം സംഭവിക്കാത്തതാണെങ്കില്‍ നമുക്കുകിട്ടുന്നതെന്തും മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്ന മനുഷ്യസ്വഭാവമുള്ളതുകൊണ്ട് കരന്റുപോയതിനാല് എനിക്കുകിട്ടിയ ഗുണം കുട്ടേട്ടനോട് പറയാതെപോരാനും എന്നെക്കൊണ്ടായില്ല. നാളെ കല്യാണത്തിനുപോകുമ്പോള്‍ സ്വിച്ചുകള്‍ ഓഫ് ചെയ്യാന്‍ ഓര്‍മ്മിപ്പിക്കണേയെന്ന് നിസ്കാരാനന്തരം പ്രത്യേകം ഓര്‍ത്തെടുത്ത് പ്രാര്‍ത്ഥിച്ചു. അതുകഴിഞ്ഞ് കടയിലെത്തി എന്നെകണ്ടതും സൂചികോര്ക്കുന്നത് നിര്‍ത്തി നിസ്സഹായതയോടെ അയാള്‍ പറഞ്ഞു, "ഒരുരക്ഷയുമില്ല ഇന്നു രാവിലെമുതല്‍ കരന്റില്ലാത്തതുകൊണ്ട് വെട്ടിവെച്ചിട്ടേയുള്ളൂ.." അതുകേട്ടതും എന്റെ ആഹ്ളാദം കടപുഴകി പൂര്‍ണ്ണമായും ഒഴുകിപ്പോയി.