അരീക്കോട് പാലം അപകട ഭീഷണിയില്‍
മലപ്പുറം ജില്ലയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പ്രമുഖ പാലങ്ങളിലൊന്നായ അരീക്കോട് പാലത്തിന്റെ താഴത്തങ്ങാടി ഭാഗം അപകടാവസ്ഥയില്‍. സുരക്ഷാകെട്ട് തകര്‍ന്നതും, അടിഭാഗത്തുള്ള മണ്ണ് അപകടകരമാംവിധം അടര്‍ന്നുപോയതും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊതുമരാമത്തു വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉന്നത എഞ്ചിനീയര്‍മാര്‍ അടക്കമുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പാലത്തിലൂടെയുള്ള ഗതാഗതം അടിയന്തിരമായി നിര്ത്തിവെയ്ക്കേണ്ടതില്ലെന്നാണ് വിദ്ഗ്ധാഭിപ്രായം എന്നറിയുന്നു.
മുന്‍ കാലങ്ങളില്‍ ഈ പ്രദേശത്തുനിന്നും വ്യാപകമായ തോതില്‍ മണലെടുത്തിരുന്നു. എന്നാല്‍ ഇതിലൂടെ കാലാകാലങ്ങളായി സര്‍ക്കാറിലേക്കു ലഭിച്ച പണമുപയോഗിച്ച് നദീതടസംരക്ഷണമടക്കമുള്ള യാതൊരുവിധ പദ്ധതികളും ഇന്നേവരെ നടപ്പിലാക്കിയിട്ടില്ല.
ചാലിയാര്‍ ഏറെക്കുറെ തൊണ്ണൂറു ഡിഗ്രി വളഞ്ഞൊഴുകുന്ന താഴത്തങ്ങാടി ഭാഗത്ത് മിക്കയിടത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. പത്തനാപുരം ഭാഗത്തേക്കുള്ള പുഴയോടുചേര്ന്നു കിടക്കുന്ന റോഡിടിഞ്ഞ് നിലവില്‍ വാഹനഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. നാലകത്ത് മൊയ്തീന്‍കുട്ടി, പുറ്റ്യേന്തൊടി അബ്ദുറ, കല്ലിങ്ങല്‍ കുഞ്ഞാണി എന്നിവരുടേതടക്കം ഈ ഭാഗത്തെ പല വീടുകള്‍ക്കും മണ്ണിടിച്ചിലില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധി പേരുടെ സ്ഥലവും കൃഷിയും പുഴയെടുത്തു.
-------------------------
സമീര്‍ കാവാഡ്