എം. സുകുമാരന്‍ പതിപ്പാണ് ഇത്തവണത്തെ 'കവനകൗമുദി'. "ഉറവ നിലച്ചിട്ടും ഒഴുകിക്കൊണ്ടിരിക്കുന്ന മഹാനദി" എന്ന വിശേഷണത്തോടെ ഡോ. അനില്‍ ചേലേമ്പ്ര എഴുതിയ മുഖക്കുറിയില്‍ പ്രസ്ഥാനം തള്ളിപ്പറഞ്ഞപ്പോഴും മാതൃകാ കമ്മ്യൂണിസ്റ്റായി ജീവിച്ച സുകുമാരനെ ആവേശപൂര്‍വ്വം സ്മരിക്കുന്നു. ഇടതുപക്ഷത്തിന്‍റെ പ്രസക്തിയില്‍ മരണംവരെ വിശ്വാസമര്‍പ്പിച്ച ധൈഷണികനായിരുന്നു അദ്ദേഹമെന്നും സൂചിപ്പിക്കുന്നു. കഥകളിലൂടെ വിപുലമായ ആശയപ്രപഞ്ചം സൃഷ്ടിച്ച എഴുത്തുകാരെ വര്‍ഗ്ഗീകരണത്തിന്‍റെ വിവിധ കള്ളികളില്‍ പഠനസൗകര്യാര്‍ത്ഥം അടയാളപ്പെടുത്താറുണ്ട്, ജാഗ്രത്തായ ചരിത്രബോധമുള്ള കഥാകൃത്തായാണ് കെ.എം. അനില്‍ സുകുമാരനെ കാണുന്നത്. "അധികാരത്തോട് ആര്‍ത്തിപൂണ്ട നേതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ (സുകുമാരന്‍റെ) കഥാസാഹിത്യത്തിലെ പ്രധാന പ്രമേയമായിരുന്നു" എന്നെഴുതാനും മുഖക്കുറിയില്‍ മടികാണിച്ചിട്ടില്ല.
'സുഡാനി ഫ്രം നൈജീരിയ'യെ മുന്‍നിര്‍ത്തി 'ദൃശ്യബോധത്തിലെ തിരുത്തിയെഴുത്തികളി'ലേക്ക് സിനിമാസ്വാദകരുടെ ശ്രദ്ധക്ഷണിക്കുന്ന രാജേഷ് മോന്‍ജിയുടെ രാഷ്ട്രീയ ഇടപെടലും കൂടിയാകുമ്പോള്‍ എഴുത്തിലും വായനയിലും രാഷ്ട്രീയം ഉച്ഛ്വാസവായുപോലെ കൊണ്ടുനടന്ന എം. സുകുമാരന്‍ എന്ന പ്രതിഭാശാലിയ്ക്ക് നല്‍കാനാവുന്ന മികച്ചൊരു ഓര്‍മ്മപ്പതിപ്പായി ഇത്തവണത്തെ കവനകൗമുദി. മുന്‍ ലക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ പതിപ്പ് ചര്‍ച്ചചെയ്യപ്പെടുക മാത്രമല്ല, നാളെയുടെ ഒരു റഫറന്‍സ് വ്യവഹാരകൃതിയായിത്തീരും.
മേല്‍ സൂചിപ്പിച്ച ലേഖനങ്ങള്‍ക്കു പുറമെ, ഡോ.കെ.പി. ശങ്കരന്‍, മേരി റീമ, വിജി പോള്‍, സംഗിത. എം.കെ.പ്രീത എന്നിവരുടെ ലേഖനങ്ങളും പുതിയ കവന കൗമുദിയെ മികവുറ്റതാക്കുന്നു.