പ്രകൃതിയുടെ പശ്ചാത്തലത്തില്‍ മനുഷ്യാസ്തിത്വത്തെ വായിക്കാനുള്ള ശ്രമമാണ് സക്കറിയയുടെ 'യേശുവിന്‍റെ ചില ദിവസങ്ങള്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 96-20) എന്ന കഥ. കുംമ്പസാരക്കൂടുകള്‍ കോടതിവ്യവഹാരങ്ങളിലേക്ക് പടികയറിയിറങ്ങുന്ന വര്‍ത്തമാനകാല പരിസരത്ത് സക്കറിയ വീണ്ടും യേശുവിന്‍റെ കഥ പറയുന്നത് വെറുതെയല്ല. ഭാവിയില്‍ വരാനിരിക്കുന്ന ശിഷ്യന്‍മാരെക്കുറിച്ചുള്ള സൂചനയെന്ന നിലയ്ക്കാണ് യേശുവിന്‍റെ കൂടെയുള്ള നേരിയതെങ്കിലും ലൗകികാലസ്യത്തെ കഥയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.
രാത്രി വൈകി തനിക്കു കൃത്യമായി വഴിയറിയുകപോലുമില്ലാത്ത മറിയത്തിന്‍റെ വീട്ടിലേക്കുപോകാം എന്നു പറയുന്ന ശിഷ്യനോട് മറുവാക്കു പറയാനാവാതെ പ്രതിസന്ധിയിലാകുന്നുണ്ട് യേശു. ആ രാത്രി മറിയത്തിനതൊരു ബുദ്ധിമുട്ടാകുമെന്ന് മനസ്സിലോര്‍ക്കാനേ അദ്ദേഹത്തിനാകുന്നുള്ളൂ. ഒടുവില്‍ വഴിതെറ്റുന്നു എന്ന് ശിഷ്യന്‍ സ്വയം തിരിച്ചറിയുകയും വനത്തില്‍ അതായത് പ്രകൃതിയോടൊപ്പം തങ്ങാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്യുന്നു. എത്ര ആഹ്ലാദത്തോടെയാണ് യേശു കരിയിലയുടെ മുകളില്‍ ആദ്യം നിവര്‍ന്നും പിന്നീട് ചെരിഞ്ഞും കിടന്നുറങ്ങുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്നിടത്ത് കഥ സത്യത്തില്‍ അവസാനിക്കുകയല്ല വര്‍ത്തമാന മത-സാമൂഹിക യാഥാര്‍ഥ്യത്തിന്‍റെ പുതിയ അര്‍ത്ഥതലങ്ങിലേക്ക് വായനക്കാരെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
ഇന്നത്തെ പല വികാരിമാരുടെയും വികാരവിചാരങ്ങളിലേക്ക് വിമര്‍ശനാത്മകമായി ശ്രദ്ധക്ഷണിക്കാന്‍ വേണ്ടിത്തന്നെയാണ് ലൗകികവികാരങ്ങളില്‍ ഒട്ടും അഭിരമിക്കാത്ത യേശുദേവനെ മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ സക്കറിയ ഓര്‍മ്മിപ്പിക്കുന്നത്.