പ്രളയാനന്തര കേരളം
എ.ടി. കോവൂരിനെ വായിക്കണം
| 15 Sep 2018 | KOZHIKODE |
മന്ത്രവാദവും ചാത്തൻ സേവയും മൂലമുണ്ടായ ദുരൂഹ മരണങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ അടുത്ത കാലത്തു വന്ന വാർത്തകൾ ശാസ്ത്ര ചിന്തയിലും, യുക്തി ബോധത്തിലും ഉത്തുംഗശൃംഗത്തിലെത്തി എന്ന് സ്വയം അഭിമാനിക്കുന്ന മലയാളിക്ക് വലിയ അപമാനമുണ്ടാക്കുന്നതായിരുന്നു. അതേസമയം വാസ്തുദോഷം കൊണ്ട് ഉപേക്ഷിക്കുന്ന വീടുകളും , ചൊവ്വ ദോഷം കൊണ്ട് കന്യകകൾ ആയി കഴിയുന്ന സ്ത്രീകളും, പതിമൂന്നാം നമ്പർ മുറി ഇല്ലാത്ത സ്ഥാപനങ്ങളും ഇന്ന് മലയാളിക്ക് ഒരു വാർത്തയെ അല്ലതാനും. വാസ്തു നോക്കി വച്ച വീടുകളിൽ പ്രളയജലം വിരുന്നിനെത്തിയ ഈ അവസരത്തിലെങ്കിലും, യുക്തിബോധത്തിന്റെ കണ്ണ് മലയാളി തുറക്കുമോ എന്നറിയില്ല. അന്ധവിശ്വാസത്തിന്റെ വിത്തുകൾ മനുഷ്യ മനസ്സിൽനിന്നും എളുപ്പം നശിച്ചു പോകില്ല എന്ന യാഥാർഥ്യം വിസ്മരിക്കുന്നില്ല, എങ്കിലും, മഹാരാഷ്ട്ര മാതൃകയില്‍ ഒരു അന്ധവിശ്വാസ നിവാരണനിയമം സാംസ്കാരിക കേരളത്തിൽ ഇത് വരെ നിലവിൽ വന്നിട്ടിട്ടില്ല എന്നത് തികച്ചും അപമാനകരമാണ്.
അറുപതുകളിലും , എഴുപതുകളുടെ അവസാനം വരെയും ആൾദൈവങ്ങളുടെ പേടിസ്വപ്നമായി, മനുഷ്യന്റെ ചിന്തിക്കാനുള്ള, ചോദ്യം ചെയ്യാനുള്ള , വിയോജിക്കാനുള്ള ചോദനകളെ ഉദ്ദീപിപ്പിച്ച്, വിശ്വാസചൂഷകരെയും, സിദ്ധന്മാരെയും വെല്ലുവിളിച്ച്, ഒരു കൊമ്പനാനയുടെ തലയെടുപ്പോടെ മലയാളികളുടെ സ്നേഹാദരങ്ങള്‍ ആവോളം ഏറ്റുവാങ്ങിയ ഒരു യുക്തിവാദി ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരാണ് എ. ടി. കോവൂര്‍. ഒരു പാതിരിയുടെ മകനായി ജനിച്ച് അന്ധവിശ്വാസങ്ങളോടും, അനാചാരങ്ങളോടും സന്ധിയില്ലാത്ത സമരം പ്രഘ്യാപിച്ച് ജീവിതം കൊണ്ട് സമൂഹത്തില്‍ യുക്തിപ്രഭ ചൊരിഞ്ഞ മനുഷ്യസ്നേഹി. തിരുവല്ലയില്‍ ഐപ്പ് തോമ്മാ കത്തനാര് എന്ന മാര്‍ത്തോമ്മാ സിറിയന്‍ സഭയുടെ ആദ്യ വികാരി ജനറലായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്.
ശ്രീലങ്കയിൽ സസ്യ ശാസ്ത്ര വിഭാഗം പ്രൊഫസർ ആയിരുന്നു കോവൂര്‍. യുക്തിവാദം ഒരാശയം എന്ന നിലയില്‍ കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നതിൽ കോവൂരിന്റെ ലേഖനങ്ങളും, പുസ്തകങ്ങളും, ദിവ്യാത്ഭുത അനാവരണ പരിപാടികളും വലിയ പങ്കു വഹിച്ചു. മനോരോഗ വിദഗ്ധനും യുക്തിവാദിയുമായിരുന്ന കോവൂരിന്റെ വെല്ലുവിളികൾ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ആള്‍ദൈവങ്ങളുടെ തലവേദനയായിമാറി. അവരുടെ കാല്‍ക്കീഴില്‍നിന്നും മണ്ണൊലിപ്പ് തുടങ്ങി. കോവൂരിന്റെ കേസ് ഡയറിയെ ആസ്പദമാക്കി മലയാളത്തിലും തമിഴിലും തെലുങ്കിലും നിർമ്മിച്ച "പുനർജന്മം" എന്ന ചലച്ചിത്രം വലിയ വിജയം കൈവരിച്ചു. പാരാസൈക്കോളജിയും, പരമാനസജ്ഞാനവും അശാസ്ത്രീയമാണെന്നും, അന്ധവിശ്വാസ മുതലെടുപ്പിനുള്ള ചൂഷണമാണെന്നും സമൂഹത്തിൽ തുറന്നു കാണിച്ചുകൊണ്ട് മാസ്സ് ഹിപ്നോട്ടിക് പ്രോഗ്രാമുകൾ എ ടി കോവൂർ രാജ്യമെമ്പാടും നടത്തി. ആൾദൈവങ്ങൾക്ക് അമാനുഷിക സിദ്ധിയുണ്ടെന്നു തെളിയിച്ചാൽ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു അദ്ദേഹം. കോവൂര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ലോകത്തു ജീവിച്ചിരുന്ന ഒരാൾദൈവത്തിനും ഈ വെല്ലുവിളി സ്വീകരിച്ചു അദ്യേഹത്തിന്റെ മുന്നിൽ വരാൻ ധൈര്യം ഉണ്ടായില്ല. 1978-ല്‍ മരണപ്പെട്ട ആ മനുഷ്യ സ്നേഹിയുടെ രണ്ടു കണ്ണുകളും ദാനം ചെയ്യുകയും ശരീരം മെഡിക്കൽ കോളേജിലെ അനാട്ടമി ലബോറട്ടറിക്കു വില്പത്രപ്രകാരം ദാനം ചെയ്യുകയുമുണ്ടായി .
അഴിമതിയെക്കാൾ ആഴത്തിൽ ശാസ്ത്ര വിരുദ്ധ ചിന്താഗതി വേരോടിയ, അന്ധ വിശ്വാസങ്ങളും , കപടശാസ്ത്രങ്ങളും പ്രചരിക്കാനനുകൂലമായ സാഹചര്യം നിലനിൽക്കുന്ന വര്‍ത്തമാനകാലത്ത് ഒരു തലമുറയെ ചിന്തിക്കാൻ പ്രേരിപ്പിച്ച , യുക്തിചിന്തയുടെ പന്ഥാവിലേക്കു നയിച്ച എ. ടി. കോവൂരിന്റെ പുസ്തകങ്ങളിലൂടെയും, ചിന്തകളിലൂടെയും മലയാളി കടന്നു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. . കോവൂരി തിരഞ്ഞെടുത്ത കൃതികൾ, സമ്പൂർണ്ണ കൃതികൾ, യുക്തിചിന്ത, Begone Godman , Gods Demons and Spirits - Exposing Paranormal Claims - എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില കൃതികളാണ് . അനേകം ഭാഷകളിലിയ്ക്കു അവ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
2018 സെപ്തംബര്‍ 18 ന് 2:30 ന് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച്, കോവൂര്‍ അനുസ്മരണവും, അവാര്‍ഡ് ദാനവും, 'പരിസ്ഥിതിയും പ്രളയദുരന്തവും ' എന്ന വിഷയത്തില്‍ സെമിനാറും നടക്കുന്നുണ്ട്. ട്രസ്റ്റ് ഏർപ്പെടുത്തിയ, എ. ടി. കോവൂർ അവാർഡ് സുപ്രസിദ്ധ ഹിപ്നോതെറാപ്പിസ്റ്റും, യുക്തിചിന്തകനും, എഴുത്തുകാരനും, കോവൂരിന്റെ ദിവ്യാത്ഭുത അനാവരണ ഭാരത പര്യടന പരിപാടിയിൽ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയും, സര്‍വ്വോപരി മാനസ പുത്രനുമായിരുന്ന ശ്രി ജോൺസണ് ഐരൂരിനാണ് നല്‍കുന്നത്.
പ്രളയാനന്തരം നവകേരള സൃഷ്ടിക്കായുള്ള യത്നങ്ങള്‍ ആരംഭിച്ച ഈ അവസരത്തില്‍ യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും അടിസ്ഥാനമായൊരു പുനസൃഷ്ടിയാവണം നാം ലക്ഷ്യം വെയ്ക്കേണ്ടത്. ഈ ദിശയിലുള്ള സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കൂടിയുള്ള തുടക്കമായിത്തീരും സെപ്തംബര്‍ 18-ലെ കോഴിക്കോട്ടെ ഒത്തുചേരല്‍. എം. എന്‍ കാരശ്ശേരി മാഷാണ് ഉദ്ഘാടകന്‍.
ഡോ. നിഖില്‍ ഐരൂര്‍