കുണ്ടോട്ടിയില്‍ വെച്ച് നടക്കുന്ന 'ഇഖ്റഅ്' സൂഫി ഫെസ്റ്റിന്റെ ആദ്യദിനം ഉഷാറായി. റിയാസ് കോമു, ബിജു ഇബ്രാഹിം, ഇ. രാജേഷ് തുടങ്ങി ഇതിന്റെ പിറകില്‍ തലച്ചോറായും വിയര്‍പ്പായും പ്രവര്‍ത്തിച്ചവരോട് മുഹബ്ബത്ത് പെരുത്ത് പെരുത്ത് വരുന്നു. ഞാനൊഴികെ അവിടെയെത്തിയവരെല്ലാം സൂഫിസത്തെക്കുറിച്ചും അതിരുകളില്ലാത്ത വിശ്വമാനവിക സങ്കല്പ്പനങ്ങളെക്കുറിച്ചും ബോധ്യമുള്ളമുള്ളവരായിരിക്കണം. പൊതുവെ ഏതു സാംസ്കാരിക പരിപാടിക്കുപോയാലും കാണാറുള്ള തലക്കനവും പാണ്ഡിത്യ ജാഢയും അധികാരഹുങ്കുമുള്ള ഒരൊറ്റെണ്ണത്തിനെയും രാവിലെ മുതല്‍ വൈകുന്നേരംവരെ അവിടെയിരുന്നിട്ടും കണ്ടില്ല എന്നതാണ് ഇന്നത്തെ സൂഫി ഫെസ്റ്റിന്റെ മുഖ്യ മധുരം.
അതിര്‍വരമ്പുകളില്ലാത്ത സംഗീതത്തിന്റെ അനുരാഗരാഷ്ട്രീയം വിഷയമാക്കി ലോകത്തിന്റെ വിവിധപ്രദേശങ്ങളിലെ സൂഫി ജ്ഞാനികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള എസ്. ഗോപാലകൃഷ്ണന്റെ പ്രഭാഷണം ആസ്വദിച്ചു കേട്ടിരുന്നു, ഒരു തുടക്കക്കാരന്റെ കൗതുകത്തോടെ. അയര്‍ലാന്റിലെ 4 ഡിഗ്രി കാലാവസ്ഥയില്‍ നിന്നും നമ്മുടെ 34 ഡിഗ്രിയെ പാടിത്തോല്‍പ്പിച്ച ഐറിഷ് ഫോല്ക് സംഗീതജ്ഞന് ജോണ്‍ നെല്‍സണായിരുന്നു രണ്ടാമത്തെ ആനന്ദം.
പിന്നെ തേങ്ങാച്ചോറും ബീഫ് കറിയും പപ്പടവും നാരങ്ങച്ചാറും കൂട്ടിയുള്ള ബെയ്പ്. അതുകഴിഞ്ഞ് കുബ്ബക്കല് പോയി നിസ്കാരം സിയാറത്ത്. അതുകഴിഞ്ഞെത്തിയപ്പോഴേക്കും സുഫിസത്തെക്കുറിച്ചുള്ള ഇ.എം. ഹാഷിമുമായുള്ള സംഭാഷണം ആരംഭിച്ചിരുന്നു. താന്‍ മനസ്സിലാക്കിയ സൂഫിജീവിതത്തെയും അന്വേഷണവഴികളെയും സ്നേഹോഷ്മളമായ ഭാഷയില്‍ അദ്ദേഹം സദസ്സിനുമുമ്പില്‍ തുറന്നുവെച്ചു. പിന്നീട് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ഊഴമായിരുന്നു. സൂഫി ഫെസ്റ്റിന്റെ ഇതുവരെ നിലനിന്നുപോന്ന ടെംപോ ഈ വിശ്വപ്രസിദ്ധന്‍ കളഞ്ഞുകുളിക്കുമെന്ന എന്റെ ആശങ്ക മൂപ്പര് അസ്ഥാനത്താക്കി. ചോദ്യകര്‍ത്താവായ ദിനകരന് പരമാവധി സങ്കീര്‍ണ്ണമാക്കാന്‍ ശ്രമിച്ചിട്ടും തന്റെ ജീവിതവീക്ഷണത്തിന്റെ ലളിതമധുര സിംഫണി ശ്രോതാക്കളിലേക്ക് പകരുന്നതില്‍ പൂക്കുട്ടി പത്തരമാറ്റ് വിജയിച്ചു. അതുകഴിഞ്ഞ് എങ്ങനെ സൂഫിയാകാം എന്ന കുലങ്കുഷമായ ആലോചനയിലാണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് സൈക്കിള്‍ ചവിട്ടിയപ്പോഴുണ്ടായ അനുഭവം പറഞ്ഞാല്‍ ഇങ്ങള് വിശ്വസിക്കൂലാ...