ഏറനാട്ടിലും സ്ഥാനാര്‍ത്ഥി മാറാന്‍ സാധ്യത?
| 15 March 2021 | AREECODE |
സ്ഥാനാർത്ഥിലിസ്റ്റിൽ ഇടംലഭിക്കാത്ത ഒരു ലീഗ് നേതാവ് ഏറനാട്ടില്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതായും ഇതുമായിബന്ധപ്പെട്ട് ഇടതുനേതാക്കളെ സമീപിച്ചതായും സൂചന. നിലവില്‍ കെ.ടി. അബ്തുറഹ്മാനെയാണ് സി.പി.ഐ അവരുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ട പ്രചാരണത്തില്‍ കെ.ടിക്ക് പ്രതീക്ഷിച്ച ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നിലവില്‍ എം.എല്‍.എ ആയ പി.കെ ബഷീര്‍ മണ്ഡലം മാറും എന്ന പ്രതീക്ഷയിലായിരുന്നു ഇടതു ക്യാമ്പ്. എന്നാല്‍ മുസ്ലിംലീഗ് ലീസ്റ്റ് വന്നതോടെ ബഷീര്‍ തന്നെയായി ഇക്കുറിയും സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ബഷീറിനെതിരെ ലീഗണികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുണ്ട്, പക്ഷെ ബഷീറിന്റെ പ്രഭാവംകൊണ്ട് പുറമെ പ്രകടിപ്പിക്കാന്‍ പേടിയാണെങ്കിലും എതിരാളി ശക്തനായൊരു സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ബാലറ്റ് പേപ്പറില്‍ ഈ വികാരം പ്രതിഷേധവോട്ടായി പ്രതിഫലിക്കുമെന്നാണ് ഇടതുക്യാമ്പിലെ പുതിയ വിലയിരുത്തല്‍. ജയസാധ്യതയില്ല എന്നുറപ്പുള്ളതുകൊണ്ടും അധികാരമോഹിയല്ലാത്ത ഒരു സാത്വികനായതുകൊണ്ടും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതില്‍ കെ.ടിക്ക് യാതൊരു പ്രയാസവും ഉണ്ടാവില്ലെന്നാണ് പുതിയ നീക്കത്തിനു ശ്രമിക്കുന്നവര്‍ കരുതുന്നത്. കെ.പി.എ മജീദിനെതിരെ തിരൂരങ്ങാടിയിലുണ്ടായ വികാരം മുതലെടുക്കാന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ഇടതുമുന്നണി തീരുമാനമെടുത്ത സ്ഥിതിക്ക് സമാനസാധ്യതയുള്ള ഏറനാട്ടിലും ഇതേ തന്ത്രം പ്രയോഗിക്കണമെന്ന് അണികളും ആഗ്രഹിക്കുന്നുണ്ട്. ലീഗിലെതന്നെ സമ്പന്നനായ ഒരു വിമതനേതാവ് മത്സരിക്കാന്‍ തയ്യാറായിവന്ന സാഹചര്യത്തില്‍ ഏറനാട്ടില്‍ പി.കെ.ബിയെ തറപറ്റിക്കാന്‍ പ്രാപ്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്.