കാലിക്കറ്റില്‍ ഫീസടക്കുന്നതിന് ഗേറ്റ് വേ പദ്ധതി
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ ബാങ്കുകളുടെ ഇന്റെര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് സര്‍വകലാശാലാ ഫണ്ടിലേക്ക് പണം അടക്കാനുള്ള പുതിയ പെയ്മെന്റ് ഗേറ്റ്വേ പദ്ധതി നടപ്പാക്കുന്നു. എസ്.ബി.ഐ ഇപേ (SBI ePay) പദ്ധതിയുടെ കരാര്‍ എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ഇന്ദു പാര്‍വതി, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷിക്ക് കൈമാറി.
സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഫിനാന്‍സ് ഓഫീസര്‍ മോഹന്‍ കൃഷ്ണന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജുഗല്‍ കിഷോര്‍, എസ്.ബി.ഐ ബ്രാഞ്ച് ചീഫ് മാനേജര്‍ മുഹമ്മദ് ഹനീഫ, മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ കുമാര്‍, സജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇത് നടപ്പാക്കുന്നതോടു കൂടി സര്‍വകലാശാലയുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറും. നാല്‍പ്പതിലധികം ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഈ സേവനത്തിന്റെ പരിധിയില്‍ വരും. പദ്ധതിയുടെ ഔദ്യോഗികോദ്ഘാടനം നവംബര്‍
14-ന് നടക്കും.
ദേശീയ പുനരര്‍പ്പണ പ്രതിജ്ഞയെടുത്തു
ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31-ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപകരും ജീവനക്കാരും ദേശീയ പുനരര്‍പ്പണ പ്രതിജ്ഞയെടുത്തു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ പ്രതിജ്ഞചൊല്ലിക്കൊടുത്തു. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ദേശീയ ഏകതാദിന പ്രതിജ്ഞയും ജീവനക്കാര്‍ എടുത്തു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നവംബര്‍ രണ്ടിന്
നാല് പദ്ധതികളുടെ ഉദ്ഘാടനം
കാലിക്കറ്റ് സര്‍വകലാശാലയുടെ വികസനത്തിന് കുതിപ്പേകി ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലടക്കം നാല് സേവനങ്ങളുടെ ഉദ്ഘാടനം നവംബര്‍ രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിക്കും. മാത്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ മൂന്ന് പഠനവകുപ്പുകള്‍ ഉള്‍കൊള്ളുന്ന കമ്പ്യൂട്ടേഷണല്‍ സയന്‍സിന് വേണ്ടി നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി കെട്ടിടമാണ് അവയിലൊന്ന്. 3750 സ്ക്വയര്‍ മീറ്ററില്‍ നിര്‍മ്മിച്ച ഈ നാല് നില കെട്ടിടം റൂസ ഫണ്ടില്‍ ലഭിച്ച 6.42 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മിച്ചത്.
യൂനിഫൈഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റൊരു സേവനം. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ മുഴുവന്‍ പഠനവകുപ്പുകളിലെ ലൈബ്രറികളുടെയും സേവനങ്ങള്‍ ഒരു കുടക്കീഴില് കൊണ്ടുവരാനാണ് ഇത് തുടങ്ങുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഈ ലൈബ്രറികളുടെ സേവനം ഉപയോഗിക്കാം. പുസ്തകം ബുക്ക് ചെയ്യല്‍, പുതുക്കല്‍, കാറ്റലോഗ് സെര്‍ച്ച് ചെയ്യല്‍ തുടങ്ങിയ സേവനങ്ങള്‍ ഇത് വഴി സാധിക്കും.
ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റ് രണ്ട് സേവനങ്ങളാണ് സ്റ്റുഡന്റ്സ് പോര്‍ട്ടല്‍, ഡിപ്പാര്‍ട്ടുമെന്റ് പോര്‍ട്ടല്‍ എന്നിവ. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയവ സ്റ്റുഡന്റ് പോര്‍ട്ടലില്‍ ലഭ്യമാവും. ഓരോ പഠനവകുപ്പിന്റെയും സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാവും. ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റെയും സി.സി.എസ്.എസ് വര്‍ക്കുകള്‍ കമ്പ്യൂട്ടറൈസ് ചെയ്ത് കടലാസ് രഹിതമാവും. രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും.
കേരള ലൈബ്രറി അസോസിയേഷന് കോഴിക്കോട് റീജിയണല്‍ കമ്മറ്റിയും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ കോഹ ട്രെയിനിംഗ് പ്രോഗ്രാമിലൂടെ സമാഹരിച്ച തുക അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കും.
കാലിക്കറ്റ് സര്വകലാശാലിയലേക്ക് പണമിടപാടുകള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി പുതുതായി നടപ്പാക്കുന്ന എസ്.ബി.ഐ ഇപേ (SBI ePay) പെയ്മെന്റ് ഗേറ്റ്വേ പദ്ധതിയുടെ കരാര്‍ എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ഇന്ദു പാര്‍വതി, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷിക്ക് കൈമാറുന്നു).
സര്‍വകലാശാല/കോളേജ് അധ്യാപകര്‍ക്ക് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാല/കോളേജ് ശാസ്ത്ര-സാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപകര്‍ക്കായി വിവര സാങ്കേതിക വിദ്യാധിഷ്ഠിത പാഠ്യപദ്ധതിയും ബോധന രീതിയും ഉന്നത വിദ്യാഭ്യാസത്തില്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന കോഴ്സിലേക്ക് നവംബര്‍ നാല് വരെ അപേക്ഷിക്കാം. ഒരാഴ്ചത്തെ കോഴ്സ് നവംബര്‍ ആറിന് തുടങ്ങും. വിജ്ഞാപനവും അപേക്ഷാ ഫോമും സര്‍വകലാശാലാ വെബ്സൈറ്റില്‍. വിവരങ്ങള്‍ക്ക്: 9495657594, 9446244359.
അദീബെ ഫാസില്‍ പ്രിലിമിനറി ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന അദീബെ ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് നവംബര്‍ രണ്ട് മുതല്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പ്രിലിമിനറി 2004 മുതല്‍ 2015 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചവര്‍ അതത് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റി അവിടെ തന്നെ പരീക്ഷ എഴുതണം. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.
ബി.ഫാം സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബി.ഫാം (2002 സ്കീം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ എട്ട് വരെയും 170 രൂപ പിഴയോടെ നവംബര്‍ 12 വരെയും ഫീസടച്ച് നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സി.യു.സി.എസ്.എസ്, 2016 മുതല്‍ പ്രവേശനം) പരീക്ഷ നവംബര്‍ 18-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക് റഗുലര്‍/സപ്ലിമെന്ററി ഇന്റേണല്‍ പരീക്ഷ നവംബര്‍ എട്ടിന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ബി.എ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജനുവരി 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.