നമ്മളാഗ്രഹിച്ചാലും നന്നാവാത്ത സംഘടനയായി കോണ്‍ഗ്രസ് മാറി - കെ.ടി. കുഞ്ഞിക്കണ്ണന്
| 14 February 2020 | C.U Campus |
കുടിയേറ്റവിരുദ്ധവും മുസ്ലിംവിരുദ്ധവുമായ ഒരുതരം നവവംശീയതയാണ് ഇന്ന് സാര്‍വ്വദേശീയതലത്തില്‍ മേല്‍ക്കൈ നേടിയിരിക്കുന്നതെന്നതെന്നും അതിന്റെ പ്രതിഫലനമാണ് നവഫാസിസത്തിന്റെ രൂപത്തില്‍ ഇന്ത്യയിലും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കെ.ടി.കുഞ്ഞിക്കണ്ണന്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷക കൂട്ടായ്മയായ എ.കെ.ആര്.എസ്.എ സംഘടിപ്പിക്കുന്ന ലക്ചര്‍ സീരീസിന്റെ ഭാഗമായുള്ള 'ഇന്ത്യന്‍ ജനാധിപത്യം തകര്‍ച്ചക്കും പ്രതീക്ഷക്കും ഇടയില്‍' എന്ന സെമിനാറില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ദേശീയസമ്പത്തിന്റെ നവകോളനിവല്ക്കരണമാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആഗോള നിയോലിബറല്‍ നയങ്ങളുടെ കാര്യകര്ത്താക്കള്തന്നെയാണ് ഇതിനുപിന്നില്‍. 1980-കള്‍ക്കൊടുവിലെ ഖനന നിയമ ഭേദഗതിയോടെ ആരംഭിച്ച പദ്ധതിയുടെ വളരെ പൈശാചികമായ ഒരു ഘട്ടത്തിലാണ് ഇതെത്തിനില്ക്കുന്നത്.
റഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു. ഇന്നതെല്ലാം വിറ്റു തുലക്കുന്നതിന്റെ തിരക്കിലാണ് ഭരണക്കാര്‍. ഏറ്റവും ഒടുവില്‍ എല്‍.ഐ.സിയും വിറ്റിരിക്കുന്നു. കടുത്ത മതവര്‍ഗ്ഗീയ നടപടികളിലൂടെ ജനശ്രദ്ധതിരിച്ചുവിട്ട് അതിനിടയിലാണ് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള ഇത്തരം തീറെഴുതലുകള്. ജനാധിപത്യ മൂല്യങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കാനാവാത്ത ഒന്നാണ് മുതലാളിത്ത വ്യവസ്ഥയെന്ന് ഓരോ സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിവര് സര്വ്വജനാധിപത്യമൂല്യങ്ങളെയും കാറ്റില്പറത്തും. അതാണിന്ന് ഇന്ത്യയല് കണ്ടുകൊണ്ടിരിക്കുന്നത്.
ദേശീയസ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളെ മുന്നില്‍ നിര്‍ത്തി മാത്രമേ വര്‍ത്തമാന ഇന്ത്യനവസ്ഥയെ പ്രതിരോധിക്കാനാവൂ. "വാജ്പേയുടെ പ്രതിമയുണ്ടാക്കും എനിക്കു വോട്ട് ചെയ്യണം" എന്നു പറയുന്ന നേതാക്കളുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപതിച്ചിരിക്കുന്നു. അതിന്റെ നേതാക്കളെ വിശ്വസിക്കാനാവില്ല. നമ്മളാഗ്രഹിച്ചാലും നന്നാവാത്ത പാര്‍ട്ടിയായി അത് മാറി. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും അഭൂതപൂര്‍വ്വകമായ പ്രതിരോധമാണ് വിവിധ പ്രദേശങ്ങളില്‍നിന്നും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ഇത് തികച്ചും ആശാവഹമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ സംഘടനകള്ക്കുമാത്രമായി ഈ വിപത്തിനെ നേരിടാനാവില്ല. ചെറുതും വലുതുമായ എല്ലാ കൂട്ടായ്മകളെയും ഐക്യപ്പെടുത്തിക്കൊണ്ടുമാത്രമേ നിയോലിബറല്‍ നയങ്ങളെയും അതിന്റെ തന്നെ ഉല്പന്നമായ വര്‍ഗ്ഗീയതയെയും എതിര്ത്തുതോല്പ്പിക്കാനാവൂ എന്നും കെ.ടി പറഞ്ഞു.
എല്ലാറ്റിനെയും പ്രാഥമികമായും ഉള്‍ക്കൊള്ളുക എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതലെന്നും ഈ യാഥാര്‍ത്ഥ്യം രാജാറാം മോഹന്‍ റായ് മുതല്‍ ആധുനിക ഇന്ത്യയുടെ നിര്‍മ്മിതിയില്‍ സംഭാവനകളര്പ്പിച്ചവരെല്ലാം തിരിച്ചറിഞ്ഞിരുന്നുവെന്ന് ഡോ. രാജ ഹരിപ്രസാദ്. ഇതില്‍നിന്നും ഭിന്നമായി ബഹുസ്വരതയെ ബഹിഷ്കരിക്കുന്നതായിരുന്നു യൂറോപ്യന്‍ സംസ്കാരം. ഇന്ത്യന്‍ ഫാസിസം യൂറോപ്പിനെ മാതൃകയാക്കുന്നതിനുപിന്നിലെ പ്രേരക ഘടകം ഇതാണ്. ഫാസിസത്തോടെതിരിടാന് രാഷ്ട്രീയസമരം മാത്രം പോര, സാംസ്കാരിക രംഗത്തും ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. രാമായണ-മഹാഭാരത സീരിയലുകള്‍ എങ്ങനെയാണ് നമ്മുടെ ജീവിതത്തില്‍ ഇന്നിടപെട്ടുകൊണ്ടിരിക്കുന്നതെന്നും, സവര്‍ക്കറെന്ന ഭീകരനെ മനസ്സിലാക്കാന്‍ കാലാപാനി സിനിമ എത്രമാത്രം ഉപകരിച്ചു എന്നും വിലയിരുത്തിയാല്‍ കാര്യം പിടികിട്ടും, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ഹരികുമാര്‍ സി. അദ്ധ്യക്ഷം വഹിച്ചു. ലിജിന്‍ സ്വാഗതവും പ്രജിത് നന്ദിയും പറഞ്ഞു.