അരീക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ കാഷ്വാലിറ്റി വരുന്നതിനെ ആരാണ് ഭയക്കുന്നത്..?
അന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി സമയം. സ്കൂളില്‍ പഠിക്കുന്ന മകനെയും കൊണ്ടായിരുന്നു അയാളുടെ വരവ്. കുട്ടിക്ക് നല്ല പനിയും ശ്വാസം മുട്ടലും വിറയലുമുണ്ട്. കാഴ്ചയില്‍നിന്നും പെരുമാറ്റത്തില്‍നിന്നും അയാളുടെ ദാരിദ്രത്തിന്റെ ആഴം ആര്‍ക്കും മനസ്സിലാകും. തിരിച്ചുപോകാന്‍ ബസ്കൂലിപോലും കയ്യിലില്ലാത്ത ഒരു മനുഷ്യനാണ് തന്റെ രോഗബാധിതനായ കുഞ്ഞുമായി അടിയന്തര ചികിത്സതേടി അരീക്കോട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയിരിക്കുന്നത്. ഡോക്ടറില്ലെന്നു പറഞ്ഞ് അയാളെയും മകനെയും മടക്കി അയക്കേണ്ടിവന്ന അനുഭവം എന്നോടു നിറഞ്ഞ കണ്ണുകളോടെയാണ് ആ ആശുപത്രിയിലെ ഒരു ജീവനക്കാരന് കഴിഞ്ഞദിവസം വിവരിച്ചത്. നിസ്സഹായനായിരുന്നു അയാള്‍. തനിക്ക് സഹായിക്കാന്‍ പറ്റിയ ചെറിയ തുകകൊണ്ട് ഒരു പക്ഷെ ആ നിര്‍ഭാഗ്യവാനായ അച്ഛനും മകനും വീട്ടിലെത്താനായേക്കാം പക്ഷെ അരീക്കോട് ടൗണിലെ ഒരു സ്വകാര്യ ചികിത്സാകേന്ദ്രത്തില്നിന്നും പരിചരണവും മരുന്നും കിട്ടില്ലെന്നുറപ്പ്.
കേരളത്തിന്റെ പൊതുജനാരോഗ്യരംഗം ഏറെ പെരുമയുള്ളതാണെങ്കിലും നിസ്വരായ വലിയൊരു ജനവിഭാഗത്തിന് ഈ സുഖസൗകര്യങ്ങളൊക്കെ ഏറെ അകലെയാണ്. സ്വകാര്യ മരുന്നുലോബികളുടെയും, രോഗിയ്ക്കും മരുന്നിനും ഇടയില്‍ മനുഷ്യത്വത്തെ വിറ്റ് കൊള്ളലാഭം കൊയ്യുന്ന ചികിത്സാവ്യാപാരികളുടെയും ഇടപെടലാണ് നേരത്തെ സൂചിപ്പിച്ച അകലത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. ശ്രീ. കെ.കെ രാഗേഷ് തന്റെ രാജ്യസഭാ എം.പി ഫണ്ടില്‍ നിന്നും അരീക്കോട് താലൂക്ക് ആശുപത്രിക്ക് 32 ലക്ഷം രൂപ അനുവദിച്ചതായി വാര്‍ത്ത വന്നിട്ടുണ്ട്. തീര്‍ത്തും സ്വാഗതാര്‍ഹമാണ് ഈ തീരുമാനം.
കണ്ണൂര്‍കാരനായ ശ്രീ. രാഗേഷ് ഏറനാട്ടിലെ ഒരാശുപത്രിക്ക് എം.പി ഫണ്ട് നലികുമ്പോള് അതിനു പിന്നില്‍ കേവലം അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യമാകാന് വഴിയില്ല. സ്വന്തമായി ജനപ്രതിനിധികളില്ലാത്ത ഈ പ്രദേശത്തെ പാര്‍ട്ടിയുടെ (cpi-m) ആവശ്യപ്രകാരമാവാം ഇത്തരം ഒരു തീരുമാനം. അതിനാണ് ഏറെ സാധ്യത. മറ്റൊരു സാധ്യത ഈ പണമുപയോഗിച്ച് ആരാണോ പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തുന്നത് അവരുടെ താല്പര്യമാകാം. അതേതായാലും ഇപ്പോള്‍ അവ്യക്തമാണ്. വഴിയേമാത്രമേ വ്യക്തമാകൂ. ബിനാമി കോണ്ട്രാക്ടുകളാണെങ്കില് അറിയാനും നിവൃത്തിയില്ല. ഏതായാലും അരീക്കോട് ആശുപത്രിയെയും നാട്ടുകാരെയും സംബന്ധിച്ച് ആഹ്ളാദകരമാണീ വാര്‍ത്ത.
അരീക്കോട് ആശുപത്രിയെ സംബന്ധിച്ച് ഏറ്റവും അത്യാവശ്യം കേഷ്വാലിറ്റിയാണെന്നാണ് നാട്ടുകാരുടെ പൊതുവെയുള്ള അഭിപ്രായം. പകല്‍ പത്തിനും രണ്ടിനും ഇടയില്‍ മാത്രം പരിമിതപ്പെട്ടു കിടക്കുകയാണ് നിലവില്‍ ഇവിടത്തെ പരിശോധനാ സമയം. രോഗംമൂര്ച്ചിച്ച് ആളുകള്‍ ബേജാറാകുന്ന രാത്രി സമയങ്ങളിലും, കൂടെയുള്ളവര്‍ക്ക് (Bystanders) ജോലി കഴിഞ്ഞ് രോഗിയോടൊപ്പം വരാന്‍ സൗകര്യപ്പെടുന്ന വൈകീട്ട് 5-നും 8-നും ഇടയിലുള്ല സമയവും അരീക്കോട് താലൂക്കാശുപത്രിയില്‍ പരിശോധനയില്ലെന്നര്ത്ഥം. കാഷ്വാലിറ്റിയാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തലത്തില്‍ എടുക്കേണ്ടതാണെങ്കിലും അതിനു മുമ്പേ പശ്ചാത്തല സൗകര്യമൊരുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം വിനിയോഗിക്കാവുന്നതാണ്. അതിനു ആശുപത്രി വികസന സമിതിയും, എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായി മുന്നോട്ടു വരണം. സ്ഥലം എം.പിയുടെയും എം. എല്‍.എയുടെയും ഫണ്ടുകളും ഇതിലേക്കായി ഉറപ്പു വരുത്തണം.
നിലവില്‍ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത് സ്വകാര്യ ക്ലിനിക്കുകളെയോ തൊട്ടടുത്ത പ്രദേശങ്ങളിലെ ആശുപത്രികളെയോ ആണ്. ഇത് ഭീമമായ സാമ്പത്തിക ബാധ്യതയാണെന്ന് പറയേണ്ടതില്ലല്ലോ. അത്രയേറെ കൊടും ചൂഷണമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. സ്വാഭാവികമായും അരീക്കോട് സര്‍ക്കാര്‍ ആശുപത്രിയുടെ നവീകരണം സ്വകാര്യ കച്ചവടക്കാരെ അലോസരപ്പെടുത്തും. അവര്‍ രാഷ്ട്രീയ നേതൃത്വത്തെതയും (അണികളെയല്ല) വികസന സമിതിയെയും സ്വാധീനിച്ച് ഇരുപത്തിനാലു മണിക്കൂര്‍ കാഷ്വാലിറ്റി എന്ന ആശയത്തെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിക്കും. പ്രഖ്യാപിച്ച ഫണ്ട് ഇടംകോലിട്ട് വേണ്ടെന്നു വെയ്പ്പിക്കാന്‍ വരെ അവര്‍ക്കാകും. അതുകൊണ്ട് കരുതിയിരിക്കുക. പൊതുജനാരോഗ്യത്തില്‍ തല്പരരായ മുഴുവനാളുകളും ഈ വിഷയത്തില്‍ ഒരു പൊതുസമ്മതി ഉണ്ടാക്കിയെടുക്കാനുള്ള യത്നത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റു സാധ്യമായ മാര്‍ഗ്ഗങ്ങളിലൂടെയും ഇടപെടുക. അണ്ണാറക്കണ്ണനും തന്നാലായത്...
-------------------------
സമീര്‍ കാവാഡ്