അറിവിനെ ഭയക്കുന്നവര്‍ വിദ്യാഭ്യാസത്തിന് ഭീഷണി - നിലോല്‍പല്‍ ബസു
| 10 February 2020 | C.U Campus |
സാര്‍വ്വദേശീയതയും സമഭാവനയും അടിത്തറയായതുകൊണ്ടാണ് ആര്.എസ്.എസ്സും ബി.ജെ.പിയും സര്‍വ്വകലാശാലകളെ പലവിധേന തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോ അംഗം നിലേല്പല് ബസു അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വ്വകലാശാല എംപ്ലോയീസ് യൂണിയന് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുന്‍ എം.പി കൂടിയായ ബസു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പഠിക്കുകയും, അതില്‍നിന്നും ആവേശം ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍ ഭയപ്പെടുക സ്വാഭാവികം. എ.ബി.വി.പി ഗുണ്ടകള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നടത്തിയ ഭീകരാക്രമണം ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളെ അവര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ്. മോദിയും അമിത്ഷായും പങ്കെടുത്ത സംസ്ഥാന ഡി.ജി.പിമാരുടെ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികളുടെ വാട്സ് ആപ് സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്നുയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളിലെ വിദ്യാര്‍ത്ഥി-സ്ത്രീ പങ്കാളിത്തം ഏറെ പ്രതീക്ഷ നല്കുന്നു. ചടങ്ങില്‍ യൂണിയന് പ്രസിഡന്റ് എസ്.പത്മജ അദ്ധ്യക്ഷം വഹിച്ചു.
ചില പ്രത്യേക രാജ്യങ്ങളില്നിന്നുമാത്രമല്ല ദൈന്യതയനുഭവിച്ച് ഏത് രാജ്യത്തുനിന്നും മനുഷ്യര്‍ പാലായനം ചെയ്തെത്തിയാലും അവരെ ഉള്‍ക്കൊള്ളാന്‍ നമുക്കാവണം. മതവും ദേശാതിര്‍ത്തികളും മാനദണ്ഡമാക്കരുത് എന്ന നിലപാടാണ് സി.പി.ഐ (എം)ന്റേത്. തന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന് ചെയ്ത പ്രസംഗത്തിന്റെ അന്തസത്തയും അതാണ്. എന്നാല്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്നവര്‍ അനുവര്‍ത്തിക്കുന്നത്.
ജര്‍മ്മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനു സമാനമായ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ഇന്ത്യയിലും ഒരുങ്ങിക്കഴിഞ്ഞു. ആസ്സാമിലെ ഇത്തരമൊരു ക്യാമ്പില്‍ നിരവധിയാളുകള്‍ ഇതിനോടകം മരണപ്പെട്ടു. അതില്‍ അമ്മയോടൊപ്പം അടയ്ക്കപ്പെട്ട ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. കുട്ടിയുടെ മരണാനന്തരമാണ് അമ്മയ്ക്ക് സര്‍ക്കാര്‍ മനദണ്ഡമനുസരിച്ചുള്ള പൗരത്വമുണ്ടെന്നു തെളിയുന്നത്. ഇത്തരം നിരവധി സംഭവങ്ങള്‍ നടുക്കത്തോടെ നാം നിത്യേന കേള്‍ക്കുകയാണ്. ഇന്ത്യയില്‍ എന്ത് ജനാധിപത്യമാണ് നിലനില്‍ക്കുന്നത് ഇതിനുത്തരവാദികളായവരെ അധികാരത്തില്‍നിന്നും തുരത്തിയേ മതിയാകൂ. അതിനു ഐക്യം വളരെ പ്രധാനമാണ്.
മതനിരപേക്ഷജനാധിപത്യ കക്ഷികള്‍ക്കിടയില്‍ നിരവധി അഭിപ്രായവ്യത്യാസമുണ്ടാകാം. അതിനെക്കുറിച്ച് നമുക്കിനിയും തര്‍ക്കിക്കാം. പക്ഷെ, അതിനനുപേക്ഷണീയമായ ഒരു ജനാധിപത്യഭൂമിക ഇവിടെ നിലനിന്നേ മതിയാകൂ. അതിന് എല്ലാം മറന്നുള്ള പൊതുഐക്യം അനിവാര്യമാണ്. അത്തരമൊരു ഐക്യത്തിലൂടെമാത്രമേ ഇപ്പോഴത്തെ ചിദ്രശക്തികളെ തൂത്തെറിയാനാവൂ,സി.യു.ഇ.യു പോലുള്ള സര്‍വ്വീസ് സംഘടനകള്‍ക്ക് ഇത്തരം ഐക്യസങ്കല്പം യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാനുണ്ടെന്നും ബസു ഓര്‍മ്മിപ്പിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് സ്വാഗതസംഘം ചെയര്മാന് പി.പി.വാസുദേവന്‍ സ്വാഗതവും, കെ.സുബ്രമണ്യന്‍ നന്ദിയും പറഞ്ഞു.