അധികാരം ആവിഷ്കാരത്തിലിടപെടുമ്പോള്‍ എഴുത്ത് കുറ്റകരമായിത്തീരും. ഇസ്രായേലിന്‍റെ സയണിസ്റ്റ് ഭികരതെക്കെതിരെ കവിതയിലൂടെ പ്രതിഷേധിച്ച കവയത്രി ദറീന്‍ തത്തൂറിനെ ഇസ്രായേല്‍ ഭരണകൂടം ജയിലിലടച്ചിരിക്കുന്നു. അതിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ പലരൂപത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ശരത് മണ്ണൂര്‍,
കവിതയ്ക്ക് കല്‍ത്തുറങ്ക് വിധിക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ ഇന്നത്തെ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനം ഒരുപക്ഷേ മലയാളത്തിലെ ഈ വിഷയത്തോടുള്ള ആദ്യത്തെ ഐക്യപ്പെടലും അന്വേണഷണാത്മക ഇടപെടലുമാണ്. നമ്മുടെ പുരോഗമനവാദികളും ആക്ടിവിസ്റ്റുകളും വായിച്ചിരിക്കേണ്ട ലേഖനം.
2015-ല്‍ തത്തൂര്‍ സൈബറിടത്തിലിട്ട റെസിസ്റ്റ്, മൈ പീപ്പിള്‍ റെസിസ്റ്റ് ദെം എന്ന കവിതയാണ് ഭരണകൂടത്തെ ഭയപ്പെടുത്തിയിരിക്കുന്നത്. ഇസ്രായേല്‍ സൈന്യം നരകതുല്യമാക്കുന്ന പലസ്തീന്‍ കുഞ്ഞുങ്ങളുടെ ദൈന്യമാണ് കവിതയുടെ പ്രമേയം. കഴിഞ്ഞ മൂന്നു വര്‍ഷമായി വീട്ടുതടങ്കലിലായിരുന്ന ഇവരെ വെറും പ്രഹസനമായിത്തീര്‍ന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവിലാണ് കാരാഗൃഹത്തിലേക്കയച്ചിരിക്കുന്നത്. കവിയും ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമാണ് 36-കാരിയായ തത്തൂര്‍. കൂടുതല്‍ വായനയ്ക്കായി ഇന്നത്തെ ദേശാഭിമാനി കാണുക.