'മ' മാസികകളുടെ നിലവാരത്തിലേക്ക് പത്രപ്രവര്‍ത്തനശൈലി മാറി: എം. സ്വരാജ്
| 2 MAY 2019 | CU Campus |
തയ്യാറാക്കിയത് - സമീര്‍ കാവാഡ്
സാമൂഹികപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ജനപക്ഷ നിലപാടുകളുടേതായിരുന്നു ആദ്യകാല മാധ്യമപ്രവര്ത്തനത്തിന്റേതെന്നും ഇന്നത് ലക്ഷണമൊത്ത ലാഭവ്യവസായമായി അധപതിച്ചിരിക്കുകയാണെന്നും എ.സ്വരാജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എംപ്ലോയീസ് യൂണിയന്റെ 46-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'മാധ്യമങ്ങുടെ വര്‍ത്തമാന രാഷ്ട്രീയം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് മാര്‍ക്സും ഗാന്ധിയും ഇ.എം.എസുമൊക്കെയാണ് പത്രമാസികകള്‍ നടത്തിയിരുന്നത്, പുതിയ കാലത്ത് എല്ലാ വ്യവസായ ശാലകളും കോര്‍പ്പറേറ്റുകളും സ്വന്തമായി പത്രദൃശ്യമാധ്യമ ഉടമകളാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ബി.ജെ.പി വന്നാലും കോണ്‍ഗ്രസ്സ് വന്നാലും പ്രശ്നമല്ല. രണ്ടിന്റെയും സാമ്പത്തിക നയങ്ങള്‍ ഒന്നാണ്. ഇടതുപക്ഷം അങ്ങനെയല്ല കോര്‍പ്പറേറ്റ് നികുതിയടക്കം ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്നതാണ് അവരുടെ നയം. ഇങ്ങനെയൊരു കാലത്ത് കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖ്യ അജണ്ട സി.പി.എം വിരുദ്ധതയാകുന്നതില് അത്ഭുതമില്ല. അതാണ് മാധ്യമങ്ങളുടെ രാഷ്ട്രീയം. വായനക്കാരോടുള്ളതിനേക്കാള് അവര്‍ക്ക് കടപ്പാട് കോര്‍പ്പറേറ്റുകളോടാണ്.
രാഷ്ട്രീയത്തില്‍ വലതുപക്ഷ വിധേയത്വവും മറ്റു കോളങ്ങളില്‍ പൈങ്കിളിത്തരവുമായി പഴയകാല 'മ' മാസികകളുടെ നിലവാരത്തിലേക്ക് മലയാളപത്രപ്രവര്‍ത്തന ശൈലി മാറിപ്പോയിട്ടുണ്ട്. സാരി, മൂക്ക്, കണ്ണ് എന്നിവ രാഷ്ടീയ നേതാവിന്റെ യോഗ്യതയെ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളായി മാധ്യമരംഗം പൈങ്കിളിവല്ക്കരിക്കപ്പെട്ടിരിക്കുന്നു. ഗൗരവമായ അന്വേഷണങ്ങളില്‍നിന്നും ഇക്കിളിയിലേക്കുള്ള പരിവര്‍ത്തനമാണിത്.
ദുരന്തംപോലും ആഘോഷരൂപേണയാണ് അവതരിപ്പിക്കപ്പെടുന്നത്. സര്‍ക്കുലേഷനാണ് സത്യസന്ധതയല്ല പുതിയകാല മാധ്യമപ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നായിരിക്കുന്നു. വാര്‍ത്തകള്‍ സത്യം അറിഞ്ഞു കൊടുക്കുക എന്നതിനല്ല, ആദ്യം കൊടുക്കുക എന്നതുമാത്രമായിട്ടാണ് പരക്കം പാച്ചില്‍. പുതിയകാലത്ത് കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങളില്‍നിന്നും വലിയനീതിയൊന്നും ജനസാമാന്യം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. നവമാധ്യമങ്ങളാണ് ഒരു പരിധിവരെയെങ്കിലും പ്രതീക്ഷയെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
സ്വരാജ് സൂചിപ്പിച്ചതുപോലുള്ള മഞ്ഞ വാര്‍ത്തകള്‍ വായിക്കാന്‍ ഏറ്റവും പുതിയ സര്‍ക്കുലേഷന്‍ സെന്‍സസ് പ്രകാരം ഒരു കോടി എഴുപത്തിനാല് ലക്ഷം വായനക്കാര്‍ കൗതുകത്തോടെ നിത്യവും കാത്തുനില്ക്കുന്നു എന്നതാണ് മലയാളത്തിലെ മാധ്യമരംഗം അഭിമൂഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എ. സജീവന് അഭിപ്രായപ്പെട്ടു. സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് രാഷ്ട്രീയ-സാംസ്കാരിക-ചരിത്രബോധം തീരെ ഇല്ല, അത് അവരുടെ മാത്രം കുറ്റമല്ല മറിച്ച് കോര്‍പ്പറേറ്റുകള്‍ അതവര്‍ക്ക് ആവശ്യമില്ല എന്ന ദീര്‍ഘദൃഷ്ടിയോടെ അവരെ വളര്‍ത്തുന്നു, അതിനായവര്‍ നമ്മുടെ സര്‍വ്വകലാശാല സിലബസുകളില്‍ പോലും ഇടപെടുന്നു. തങ്ങള്‍ക്കനുകൂലമാകുമ്പോള്‍ മാത്രം നിഷ്പക്ഷം അല്ലെങ്കില്‍ പക്ഷപാതപരം എന്ന സമീപനം രാഷ്ട്രീയനേതൃത്വം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.