മനുഷ്യരുടെ സ്മാരകങ്ങള്‍ എല്ലായിടത്തും കാണാം. എന്നാല്‍ മൃഗങ്ങള്‍ക്കുള്ള സ്മാരകങ്ങളോ? മനുഷ്യര്‍ക്കുള്ളത്ര ഇല്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൃഗങ്ങള്‍ക്കുള്ള സ്മാരകങ്ങള്‍ സംരക്ഷിച്ചുപോരുന്നുണ്ട്. ഇവയിലൂടെ മനുഷ്യര്‍ മൃഗങ്ങളോടുള്ള ഉപകാരസ്മരണയാണ് കാലാകാലങ്ങളായി പുതുക്കിയും പ്രകടിപ്പിച്ചും പോരുന്നത്.
റഷ്യയിലെ ലെനിന്ഗാര്ദ് നഗരത്തിലുള്ള ഒരു ചെറുഗ്രാമത്തില്‍ 'പാവലോവ്' എന്നു പേരിട്ടിരിക്കുന്ന ഒരു പട്ടിയുടെ സ്മാരകമുണ്ട്. ഇവാന് പെട്രോവിച്ച് പാവലോവ് എന്ന ശരീരശാസ്ത്രജ്ഞനെ ധാരാളം കണ്ടുപിടുത്തങ്ങള്‍ക്ക് സഹായിച്ചത് ഈ പട്ടിയാണ്. ഇത്തരത്തില്‍ മറ്റൊരു പട്ടിയുടെ പ്രതിമയുള്ളത് ഫ്രാന്‍സിലെ പാരീസിലാണ്. 'ബെറി'യെന്നാണ് അതിന്റെ പേര്. നാല്‍പ്പതോളം മനുഷ്യരെ അപകടത്തില്‍ നിന്നും രക്ഷിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ സ്മാരകം പണിതത്. നാല്പതുപേരെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നില്ല ആ സ്മേഹമുള്ള മൃഗം, മറിച്ച് നാല്പ്പത്തിയൊന്നാമനെ രക്ഷിക്കാനായി ഓടിയടുക്കുമ്പോള്‍ വരുന്നതൊരു ചെന്നായ ആണെന്ന് തെറ്റിദ്ധരിച്ച് അയാള്‍ പാവം ബറിയെ ആത്മരക്ഷാര്‍ത്ഥം കൊല്ലുകയായിരുന്നു. ധീരനായൊരു രക്തസാക്ഷിയുടെ പരിവേഷമാണ് ഫ്രാന്‍സില്‍ ബറിയ്ക്കുള്ളത്.
പട്ടികള്‍ മാത്രമല്ല ശാസ്ത്രജ്ഞരെ പരീക്ഷണങ്ങളില്‍ സഹായിക്കാറ്. തവളകളും അവരുടെ പരീക്ഷണശാലയിലെ സുഹൃത്തുക്കളാവാറുണ്ട്. പാരീസിലും, ജപ്പാനിലെ ടോക്കിയോവിലും തവളകള്‍ക്ക് സ്മാരകങ്ങള്‍ കാണാം.
പട്ടികളെപ്പോലെത്തന്നെ മനുഷ്യരുടെ സന്തതസഹചാരികളാണ് കുതിരകള്‍. മനുഷ്യന് ചരിത്രം കയറിയിറങ്ങി വന്നത് കുതിരപ്പുറത്ത് കയറിയാണ്. അതുകൊണ്ടുതന്നെയാവാം ലോകമെമ്പാടും പലരൂപത്തിലും ഭാവത്തിലുമുള്ള കുതിരപ്രതിമകള് കാണാം. മോസ്കോ സ്ഥിരം എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്വദ്രാള്, സിംപോള്‍ എന്നീ പന്തയ കുതിരകള്‍ ഏറെ പ്രസിദ്ധമാണ്. കുതിരപ്പന്തയങ്ങളില്‍ തുടര്‍ച്ചയായി ദീര്‍ഘകാലം വിജയികളായിരുന്നത്രെ ഈ രണ്ട് കുതിരകള്‍. ഹംഗറിയിലെ അലുമിനിയം കുതിരപ്രതിമയും വിശ്വവിഖ്യാതമാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജീവന് നഷ്ടപ്പെട്ട കുതികളുടെ ഓര്‍മ്മയ്ക്കായാണ് ഹംഗറിക്കാര്‍ ഈ അലുമിനിയം പ്രതിമ നിര്‍മ്മിച്ചത്. "യുദ്ധമുഖത്തെ യഥാര്‍ത്ഥ മിത്രത്തിന്" എന്ന് അതിന്മേല് മുദ്രണം ചെയ്തിട്ടുണ്ട്.
ഭാരം ചുമക്കുന്നു എന്ന നിലയില്‍ മനുഷ്യന് ഏറെ കടപ്പാടുള്ള മൃഗമാണ് കഴുത. ഒന്നാം ലോക മഹായുദ്ധത്തില്‍ ഇറ്റാലിയന്‍ പട്ടാളത്തെ കഴുതകള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ചുമലില്‍ ഒരു പീരങ്കി-മസില് പ്രതീകാത്മകമായി ഘടിപ്പിച്ചിട്ടുള്ള കഴുതപ്രതിമ ഇറ്റലിയുടെ തലസ്ഥാനമായ റോമിലുണ്ട്. സ്വിറ്റ്സര്‍ലാന്റിലും, അമേരിക്കയിലെ ടെക്സാസിലും കഴുത സ്മാരകങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഹോളണ്ടില്‍ എടുത്തുപറയേണ്ടത് പശുവിന്റെ ശില്പമാണ്. നല്ല പാലും ഇറച്ചിയും തരുന്ന പശുക്കള്‍ എന്ന നിലയില്‍ ലോകത്തെമ്പാടും പേരുകേട്ടതാണ് ഹോളണ്ടിലെ പശുക്കള്‍. ആ രാജ്യത്തിന്റെ വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് പശുവാണ്. "നമ്മുടെ അമ്മ" എന്നാണവര്‍ പശുവിനെ വിളിക്കുന്നത്. ഈ വാചകം അവിടത്തെ പ്രസിദ്ധ പശുപ്രതിമയുടെ ചുമയില്‍ കൊത്തിവെച്ചിരിക്കുന്നത് കാണാം.
ജാക് എന്ന ഡോള്‍ഫിനാണ് ന്യൂസിലാന്റിലെ വെല്ലിംങ്ടണില്‍ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ പ്രതിമ. ഏറെ അപകടം നിറഞ്ഞ ഒരു കടലിടുക്കില്‍ 40-വര്‍ഷക്കാലം നാവികര്‍ക്ക് സഹായിയായി നിലകൊണ്ടിരുന്ന ജാക് എന്ന ഡോള്‍ഫിന്റെ ഓര്‍മ്മയ്ക്കായാണ് ഈ അപൂര്‍വ്വനിര്‍മ്മിതി.
ജര്‍മ്മനിയിലെ ഒരു പന്നിയുമായി ബന്ധപ്പെട്ട സ്മാരകത്തിന്റെ ചരിത്രം ഏറെ കൗതുകകരമാണ്. ഒരിക്കല്‍ ഒരു പന്നി ഒരേ സ്ഥലത്തുവന്ന് ആവര്‍ത്തിച്ച് കുഴി മാന്തുന്നതായി ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അതെന്തിനായിരിക്കും എന്നറിയാന്‍ അവരവിടെ ആഴത്തില്‍ കുഴിച്ചുനോക്കി. അപ്പോഴതാ ഒരു ഭീമന് ഉപ്പുകട്ട. അക്കാലത്ത് ഉപ്പ് വിശേഷപ്പെട്ട വസ്തുവായിരുന്നു. അങ്ങനെ ആ പ്രദേശത്തെ മനുഷ്യര്‍ക്ക് ഉപ്പും, അതിനവര്‍ക്ക് വഴികാണിച്ചുകൊടുത്ത പന്നിയ്ക്ക് ഒരു പ്രതിമയും കിട്ടി.
ഇങ്ങനെ നീളുന്ന മൃഗസ്മാരക കഥകള്‍ യൂറോപ്പിനു മാത്രമല്ല ലോകത്തിനാകെ പറയാനുണ്ടാകും. ഇവയില്‍ മിക്കതും നിര്‍മ്മിക്കാന്‍ കാരണം അവ മനുഷ്യന്റെ ആത്മസുഹൃത്തുക്കളും സഹായികളുമായിരുന്നു എന്ന കാരണത്താലാണ്. പ്രയോജനവാദിയാണല്ലോ മനുഷ്യന് അത്രതന്നെ സ്വാര്‍ത്ഥനും.
__________________
സമീര്‍ കാവാഡ്