ഇതാണ് തൊഴിലാളികള്‍...
മനുഷ്യസ്നേഹമാണ് ഏതു തൊഴിലിന്റെയും മഹത്വം
| 10 Sep 2018 | AREECODE |
പ്രളയകേരളത്തിന്റെ കണ്ണീരൊപ്പാന്‍ ജീവിതാധ്വാനത്തിന്റെ നന്മനിറഞ്ഞ കൈത്താങ്ങുമായ് അരീക്കോട്ടെ ഓട്ടോ തൊഴിലാളികള്‍. പ്രാരാബ്ദം നിറഞ്ഞ ഓട്ടത്തിനിടയിലും സ്വാരൂപിച്ച മുപ്പത്തിരണ്ടായിരത്തി അറുന്നൂറ്റി ഇരുപത്തഞ്ച് രൂപ, (32625) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായ് അരീക്കോട് ട്രഷറി ഓഫീസര്‍ക്ക് അവരിന്ന് കൈമാറി.
എല്ലാം വളരെ സുതാര്യമായിരുന്നു എന്നത് ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മാറ്റുകൂട്ടുന്നു. 900 ത്തോളം ഒട്ടോറിക്ഷകള്‍ ഓടുന്ന അരീക്കോട് 85 പേരാണ് ഈ സദുദ്യമത്തിലേക്ക് വിയര്പ്പൊഴുക്കിയിരിക്കുന്നത്. ഏറെ പ്രയാസമനുഭവിക്കുന്നവരുടെ തൊഴില്മഖല എന്ന നിലയില്‍ എല്ലാവര്ക്കും ഇതുമായി സഹകരിക്കാനാവാത്തത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതായാലും ഈ സല്‍ക്കര്‍മ്മം കൊടുത്തവര്‍ക്ക് നഷ്ടമോ ബുദ്ധിമുട്ടില്ലാതിരുന്നിട്ടും കൊടുക്കാത്തവര്ക്ക് നേട്ടമോ ആകില്ലെന്നുറപ്പ്.
മാനുപ്പ, വിജേഷ്, ജാഫര്‍ തച്ചണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്കി. നിരോധിച്ചത് കട്ടെടുത്തും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും പ്രകൃതിയെ കൊന്നുതിന്നും മൂല്യച്ഛ്യുതിയിലേക്ക് വഴുതുന്നവര്ക്ക് മാതൃകയാണ് ഈ മനുഷ്യസ്നേഹികള്‍. നിങ്ങളാണ് യഥാര്‍ഥ തൊഴിലാളിവര്‍ഗ്ഗം ഏത് പാര്‍ട്ടിക്കാരാണെങ്കിലും...
സമീര്‍ കാവാഡ്