ഡിസംബര്‍ അഞ്ച് ലോകമൊട്ടാകെ മണ്ണ് ദിനമായി ആചരിക്കുന്നു. ഫലഭൂയിഷ്ടത നിലനിര്‍ത്തി മണ്ണിനെ സംരക്ഷിക്കുക അതുവഴി നമുക്കു ലഭ്യമായ ഒരസുലഭ സംമ്പത്ത് വരും തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ ദിനത്തിന്റെ ഓര്‍മ്മകളില്‍ പ്രധാനം. വൈവിധ്യങ്ങളായ ധാതുക്കളും ലവണങ്ങളും വായുവും വ്യത്യസ്ത അനുപാതങ്ങളില്‍ മണ്ണിലടങ്ങിയിട്ടുണ്ട്. സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും മണ്ണ് അത്യന്താപേക്ഷിതമാണ്. ലോകത്തുല്‍പ്പാദിപ്പിക്കുന്ന ഏത് വിഷ പദാര്‍ത്ഥത്തെയും ശുദ്ധീകരിച്ചെടുക്കാനുള്ള അരിപ്പ എന്ന ദൗത്യവും മണ്ണ് നിര്‍വ്വഹിക്കുന്നുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ഔഷധം എന്നിങ്ങനെ നമ്മുടെ നിത്യജീവിതത്തിന്റെ സംരക്ഷണ കവചംകൂടിയാണ് മണ്ണ്.
മണ്ണൊലിപ്പ് തടയുക ഭാവി സംരക്ഷിക്കുക
എന്നതാണ് ഇത്തവണത്തെ ലോക മണ്ണ് ദിനാചരണത്തിന്റെ സന്ദേശവാക്യം.
ഞങ്ങള്‍ പഴയ കുട്ടികള്‍ക്കറിയാം മണ്ണു വാരിത്തിന്നതിന്റെ രുചി. മണ്ണപ്പം ചുട്ടുകളിച്ചതിന്റെ മങ്ങാത്ത ഓര്‍മ്മകള്‍. അടുക്കളയില്‍നിന്നും പുറത്താക്കിയ ചെല്ലടയില് (അരിപ്പ) തരിച്ചെടുത്ത മണ്ണ് വെള്ളത്തില്‍ കുഴച്ചെടുത്ത് തീപ്പെട്ടിക്കൂട് അച്ചാക്കി മണ്ണുകട്ട വാര്ത്തുണക്കിയുണ്ടാക്കിയ വീട് അയലൊക്കത്തെ ആട് കയറി പൊളിഞ്ഞുപോയതിന്റെ കലിപ്പ്. മണ്ണുകൊണ്ടുണ്ടാക്കിയ തണുത്ത പടാപ്പുറങ്ങള്, ചേറ്റടികള്. അന്നു ശാസ്ത്രം ഇത്ര വളര്‍ന്നിരുന്നില്ല മണ്ണ് ഇത്രമാത്രം വിഷം കലര്‍ന്നിരുന്നില്ല. മണ്ണനുഭവിക്കാത്ത, മണ്ണില്‍ കളിക്കാന്‍ ഭാഗ്യമില്ലാത്തവരാണ് പുതിയ തലമുറയിലെ ഒരു വലിയ വിഭാഗം. അതുകൊണ്ട് നമുക്ക് മണ്ണ് ദിനവും ആഘോഷിക്കാം. ഏവര്‍ക്കും മണ്ണ് ദിനാശംസകള്‍.