പലപ്പോഴായി കടലവാങ്ങിച്ചിരുന്നെങ്കിലും ഈ സുഹൃത്തിനെ പരിചയപ്പെടാന്‍ അവസരംകിട്ടിയത് ഇന്നലെ മോന്തിക്കാണ്. ചേളാരി ജി.ഡി.എസിനു മുമ്പില്‍ കഴിഞ്ഞ നാലര വര്‍ഷമായി കടല വില്‍ക്കുകയാണ് തമിഴ്നാട് തേനി സ്വദേശിയായ ഷണ്മുഖം. സൈക്കിള്‍ തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ഒരുപൊതി കടലവാങ്ങി ജി.ഡി.എസിന്റെ മതിലില്‍ ചാരി ഷണ്മുഖത്തെ ശല്യംചെയ്യാനിരുന്നു. കടലാസു ചുരുട്ടി ചെറിയ അലുമിനിയം പാത്രത്തില്‍ രണ്ടളവും പിന്നെ കച്ചവടതന്ത്രത്തിന്റെ രണ്ട്കോരി കൈക്കരുതലും അതിലിട്ട് കടലാസിന്റെ വക്ക് അകത്തേക്ക് മടക്കിയമര്ത്തി ഒരു പൂവെടുത്തുകൊടുക്കുംപോലെ കസ്റ്റമേഴ്സിനെ ഡീല്‍ ചെയ്യുന്നതിനിടയില്‍ ഒട്ടും പരിഭവമില്ലാതെ എന്നോട് സംസാരിക്കാനും ആ മാന്യ സുഹൃത്ത് സമയം കണ്ടെത്തി. ഷണ്മുഖത്തെ ഇവിടെ കൊണ്ടുവന്നത് അളിയനാണ്, അങ്ങേരിപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബസ്റ്റോപ് പരിസരത്താണ് കച്ചവടം. ഷണ്മുഖന് നാട്ടില്‍ ഭാര്യയും ചെറിയ കുഞ്ഞുമുണ്ട്. കുട്ടി വലുതായാല്‍ കേരളത്തില്‍ കൊണ്ടുവന്ന് വിദ്യ അഭ്യസിപ്പിക്കണം എന്നാണാഗ്രഹം. കടല ഇളക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇക്കാര്യം പറഞ്ഞ് ചട്ടകംകൊണ്ട് ചട്ടിയില്‍ തട്ടി ഒരു പ്രത്യേക ഈണത്തില്‍ ഇമ്പമാര്‍ന്ന ശബ്ദമുണ്ടാക്കി ആളുകളെ ആകര്‍ഷിക്കുമ്പോള്‍ ആ ചെറുപ്പക്കാരന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ നിറപുഞ്ചിരി. കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു കുട്ടിയെ പാമ്പു കടിച്ച വേദനാജനകമായ സംഭവത്തെക്കുറിച്ചൊക്കെ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. എന്നല്‍ കേരളത്തിലെ പാമ്പുകളെക്കാള്‍ ഭീകരമാണ് തമിള്‍നാട്ടിലെ ജാതിപ്പാമ്പുകളെന്ന് നല്ല ബോധ്യമുണ്ട് ഷണ്മുഖത്തിന്.
തെരുവുകച്ചവടക്കാരന് എന്ന നിലയിലുള്ള അനുഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ തൊട്ടുമുന്നില്‍ കണ്ട ദാരുണമായ വാഹനാപകടങ്ങളെക്കുറിച്ചും തലനാരിഴയ്ക്ക് ജീവന് രക്ഷപ്പെട്ടതിനെപ്പറ്റിയും മാതഭാഷിയായ ഷണ്മുഖം വാചാലനായി. ഒരിക്കല്‍ തന്റെ കയ്യില്‍നിന്നും കടല വാങ്ങിപ്പോയ ഒരാളെ അതുവഴി സ്വാഭാവികമായും ചീറിപ്പാഞ്ഞുവന്ന ആംബുലന്‍സ് തട്ടിത്തെറിപ്പിച്ചതും അതില്‍ തന്നെ കയറ്റി അദ്ദേഹത്തെ കൊണ്ടുപോയതും മെഡിക്കല്കോളേജിലെത്തും മുമ്പെ അയാളും വാഹനത്തില്‍ നേരത്തെയുണ്ടായിരുന്നയാളും മരിച്ചത് വിവരിക്കുമ്പോള്‍ ആ തൊണ്ടയിടറി, അപകടങ്ങള്‍ നിരവധി കണ്ടെങ്കിലും ആ സംഭവം മനസ്സില്‍നിന്നും വിട്ടുപോണില്ലത്രെ. മറ്റൊരിക്കല്‍ മേലെ ചേളാരിയില്‍ നിന്നും ഇറക്കമിറങ്ങിവരികയായിരുന്ന ഒരു പിക്കപ്പ് ബ്രേക്ക് പൊട്ടി തന്റെ നേരെ ചീറിപ്പാഞ്ഞുവരുന്നത് കണ്ടു. തൊട്ടുമുന്നില്‍ ഒരു നായിക്കുറുക്കന്‍ (പിക്കപ് ജീപ്) നിര്ത്തിയിട്ടിരുന്നതുകൊണ്ടുമാത്രം എന്റെ കടലവണ്ടിയും ഞാനും രക്ഷപ്പെട്ടെങ്കിലും വണ്ടി ഒരു ഓട്ടിയില്‍ ചെന്നിടിച്ച് അതിന്റെ പിറകിലിരുന്നിരുന്ന സ്ത്രീക്ക് ഗുരുതരമായ പരിക്കുപറ്റിയതും അദ്ദേഹം ഓര്‍ത്തെടുത്തു പറഞ്ഞു.
അതിനിടയില്‍ അദ്ദേഹത്തിന്റെ പല ഉറ്റ തമിഴ് സുഹൃത്തുക്കളും അവിടെ വന്ന് കടലകോരി സ്നേഹവാക്കുകള്‍ പകരംകൈമാറി പോയിക്കൊണ്ടിരിന്നു. ഞാന്‍ ഫോണെടുത്തിരുന്നില്ല, അതുകൊണ്ട് വര്‍ത്താനം തീര്‍ന്നിട്ടും കിടിലന്‍ മൊബൈല്ഫോണുമായെത്തുന്ന മറ്റൊരപരിചിതനെ പരിചിതനാക്കും വരെ അവിടെത്തന്നെ കാത്തിരുന്നു. അങ്ങിനെയാണ് വിജയ് വന്നത്. പരിചയപ്പെട്ടപ്പോള്‍ വേറൊരു ഇതരസംസ്ഥാന തൊഴിലാളി സഖാവ്. കഷ്ടപ്പെട്ട് മൂന്നാല് മുറിഹിന്ദി പറഞ്ഞ് അവനെക്കൊണ്ടെടുപ്പിച്ച് വാട്സാപ്പിലയപ്പിച്ചതാണീ ഫോട്ടോ. ഒടുവില്‍ ഒരു കാര്യം തീരുമാനമായി ഇനിമുതല്‍ ചേളാരിയില്‍നിന്നും കടല പൊതിഞ്ഞുവാങ്ങുമ്പോള് ഒരുനുള്ള് സേനഹക്കൂടുതല് എനിക്കും ഉറപ്പാ.