സുപ്രഭാതത്തിന്‍റെ തലക്കെട്ടില്‍ വിരിഞ്ഞത് വിശ്വാസികളുടെ ആവേശം'സര്‍വ്വശക്തന് സ്തുതി കുട്ടികള്‍ തരിച്ചെത്തി' എന്ന തലക്കെട്ടില്‍ സുപ്രഭാതം പത്രത്തില്‍ വന്ന വാര്‍ത്തയെ വിമര്‍ശിച്ചുകൊണ്ടല്ല, കളിയാക്കിക്കൊണ്ട് കഴിഞ്ഞദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്ന പ്രചരണം ശ്രദ്ധയില്‍ പെട്ടതുകൊണ്ടുമാത്രം ആ പത്രം ഇന്ന് എടുത്ത് വായിക്കാനിടയായി. സുപ്രഭാതത്തിന്‍റെ ലീഡ് സ്റ്റോറി മുഴുവാനായി വായിക്കുന്നതും ഇതാദ്യമായാണ്. |
നിഷ്പക്ഷമായൊരു പത്രം പോയിട്ട് നിഷ്പക്ഷമായൊരു മനുഷ്യന്‍പോലുമില്ലാത്ത നാടാണ് കേരളം എന്നിരിക്കെ വളരെ യാഥാസ്ഥികര്‍ (ജമാഅത്തെ ഇസ്ലാമിയും, സലഫികളുമാണല്ലോ മുമ്പേ ഉല്‍പതിഷ്ണുക്കളും, നവേത്ഥാനാശയക്കാരും ) എന്നു പൊതുബോധം തീറെഴുതി മാറ്റിനിര്‍ത്തിയ അതേസമയം കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിനകത്തെ ഏറ്റവും പ്രബലമായ ഇ.കെ വിഭാഗം സുന്നികളുടെ പത്രമാണിതെന്നിരിക്കെ ഈ തലക്കെട്ടിലെ തകരാറ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കുട്ടികള്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ വിവരമറിഞ്ഞതുമുതല്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇവര്‍ക്കായുള്ള പ്രാര്‍ത്ഥനയിലാണ്. സ്വാഭാവികമായും കുട്ടികള്‍ രക്ഷപ്പെട്ടു എന്ന സന്തോഷവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏതൊരു വിശ്വാസിയും ദൈവത്തെ സ്തുതിയ്ക്കല്‍ സ്വാഭാവികമാണ്. അത് തലക്കെട്ടില്‍ ജാഢകളില്ലാതെ പച്ചയായി തുറന്നെഴുതി എന്നതില്‍ കവിഞ്ഞ് മറ്റൊന്നും സത്യത്തില്‍ സുപ്രഭാതം ചെയ്തിട്ടില്ല. മാത്രവുമല്ല തലക്കെട്ടിനടിയിലെ സ്റ്റോറിയില്‍ ഇതിനുവേണ്ടി യത്നിച്ചവരെയും അവരുടെ ഇടപെടലിനെയും വാനോളം പുകഴ്ത്താനും ആ പത്രം മറന്നിട്ടില്ല, രണ്ടാം ഖണ്ഡികയില്‍ അവരെഴുതി, "അടുത്ത കാലത്ത് ലോകം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യത്തിനാണ് തായ്-ലാന്‍റില്‍ ശുഭാന്ത്യം കുറിച്ചത്." ഒരു മതവിശ്വാസിയെ സംബന്ധിച്ച് ഏറ്റവും ആകര്‍ഷണീയമായ തലക്കെട്ടാണ് സുപ്രഭാതം നല്‍കിയത്. എന്നാല്‍ തുടര്‍ന്നുള്ള വാര്‍ത്തയില്‍ ആ ടെമ്പോ പിന്തുടരാന്‍ ലേഖകന് സാധിക്കാതെപോയി എന്നതാണ് വസ്തുത. തീര്‍ച്ചയായും ഇതിനെ വിമര്‍ശിക്കാന്‍, കലര്‍പ്പില്ലാത്ത നിരീശ്വരവാദികള്‍ക്കവകാശമുണ്ട്. അത് സ്വാഗതാര്‍ഹമാണ്, കലര്‍പ്പില്ലാത്ത നിരീശ്വരവാദികളുടേത് മാത്രം. |
സമീര്‍ കാവാഡ്